അമിതമായി ഉപ്പ് ഭക്ഷണത്തിൽ ചേർക്കുന്നത് വൃക്കകൾക്ക് പണിയാകും
text_fieldsഅമിതമായി ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്നത് വൃക്കകളെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ചെന്നൈയിൽ നിന്നുള്ള യൂറോളജിസ്റ്റായ ഡോ. വെങ്കട് സുബ്രമണ്യൻ. ഉപ്പ് ഇത്രക്ക് അപകടകാരിയാണെന്ന് നമ്മളാരും ചിന്തിച്ചിട്ടുണ്ടാവില്ല. സ്ഥിരമായി ഭക്ഷണത്തിൽ ഒരു പരിധി കഴിഞ്ഞ് ഉപ്പ് ചേർത്ത് കഴിക്കുന്നത് വൃക്കകളിലെ കല്ല്, ഉയർന്ന രക്ത സമ്മർദ്ദം, വൃക്കകളുടെ പ്രവർത്തനം തകരാറിലാകൽ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. വൃക്ക രോഗങ്ങൾ ഉള്ളവർ കൂടുതൽ ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നാൽ ഇതിന് പരിഹാരവും ഡോക്ടർ നിർദേശിക്കുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന രീതിയിൽ ചെറിയ മാറ്റം വരുത്തിയാൽ തന്നെ ഈ പ്രശ്നം മറി കടക്കാം. അതായത് ഉപ്പ് ഉപയോഗിക്കുന്നത് കുറക്കാൻ പകരം നാരങ്ങാ നീരും കുരുമുളകും വെളുത്തുള്ളിയും കൂടുതൽ ചേർത്താൽ മതി. ഇത് ഉപ്പ് ചേർക്കാതെ തന്നെ ഭക്ഷണത്തിന്‍റെ രുചിയും മണവും വർധിപ്പിക്കും.
പാക്കേജ്ഡ് ഭക്ഷണ പദാർഥങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും ചേർക്കുന്ന ഉപ്പിന്‍റെ അളിവിനെ പറ്റി അധികം ആരും ശ്രദ്ധിക്കാറില്ല. ഇത്തരം ഭക്ഷണത്തിലടങ്ങിയിരിക്കന്ന ഉയർന്ന തോതിലുള്ള ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിൽ സോഡിയം എത്താൻ കാരണമാകും. ഇത് വൃക്കകളെ ബാധിക്കും. അതുകൊണ്ട് തന്നെ പാക്കേജ്ഡ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ അതിലെ ചേരുവകളും അതിന്‍റെ തോതും ലേബൽ നോക്കി വാങ്ങാൻ ശ്രമിക്കണമെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്.


