30 കഴിഞ്ഞ സ്ത്രീകൾ ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്‍?
text_fields30 വയസിന് ശേഷം ഒരു സ്ത്രീയുടെ ശരീരം പല സുപ്രധാനമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. ഈ മാറ്റങ്ങൾ പ്രധാനമായും ഹോർമോൺ വ്യതിയാനങ്ങൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, മെറ്റബോളിസത്തിലെ കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 30 വയസ്സ് മുതൽ അസ്ഥികളുടെ സാന്ദ്രത കുറയാൻ തുടങ്ങും. ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതാണ് ഇതിന് ഒരു പ്രധാന കാരണം. കാത്സ്യത്തിന്റെയും വിറ്റാമിൻ ഡിയുടെയും കുറവ് ഈ അവസ്ഥയെ കൂടുതൽ വഷളാക്കാം. പ്രായം കൂടുന്തോറും പേശികളുടെ ശക്തിയും കുറയാൻ തുടങ്ങുന്നു. ഇത് പൊതുവായ ബലഹീനതക്കും ക്ഷീണത്തിനും കാരണമാവാം.
30 വയസ് കഴിഞ്ഞ സ്ത്രീകൾ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കും. അതിന് പല കാരണങ്ങളുണ്ട്. പ്രത്യുൽപാദന പ്രായത്തിലുള്ള (19നും 49നും ഇടയിൽ) സ്ത്രീകൾക്ക് ആർത്തവം കാരണം സ്ഥിരമായി രക്തം നഷ്ടപ്പെടുന്നു. ഇത് ഇരുമ്പിന്റെ കുറവിനും വിളർച്ചക്ക് കാരണമാകും. ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ, രക്തത്തിലെ ഹീമോഗ്ലോബിൻ ഉത്പാദനം കുറയുന്നു. ഇത് ക്ഷീണം, തലകറക്കം, ശ്രദ്ധക്കുറവ് തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ഹെവി ബ്ലീഡിങ് ഉള്ള സ്ത്രീകൾക്ക് ഇരുമ്പിന്റെ ആവശ്യം വളരെ കൂടുതലാണ്. ഇരുമ്പിന്റെ കുറവ് കോശങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. 30 വയസ്സിന് ശേഷം പലപ്പോഴും ഇതിന്‍റെ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുകയും ചെയ്യാം.
മുടി വളരുന്ന കോശങ്ങൾക്ക് ഓക്സിജൻ ആവശ്യമാണ്. ഇരുമ്പിന്റെ കുറവ് കാരണം ഓക്സിജന്‍റെ അളവ് കുറയുമ്പോൾ മുടിയുടെ ഫോളിക്കിളുകളുടെ വളർച്ചയെ അത് ബാധിക്കുകയും, മുടി കനം കുറയുന്നതിനും അമിതമായി കൊഴിയുന്നതിനും കാരണമാവുകയും ചെയ്യും. ഇരുമ്പിന്റെ കുറവ് നഖങ്ങളെ ദുർബലമാക്കുന്നു. ഇത് നഖങ്ങൾ എളുപ്പത്തിൽ പൊട്ടുക, പൊളിഞ്ഞുപോവുക, ചിലപ്പോൾ കോയിലോണിച്ചിയ (നഖങ്ങൾ സ്പൂൺ പോലെ കുഴിഞ്ഞിരിക്കുന്നത്) പോലുള്ള അവസ്ഥകൾക്ക് കാരണമാവുകയോ ചെയ്യാം. ചർമകോശങ്ങളിലേക്ക് മതിയായ ഓക്സിജൻ എത്താതെ വരുമ്പോൾ ചർമത്തിന് ഇളം മഞ്ഞനിറമോ വിളറിയതോ മങ്ങിയതോ ആയ ഒരു രൂപം ലഭിക്കുന്നു. വിളർച്ചയുടെ ഒരു പ്രധാന ലക്ഷണമാണിത്.
30 വയസ്സിന് ശേഷം മെറ്റബോളിസം കുറയുകയും, പോഷകങ്ങളുടെ ആഗിരണം മന്ദഗതിയിലാവുകയും ചെയ്യുന്നതിനാൽ, മുടി, ചർമം, നഖം എന്നിവയുടെ ആരോഗ്യം നിലനിർത്താൻ സ്ത്രീകൾ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. ശരീരകോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിൽ ഇരുമ്പിന് പ്രധാന പങ്കുണ്ട്. മതിയായ ഇരുമ്പിന്റെ അളവ് ശാരീരികവും മാനസികവുമായ ഊർജ്ജസ്വലത നിലനിർത്താൻ സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് ക്ഷീണവും തളർച്ചയും ഉണ്ടാക്കുന്നു. ഇത് 30കളിൽ തിരക്കിട്ട ജോലികളിലും കുടുംബകാര്യങ്ങളിലും ഏർപ്പെടുന്ന സ്ത്രീകളുടെ ദൈനംദിന കാര്യങ്ങളെ ബാധിക്കാം. ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകൾക്ക് ഇരുമ്പിന്റെ അളവ് പ്രധാനമാണ്. ഗർഭകാലത്ത് അമ്മയുടെയും വളരുന്ന കുഞ്ഞിന്റെയും ആരോഗ്യത്തിനും ഇരുമ്പ് ആവശ്യമാണ്.
രോഗപ്രതിരോധ ശേഷിയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിൽ ഇരുമ്പിന് നിർണായകമായ പങ്കുണ്ട്. ചില രോഗപ്രതിരോധ പ്രതികരണങ്ങൾക്ക് ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്റെ കുറവ് ഈ കോശങ്ങൾ ദുർബലമാവുകയും അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. 30കളിലെ വർധിച്ച ജോലിയും സമ്മർദ്ദവും കാരണം പ്രതിരോധശേഷി കുറയാനിടയുണ്ട്. മതിയായ ഇരുമ്പിന്റെ അളവ് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. തലച്ചോറിലെ കോശങ്ങൾക്ക് ധാരാളം ഓക്സിജൻ ആവശ്യമാണ്. ഇരുമ്പ് ഓക്സിജൻ വഹിക്കാൻ സഹായിക്കുന്നതിനാൽ ഇതിന്റെ കുറവ് തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ കുറക്കുകയും, ഇത് 'ബ്രെയിൻ ഫോഗ്' (ചിന്താക്കുഴപ്പം), ശ്രദ്ധക്കുറവ്, ഓർമക്കുറവ് എന്നിവക്ക് കാരണമാവുകയും ചെയ്യാം. ഇരുമ്പിന്റെ കുറവ് ചില സ്ത്രീകളിൽ ക്ഷീണത്തോടൊപ്പം വിഷാദരോഗം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് മുപ്പതുകൾക്ക് ശേഷമുള്ള തിരക്കിട്ട ജീവിതത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ഇരുമ്പിന്റെ കൃത്യമായ അളവ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.


