കോട്ടുവായിട്ടാൽ വായ അടയാതെ പോവുമോ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
text_fieldsകഴിഞ്ഞ ദിവസം പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള വാർത്തയും ദൃശ്യവും കണ്ട് ചിലരെങ്കിലും അമ്പരന്നു കാണും. ഒരു യുവാവ് കോട്ടുവായിട്ട ശേഷം വായ അടഞ്ഞില്ല. ഒടുവിൽ റെയിൽവെ ഡിവിഷനിലെ മെഡിക്കൽ ഓഫിസർ എത്തിയാണ് വായ പൂർവസ്ഥിതിയിലാക്കിയത്. കോട്ടുവായിട്ടാൽ വായ തുറന്നു തന്നെ പോവുന്ന അവസ്ഥയുണ്ടാവുമോ? എന്താണ് അതിന്റെ കാരണം?
മനുഷ്യ ശരീരത്തിലെ ഒരു അനൈച്ഛിക ചേഷ്ടയാണ് കോട്ടുവായ്. ഇതുസംഭവിക്കുമ്പോൾ താടിയെല്ലിന്റെ സന്ധി തുറക്കുകയും പിന്നെ സ്വാഭാവികമായി അടയുകയും ചെയ്യും. ‘ബാൾ ആന്റ് സോക്കറ്റ്’ ജോയന്റ് ആണ് താടിയെല്ലിന്റേത്. എന്നാൽ, ഈ ജോയന്റ് ചിലർക്ക് ലോക്കായിപ്പോവും. അതിനെ ‘ടെമ്പോറോമാൻഡിബുലാർ ജോയന്റ് ഡീ ലൊക്കേഷൻ’ (ടി.എം.ജെ) എന്ന് പറയും.
ഈ അവസ്ഥയെ ‘ജോയന്റ് ലോക്ക്’ എന്നും ‘ഓപൺ ലോക്ക്’ എന്നും പറയും. ഇത്തരത്തിലുള്ള സ്ഥാനഭ്രംശം മുഖാസ്ഥികൂടത്തിന്റെ അസാധാരണവും അതിനെ ദുർബലപ്പെടുത്തുന്നതുമായ ഒരു അവസ്ഥയാണ്. ക്ലിനിക്കൽ പ്രാക്ടീസിൽ ഇത് സാധാരണമാണ്. എന്നാൽ, ആവർത്തിച്ചുള്ള സ്ഥാനഭ്രംശം സ്വയം കൈകാര്യം ചെയ്യൽ വെല്ലുവിളി നിറഞ്ഞതാണ്. ടി.എം.ജെക്കുള്ള ഫലപ്രദമായ വിവിധ ചികിൽസാ രീതികൾ ഇന്നുണ്ട്.
ഇങ്ങനെ സംഭവിക്കാനുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണ്?
അമിതമായി വായ തുറക്കുക: കോട്ടുവായ ഇടുക, വലുതായി ചരിക്കുക തുടങ്ങി വായ അമിതമായി വികസിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ സംഭവിക്കാം.
ലിഗ്മമെന്റുകൾ അയയുക: താടിയെല്ലിനോട് അനുബന്ധമായ ലിഗ്മെന്റുകൾ അയഞ്ഞാൽ ഇത് സംഭവിക്കാം. നേരത്തെ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കുക.
പേശീ സമ്മർദം: താടിയെല്ലിന്റെ മസിലുകൾക്കുമേൽ വരുന്ന സമ്മർദം ജോയന്റ് ലോക്കിന് കാരണമാവും.
സംഭവിച്ചാൽ ഉടനടി ചെയ്യേണ്ടത്
ഭയപ്പെടാതിരിക്കുക: സാഹചര്യത്തെ ശാന്തമായി അഭിമുഖീരിക്കുക
ഉടൻ വൈദ്യസഹായം തേടുക: ഡോക്ടറുടെയയോ ദന്തരോഗ വിദഗ്ധന്റെയോ സഹായം തേടുക.
ശക്തമായി വായ അടക്കാൻ സ്വയം ശ്രമിക്കാതിരിക്കുക: ഇങ്ങനെ ചെയ്താൽ കൂടുതൽ കുഴപ്പം സംഭവിച്ചേക്കും.
മുൻ കരുതൽ എടുക്കാം
മുഖാസ്ഥിയുടെ ജോയന്റിൽ വേദനയോ ടക്, ടക് ശബ്ദമോ വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അങ്ങനെയുള്ളവർ പാടുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അമിതമായി വായ തുറക്കാതിരിക്കാൻ ശ്രമിക്കുക. കട്ടിയുള്ളവ കടിച്ചുപൊട്ടിച്ചു കഴിക്കുമ്പോൾ ശ്രദ്ധിക്കുക. കോട്ടു വായിടുമ്പോൾ താടിയെല്ലിന് ചെറിയ സപ്പോർട്ട് കൊടുക്കുക. പേശീ സമ്മർദം കുറക്കുക. മൃദുവായുള്ള മസാജിങ് മസിൽ റിലാക്സേഷനു സഹായിക്കും. ചെറുചൂടുള്ള പാഡോ തുണിയോ താടിയെല്ലിന്റെ സന്ധിയിൽ വെച്ചാലും പേശീ സമ്മർദം കുറയും.


