വൈറ്റമിൻ ടോക്സിസിറ്റി
text_fieldsസൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എന്നാണ് വൈറ്റമിൻ ഡിയെക്കുറിച്ച് നമ്മൾ ചെറിയ ക്ലാസുകളിൽ പഠിച്ചിരിക്കുന്നത്. ‘സൺഷൈൻ വൈറ്റമിൻ’ എന്നും ഇതറിയപ്പെടുന്നു. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ സജ്ജമാക്കുന്നത് വൈറ്റമിൻ ഡി ആണ്. എന്നാൽ, പ്രതിരോധശേഷി കൂട്ടാൻ വൈറ്റമിൻ ഡി സപ്ലിമെന്റുകൾ അമിതമായി കഴിച്ചാൽ അത് വിപരീത ഫലമായിരിക്കുമുണ്ടാവുക.
ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അളവ് കൂടുന്നതിന് ‘വൈറ്റമിൻ ഡി ടോക്സിസിറ്റി’ എന്ന അവസ്ഥക്ക് കാരണമാകും. പ്രതിരോധശേഷി അമിതമാകുന്നതോടെ, പ്രതിരോധശേഷി കോശങ്ങൾ സ്വശരീരത്തെതന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർധിപ്പിക്കുകയും വൃക്കകൾ, ഹൃദയം, തലച്ചോറ് എന്നിവയുടെ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകും.
ദീർഘകാലം അമിതമായി സപ്ലിമെന്റുകൾ കഴിക്കുന്നത് ശരീരത്തിൽ വൈറ്റമിൻ ഡി അടിഞ്ഞുകൂടാൻ ഇടയാക്കും. ഇതുവഴി ഹൃദയം, രക്തക്കുഴലുകൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിൽ കാൽസ്യം അടിഞ്ഞുകൂടുകയും അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കൂടിയാൽ അത് വൃക്കയെയും ബാധിക്കും. അപ്പോൾ എന്താണ് ഇതിന് പരിഹാരം? ലളിതമാണ്. അനാവശ്യമായി സപ്ലിമെന്റുകൾ കഴിക്കാതിരിക്കുക എന്നതുതന്നെ. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വൈറ്റമിൻ സപ്ലിമെന്റുകൾ കഴിക്കാവൂ.


