ജിമ്മിൽ പോകുന്നതിന് മുമ്പ് ദിവസവും 45 മിനിറ്റ് നടക്കുന്നത് നല്ലതാണോ? ആർത്രോസ്കോപ്പി സ്പെഷ്യലിസ്റ്റ് പറയുന്നു
text_fieldsജിമ്മിൽ പോകുന്നതിന് മുമ്പ് ദിവസവും 45 മിനിറ്റ് നടക്കുന്നത് നല്ലതാണോ? ജിമ്മിലെ സ്ട്രെങ്ത് ട്രെയിനിങ് സെഷന് മുമ്പുള്ള മിതമായ നടത്തം വളരെ നല്ലതാണെന്ന് ആർത്രോസ്കോപ്പി സ്പെഷ്യലിസ്റ്റായ ഡോ. പാർത്ഥ് അഗർവാൾ പറയുന്നു. ചെറിയ രീതിയിലുള്ള വാം-അപ്പുകളായി ഈ നടത്തം പ്രവർത്തിക്കുന്നു. ജിമ്മിലെ കഠിനമായ വ്യായാമങ്ങൾക്ക് മുമ്പ് 45 മിനിറ്റ് മിതമായ വേഗത്തിലുള്ള നടത്തം പേശികളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും സന്ധികളെ വഴക്കമുള്ളതാക്കാനും ശരീരത്തെ സജ്ജമാക്കാനും സഹായിക്കുന്നു. ഇത് പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നു.
നടത്തം പോലുള്ള മിതമായ കാർഡിയോ വ്യായാമം, തീവ്രത കൂടിയ ഓട്ടം അല്ലെങ്കിൽ HIIT പോലുള്ള വ്യായാമങ്ങൾ പോലെ പേശികൾക്ക് ആവശ്യമായ ഗ്ലൈക്കോജൻ ഇല്ലാതാക്കുകയോ സ്ട്രെങ്ത് ട്രെയിനിങ്ങിന്റെ പ്രകടനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല. ശരിയായ രീതിയിൽ ചെയ്താൽ, ഇത് സ്റ്റാമിന വർധിപ്പിക്കുകയും മൊത്തത്തിലുള്ള വർക്കൗട്ടുകൾക്ക് ഗുണകരമാവുകയും ചെയ്യും. അമിതമായി ക്ഷീണിക്കാതിരിക്കാൻ മിതമായ വേഗതയിൽ നടക്കുന്നതാണ് നല്ലതെന്ന് ഡോ. പാർത്ഥ് അഗർവാൾ പറയുന്നു. കൂടുതൽ വേഗത്തിലുള്ള നടത്തമോ അല്ലെങ്കിൽ 45 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന നടത്തമോ സ്ട്രെങ്ത് ട്രെയിനിങ് സമയത്ത് ക്ഷീണത്തിനും ശക്തിക്കുറവിനും കാരണമാവാം. 30–45 മിനിറ്റ് എന്നത് മിക്ക ആളുകൾക്കും ഏറ്റവും മികച്ച രീതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ജിമ്മിലെ കായിക പരിശീലനത്തിന് മുമ്പുള്ള നടത്തത്തിന്‍റെ തീവ്രതയും ദൈർഘ്യവും ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ഈ നടത്തം ശരീരത്തിന് അയവ് നൽകുകയും, പോസ്ചർ മെച്ചപ്പെടുത്തുകയും കോർ മസിലുകളെ സജ്ജമാക്കുകയും ചെയ്യുന്നു. കൂടാതെ ഇത് മനസ്സിനെ വർക്കൗട്ടിനായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന്‍റെ പ്രതികരണങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 45 മിനിറ്റ് ദൈർഘ്യമുള്ള നടത്തം പ്രത്യേകിച്ച് വേഗത കൂടുകയാണെങ്കിൽ പേശികളിലെ ഗ്ലൈക്കോജൻ ശേഖരം കുറക്കും. ഇത് ജിമ്മിലെ ഭാരം ഉയർത്തൽ അല്ലെങ്കിൽ തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്യുമ്പോൾ ശക്തിയും പ്രകടനവും കുറക്കാൻ കാരണമാകും. അമിതമായി ക്ഷീണമോ വേദനയോ തോന്നുന്നുവെങ്കിൽ നടത്തം വെട്ടിച്ചുരുക്കുകയോ അല്ലെങ്കിൽ സ്ട്രെങ്ത് ട്രെയിനിങ്ങിന് മുമ്പുള്ള നടത്തം ഒഴിവാക്കുകയോ ചെയ്യണം. സന്ധികൾക്ക് സംരക്ഷണം നൽകുന്ന ഷൂസ് ധരിക്കുന്നതും പ്രധാനമാണ്.


