വയറ് വീർക്കുന്നുണ്ടോ... പരിഹാരമുണ്ട്
text_fieldsമിക്കവരെയും അലട്ടുന്ന സാധാരണ പ്രശ്നമാണ് വയറുവീർക്കൽ. ഈ അവസ്ഥ അസ്വസ്ഥതക്കും വയറ് നിറഞ്ഞതായി തോന്നാനും വിശപ്പില്ലായ്മക്കും കാരണമാകുന്നു. ദഹനനാളത്തിൽ വായു കയറുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. പലപ്പോഴും ദഹനപ്രശ്നങ്ങളെയും ഇത് സൂചിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്നും അതിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്നും മനസ്സിലാക്കാം.
1. തെരഞ്ഞെടുക്കാം ഭക്ഷണങ്ങൾ
ചില ഭക്ഷണപദാർഥങ്ങൾ വായു ഉൽപാദിപ്പിക്കുന്നവയാണ്. ഇത് വയറ് വീർക്കുന്നതിന് കാരണമാകുന്നു. ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, പുളിപ്പിച്ച കാർബോഹൈേഡ്രറ്റ് അടങ്ങിയ പദാർഥങ്ങൾ, ഷുഗർ ഫ്രീ ഫുഡ് എന്നിവ കഴിക്കുന്നത് വയറ് വീർക്കുന്നതിന് കാരണമാകുന്നു.
2. വായു വിഴുങ്ങൽ
നിങ്ങൾ വിശ്വസിച്ചാവും ഇല്ലെങ്കിലും, നിങ്ങൾ സംസാരിക്കുമ്പോഴും വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോഴും പുകവലിക്കുമ്പോഴും ച്യുയിംഗം ചവക്കുമ്പോഴും അറിയാതെ വായു വിഴുങ്ങിപ്പോകുന്നുണ്ട്. ഇത് ഗ്യാസ് ഉള്ളിലെത്താൻ കാരണമാകുന്നു.
3. ദഹനസംബന്ധമായ പ്രശ്നങ്ങൾ
ചെറുകുടലിലെ ബാക്ടീരിയകളുടെ അമിതമായ വളർച്ച (എസ്.ഐ.ബി.ഒ), ഇറിറ്റബിൾ ബവൽ സിൻഡ്രം (ഐ.ബി.എസ്) എന്നീ ദഹനപ്രശ്നങ്ങൾ വയറ് വീർക്കലിന് കാരണമാകുന്നു.
4. ഹോർമോണിലെ മാറ്റം
സ്ത്രീകളിൽ പൊതുവെ ആർത്തവ സമയങ്ങളിൽ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും വയറ് വീർക്കുന്നതിനും കാരണമാകുന്നു.
5. മലബന്ധം
വൻകുടലിൽ മലം പതുക്കെ ചലിക്കുന്നത് വയറ് നിറഞ്ഞതായി തോന്നാനും വിശപ്പില്ലായ്മക്കും വയറ് വീർക്കുന്നതിനും കാരണമാകുന്നു.
പരിഹാരമാർഗങ്ങൾ
1.ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്താം
ഗ്യാസ് ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷണപദാർഥങ്ങൾ കഴിവതും ഒഴിവാക്കുക. ആഹാരത്തിന്‍റെ അളവും കുറക്കാം. മൂന്ന് നേരം വയറുനിറയെ ആഹാരം കഴിക്കുന്നതിന് പകരം മിതമായ അളവിൽ പലനേരം കഴിക്കുന്നതാണ് നല്ലത്. തൈര് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്.
2. ധാരാളം വെള്ളം കുടിക്കാം
വെള്ളം കുടിക്കുന്നതിലൂടെ ജലാംശം നിലനിർത്താനും നിർജലീകരണം സംഭവിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
3. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താം
പതിവായി യോഗ, നടത്തം പോലുള്ള വ്യായാമങ്ങൾ പരിശീലിക്കാം. ശരീരം അനങ്ങുമ്പോൾ വയറിലെ പേശികൾ ചുരുങ്ങുന്നു. വയറ് വീർക്കുന്നതിൽ നിന്നും ശമനം ഉണ്ടാക്കാൻ ഇത് സഹായിക്കും.
4. ആന്‍റിബ്ലോട്ടിങ് ആഹാരങ്ങൾ ശീലിക്കാം
ആന്‍റിബ്ലോട്ടിങ് ആഹാരങ്ങളും പാനീയങ്ങളും കഴിക്കുന്നത് നല്ലതാണ്. പെപ്പർ മിന്‍റ് ടീ, ജിഞ്ചർ, പൈനാപ്പിൾ, പപ്പായ, യോഗർട്ട് എന്നിവയിൽ ധാരാളം പ്രൊബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നത് വയറ് വീർക്കലിൽ നിന്ന് ആശ്വാസം ലഭിക്കും.
ഓർക്കുക, വയറ് വീർക്കുന്നത് തുടരുകയോ മറ്റ് ലക്ഷണങ്ങളോടൊപ്പം വരികയും ചെയ്താൽ ശരിയായ രോഗനിർണയത്തിനും ചികിത്സക്കും ആരോഗ്യവിദഗ്ദനെ സമീപിക്കണം.


