Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightപേവിഷ ബാധയേറ്റാൽ...

പേവിഷ ബാധയേറ്റാൽ നായ്ക്കളെപ്പോലെ കുരക്കുമോ? വൈറൽ വിഡിയോക്ക് മറുപടിയുമായി ഡോക്ടർ

text_fields
bookmark_border
പേവിഷ ബാധയേറ്റാൽ നായ്ക്കളെപ്പോലെ കുരക്കുമോ? വൈറൽ വിഡിയോക്ക് മറുപടിയുമായി ഡോക്ടർ
cancel

ലഖ്നോ: ഉത്തർപ്രദേശിലെ മിർസാപൂരിൽനിന്നുള്ള ഒരു കൗമാരക്കാരൻ നായയുടെ കടിയേറ്റ് നാല് മാസങ്ങൾക്ക് ശേഷം ‘നായയെപ്പോലെ കുരക്കുന്നു’ എന്നുപറഞ്ഞുകൊണ്ട് ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധിപേർ ഈ വിഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. റാബിസിന്റെ ലക്ഷണങ്ങളെക്കുറിച്ചും ഈ കുട്ടിക്ക് ഉണ്ടായ രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഈ വിഡിയോ ഉയർത്തിയത്. ഈ വിഡിയോ പിന്നീട് ​സാമൂഹിക മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഈ വിഡിയോക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എയിംസ് ന്യൂഡൽഹിയിൽനിന്ന് പരിശീലനം നേടിയ ന്യൂറോളജിസ്റ്റ് ഡോ. രാഹുൽ ചൗള. രോഗബാധിതനായ ഒരു നായ കടിച്ചതിനുശേഷം ഒരാൾക്ക് റാബിസ് ബാധിച്ചാലും അവർ കുരക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഡോക്ടർ.

‘റാബിസ് തലച്ചോറിനെ ബാധിക്കുകയും തൊണ്ടയിലെ പേശികളിൽ കടുത്ത സങ്കോചം ഉണ്ടാക്കുകയും ചെയ്യും. ഇതിന്റെ ഫലമായി, രോഗബാധിതനായ ഒരാൾക്ക് വെള്ളം പോലും കുടിക്കുന്നത് വളരെ വേദനാജനകമായിത്തോന്നും. ഇത് അണുബാധയുടെ പ്രധാന ലക്ഷണമാണ്. സാധാരണയായി ഹൈഡ്രോഫോബിയ എന്ന് ഇതറിയപ്പെടുന്നു. ചിലപ്പോൾ തൊണ്ടയിലെയോ ശ്വാസനാളത്തിലെയോ സങ്കോചങ്ങൾ അസാധാരണമായ ശബ്ദങ്ങൾ ഉണ്ടാക്കും. എന്നാൽ ആ ശബ്ദങ്ങൾ നായയുടെ കുരയിൽനിന്ന് വ്യത്യസ്തമാണ്’ -ന്യൂറോളജിസ്റ്റ് വിശദീകരിക്കുന്നു. പ്രചരിക്കുന്ന വീഡിയോയിലെ കുട്ടിയുടെ പെരുമാറ്റത്തിൽനിന്ന് ആ കുട്ടിക്ക് റാബിസ് ബാധ ആയിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടർ വിഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ഈ ലക്ഷണങ്ങൾ ഒരു ന്യൂറോളജിക്കൽ ഡിസോർഡർ ആവാമെന്നാണ് ഡോക്ടറുടെ അഭിപ്രായം. ഈ സമയത്തുതന്നെ ഒരുപക്ഷേ നായയുടെ കടിയും ഏറ്റിരിക്കാം. ഇത്തരം വിഡിയോകൾ പങ്കുവെക്കുന്നതിനുമുമ്പ് ജാഗ്രത പുലർത്തണമെന്നും ഡോക്ടർ നിർദേശം നൽകുന്നുണ്ട്.

വൈറൽ വീഡിയോയിലുള്ള ആൺകുട്ടി മിർസാപൂരിൽ നിന്നുള്ള 17 വയസുകാരനാണ്. ‘നായ കടിച്ചതിന് നാല് മാസത്തിന് ശേഷം അവൻ കുരക്കാൻ തുടങ്ങി’ എന്നാണ് വിഡിയോയിൽ പറയുന്നത്. ആരോ തങ്ങളുടെ മകന്റെ മേൽ മന്ത്രവാദം നടത്തിയെന്ന് പറഞ്ഞ് കുട്ടിയുടെ മാതാപിതാക്കൾ ആദ്യം അവനെ ഒരു പുരോഹിതന്റെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കുടുംബത്തോട് നിർദേശിച്ചത്. റാബിസ് ഉണ്ടെന്ന് സംശയിച്ച് ഡോക്ടർ കുട്ടിയെ വാരണാസിയിലേക്ക് റഫർ ചെയ്തിരുന്നു. കൗമാരക്കാരന് ആന്റി റാബിസ് കുത്തിപ്പുകളും നൽകിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കോഴ്‌സ് പൂർത്തിയാക്കാനുള്ള മൂന്നാമത്തെ കുത്തിവെപ്പ് കുട്ടിക്ക് നൽകിയില്ലെന്നും ഇതുമൂലം അണുബാധയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

Show Full Article
TAGS:Rabies Dog Mirzapur Neurologist 
News Summary - Can rabies make humans bark like dogs Neurologist reacts to video of Mirzapur boy
Next Story