കുഴഞ്ഞുവീണുള്ള മരണം; കാരണങ്ങളും പ്രതിരോധ മാർഗങ്ങളും
text_fieldsഗൾഫ് രാജ്യങ്ങളിൽ പ്രായഭേദമന്യേ വർധിച്ചുവരുന്ന കുഴഞ്ഞുവീണുള്ള മരണം പ്രവാസിസമൂഹത്തിൽ വലിയ സാമൂഹിക-ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. മുന്നറിയിപ്പില്ലാതെ സംഭവിക്കുന്ന ഈ ദുരന്തം, സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ഒരുപാടുപേരുടെ പ്രവാസജീവിതം അവസാനിപ്പിക്കുന്നു. ആരോഗ്യരംഗത്ത് വലിയ പുരോഗതി നേടിയിട്ടും യുവാക്കളിൽ പോലും ഹൃദയാഘാതം ഉണ്ടാകുന്നത് എന്തുകൊണ്ട്? എങ്ങനെ ഈ ദുരന്തങ്ങൾ തടയാം? സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്.
പ്രധാന കാരണങ്ങൾ: ജീവിതശൈലിയും രോഗങ്ങളും
ഗൾഫിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിൽ പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളും സമ്മർദങ്ങളുമാണ്. ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ പ്രവാസിസമൂഹത്തിൽ വ്യാപകമാണ്. ഇവയൊക്കെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഫാസ്റ്റ് ഫുഡ് സംസ്കാരവും തിരക്കിനിടയിൽ ഉയർന്ന കലോറിയുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുന്നതും അമിതഭാരത്തിനും കാരണമാകുന്നു. വ്യായാമമില്ലാത്ത ജീവിതം, മതിയായ ഉറക്കക്കുറവ്, ഒപ്പം പുകവലി, മദ്യം പോലുള്ള ലഹരി ഉപയോഗവും രോഗസാധ്യത വളരെയധികം വർധിപ്പിക്കുന്നു. പ്രവാസി തൊഴിലാളികൾ നേരിടുന്ന മാനസിക പിരിമുറുക്കം, ജോലിയിലെ പ്രശ്നങ്ങൾ, കുടുംബപരമായ അകൽച്ച എന്നിവയും ഹൃദയത്തിന് സമ്മർദമുണ്ടാക്കുന്ന പ്രധാന കാരണങ്ങളാണ്.
ജോലി സാഹചര്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ
പ്രവാസികളുടെ തൊഴിൽ സാഹചര്യങ്ങൾ അപകടസാധ്യത കൂട്ടുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഗൾഫിലെ കഠിനമായ ചൂടിൽ പുറത്ത് ജോലി ചെയ്യുന്നവർക്ക് ഹീറ്റ് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലെ താപനില അസാധാരണമായി ഉയരുന്നത് ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. തുറസ്സായ സ്ഥലങ്ങളിലെ ജോലി, മതിയായ വിശ്രമമില്ലായ്മ, കൃത്യസമയത്ത് വെള്ളം കുടിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുന്നു. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളുള്ള പലരും കൃത്യമായ മെഡിക്കൽ പരിശോധനകൾ നടത്താതെ വർഷങ്ങളോളം രോഗാവസ്ഥ അറിയാതെ പോകുന്നത് സ്ഥിതി വഷളാക്കുന്നു.
എങ്ങനെ തടയാം? വ്യക്തിഗത പ്രതിരോധവും സാമൂഹിക പങ്കാളിത്തവും
പെട്ടെന്നുള്ള മരണങ്ങൾ പൂർണമായി തടയാനാകില്ലെങ്കിലും, ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ആരോഗ്യപരിപാലനത്തിലൂടെയും അപകടസാധ്യത കുറക്കാം.
ആരോഗ്യകരമായ ജീവിതശൈലി
രക്തസമ്മർദം, കൊളസ്ട്രോൾ, ബ്ലഡ് ഷുഗർ എന്നിവ സ്ഥിരമായി പരിശോധിച്ച് നിയന്ത്രിക്കുക. പാരമ്പര്യമായി രോഗസാധ്യത ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണം.
എണ്ണയും കൊഴുപ്പും കൂടുതലുള്ള ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കുക. പഴങ്ങൾ, പച്ചക്കറികൾ, നാരടങ്ങിയ ധാന്യങ്ങൾ, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുക.
ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക. ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കി ഇടക്കിടെ എഴുന്നേറ്റ് നടക്കുക.
പുകവലിയും മദ്യപാനവും പൂർണമായി ഒഴിവാക്കുക.
മാനസിക സമ്മർദ നിയന്ത്രണം
ജോലിയിലെ സമ്മർദം ലഘൂകരിക്കാൻ മെഡിറ്റേഷൻ, യോഗ, സംഗീതം എന്നിവ ശീലമാക്കുക.
നല്ല സുഹൃദ് ബന്ധങ്ങൾ നിലനിർത്തുകയും കൂട്ടായ്മകളിലും സാമൂഹികപ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകാൻ ശ്രമിക്കുകയും ചെയ്യുക.
ദിവസവും മതിയായ ഉറക്കം (ഏകദേശം 7-8 മണിക്കൂർ) ഉറപ്പാക്കുക.
പുറത്ത് ജോലി ചെയ്യുന്നവർ ആവശ്യത്തിന് വെള്ളം കുടിക്കുകയും ഉച്ചസമയത്ത് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് പരമാവധി കുറക്കുകയും വേണം.
സമൂഹത്തിന് എന്തുചെയ്യാം
പ്രവാസി സംഘടനകൾക്ക് ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കാം.
സി.പി.ആർ പോലുള്ള പ്രാഥമിക ജീവൻരക്ഷാ പരിശീലനം സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കണം. ഇപ്പോൾ സംഘടനകൾ ധാരാളം സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. അതൊക്കെ ഉപയോഗപ്പെടുത്തുക.
ആറ് മാസത്തിലൊരിക്കൽ ബ്ലഡ് ടെസ്റ്റ് നടത്തി അസുഖം ഒന്നും ഇല്ല എന്ന് ഉറപ്പാക്കുക. എന്തെങ്കിലും വേരിയേഷൻ കണ്ടാൽ മെഡിക്കൽ പരിശോധനക്ക് വിധേയനാവുക.
ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻതന്നെ മെഡിക്കൽ സഹായം തേടുക.
ജീവിതത്തെ തകർത്തുകളയുന്ന ഇത്തരം സംഭവങ്ങൾ കുറക്കാൻ, സ്വന്തം ആരോഗ്യം ഗൗരവത്തോടെ കാണാൻ ഓരോ പ്രവാസിയും തയാറാകണം.
ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. ആരോഗ്യകരമായ ജീവിതശൈലിയും സമയോചിതമായ ചികിത്സയും ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സഹായിക്കും.