25 ൽ 40 വയസുള്ളവർ അനുഭവിക്കുന്ന മുട്ടുവേദനയും നടുവേദനയുമാണോ? കാരണമിതാണ്
text_fieldsനിങ്ങൾ 25കളിലാണോ? ഈ പ്രായത്തിൽ കാൽമുട്ടുകളിലും പുറംഭാഗത്തും വേദന അനുഭവപ്പെടുന്നുണ്ടോ? സന്ധികളിൽ ഉണ്ടാകുന്ന സമ്മർദം ആവാം ഇതിന് കാരണം. പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. ജീവിതശൈലി പ്രധാന ഘടകമാണ്. കൂടുതൽ സമയം ഒരേ ഇരിപ്പിൽ ചെലവഴിക്കുന്നത് പേശികളെ ദുർബലമാക്കുകയും സന്ധികളിൽ പ്രത്യേകിച്ച് കാൽമുട്ടുകളിലും പുറത്തും സമ്മർദം വർധിപ്പിക്കുകയും ചെയ്യുന്നു. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗിക്കുമ്പോൾ മുന്നോട്ട് കുനിഞ്ഞിരിക്കുന്നത് പുറത്തെയും കഴുത്തിലെയും പേശികളിൽ നിരന്തരമായ പിരിമുറുക്കം ഉണ്ടാക്കുന്നു. ഇത് പുറംവേദനക്ക് കാരണമാകും. ടെക് നെക്ക്, സ്‌ക്രീൻ സ്ലോച്ച് എന്നിവയും സംഭവിക്കാമെന്ന് റോബോട്ടിക് നീ ആൻഡ് മിനിമലി ഇൻവേസീവ് ഹിപ് റീപ്ലേസ്‌മെന്റിന്റെ ഡയറക്ടറും മേധാവിയുമായ ഡോ. പങ്കജ് വലേച്ച പറയുന്നു.
ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ കാരണം യുവാക്കൾക്കിടയിൽ പൊണ്ണത്തടി നിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് ഡോ. വലേച്ച പറയുന്നു. ശരീരഭാരത്തിലെ ചെറിയ വർധനവ് പോലും കാൽമുട്ടുകളിലും നട്ടെല്ലിലും അധിക സമ്മർദം ചെലുത്തും. ക്രമരഹിതമായ ഉറക്കം, സമ്മർദ്ദം, വ്യായാമക്കുറവ് എന്നിവയും കൂടിച്ചേരുമ്പോൾ ദീർഘകാല വേദനക്കും ക്ഷീണത്തിനും ഇത് കാരണമാകുന്നു. ഇത് സന്ധികൾ വേഗത്തിൽ ക്ഷയിക്കാൻ കാരണമാകും. സമ്മർദമുണ്ടാകുമ്പോൾ ശരീരം സ്വയരക്ഷാ മോഡിലേക്ക് മാറുകയും പേശികൾ വലിഞ്ഞുമുറുകുകയും ചെയ്യുന്നു. കഴുത്ത്, തോളുകൾ, പുറംഭാഗം എന്നിവിടങ്ങളിലെ പേശികൾ ദീർഘനേരം വലിഞ്ഞുമുറുകുന്നത് ടെൻഷൻ തലവേദന, കഴുത്ത് വേദന, പുറം വേദന എന്നിവക്ക് കാരണമാകും.
മതിയായ മാർഗനിർദേശമില്ലാതെ ചെയ്യുന്ന കഠിനമായ വ്യായാമങ്ങൾ, പെട്ടെന്നുള്ള ഉയർന്ന തീവ്രതയിലുള്ള പരിശീലനം, അല്ലെങ്കിൽ തെറ്റായ ടെക്നിക്കുകൾ എന്നിവ സന്ധികൾക്കും പേശികൾക്കും പരിക്കേൽപ്പിക്കുകയും വാർധക്യം വേഗത്തിലാക്കുകയും ചെയ്യാം. സന്ധികൾക്കിടയിലുള്ള തരുണാസ്ഥി ക്ഷയിക്കുമ്പോൾ എല്ലുകൾ തമ്മിൽ ഉരസുകയും സന്ധിക്ക് വേഗത്തിൽ വാർധക്യം സംഭവിക്കുകയും വേദനയുണ്ടാക്കുകയും ചെയ്യും. ചെറുപ്പത്തിൽ കാൽമുട്ടിലോ പുറത്തോ ഉണ്ടായ പരിക്കുകൾ പിന്നീട് സന്ധികളിൽ പെട്ടെന്ന് വേദനയോ തേയ്മാനമോ ഉണ്ടാകാൻ കാരണമാവാം. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അവസ്ഥയിലേക്ക് നയിച്ചേക്കാം.
ചർമത്തിനും സന്ധികൾക്കും ബലം നൽകുന്ന കോളജൻ ഉത്പാദനം 25 വയസ്സിനുശേഷം കുറഞ്ഞ് തുടങ്ങും. ഇത് സന്ധികളിലെ വഴക്കം കുറക്കും. കാൽമുട്ടിന്റെയും പുറംഭാഗത്തെയും ചർമത്തിൽ ചുളിവുകളോ അയവുകളോ ഉണ്ടെങ്കിൽ അതിന് കാരണം ചർമത്തിന്‍റെ അകാല വാർധക്യമാണ്. ഇത് വേഗത്തിലാക്കുന്നതിൽ സൂര്യരശ്മികൾ പ്രധാന പങ്കുവഹിക്കുന്നു. പുകവലി ചർമ്മത്തിന്റെ ഇലാസ്തികത നശിപ്പിക്കുകയും ചുളിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ദീർഘകാല സമ്മർദം കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഇത് കോളജനെ നശിപ്പിക്കാനും ചർമത്തിന്റെ ആരോഗ്യം കുറക്കാനും കാരണമാകും.
പരിഹാര മാർഗങ്ങൾ
വേദനയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ ഒരു ഓർത്തോപീഡിക് ഡോക്ടറെ അല്ലെങ്കിൽ ഫിസിഷ്യനെ കാണുക. ഇത് സന്ധിവാതം, ഡിസ്ക് പ്രശ്നങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും രോഗാവസ്ഥയാണോ എന്ന് തിരിച്ചറിയണം. തെറ്റായ ശരീരനില (Posture) തിരുത്താനും കാൽമുട്ടുകളെയും പുറംഭാഗത്തെയും പിന്തുണക്കുന്ന പേശികളെ ബലപ്പെടുത്താനും ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായം തേടുന്നതാണ് നല്ലത്. പതിവായി ധ്യാനിക്കുന്നത് സമ്മർദ ഹോർമോണുകൾ കുറക്കാനും പേശീവലിവ് ഒഴിവാക്കാനും വേദന സംവേദനം കുറക്കാനും സഹായിക്കും.
ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തണം. കമ്പ്യൂട്ടറിന് മുന്നിൽ നേരെ ഇരിക്കുക. പുറംഭാഗത്തിന് താങ്ങായി ഒരു തലയിണ ഉപയോഗിക്കുക. കഴുത്ത് കുനിക്കാതെ ഫോൺ കണ്ണ് ലെവലിൽ പിടിച്ച് ഉപയോഗിക്കുക. വയറിലെയും പുറത്തെയും, തുടകളിലെയും പേശികൾക്ക് ബലം നൽകുന്ന വ്യായാമങ്ങൾ ചെയ്യുക. യോഗ, സ്ട്രെച്ചിങ് എന്നിവ ചെയ്യുന്നത് പേശിവലിവ് കുറക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് കാൽമുട്ടുകളിലെയും നട്ടെല്ലിലെയും സമ്മർദ്ദം കുറക്കും. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. ഉറങ്ങുമ്പോൾ കാൽമുട്ടുകൾക്കിടയിൽ തലയിണ വെക്കുന്നത് വേദന കുറക്കാൻ സഹായിക്കും.


