40 വയസ്സ് കഴിഞ്ഞ സ്ത്രീയാണോ? അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ
text_fieldsനിത്യജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്ത്രീകളുടെ ആരോഗ്യകാര്യങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകാറുണ്ട്. പ്രായം, ജീവിതശൈലി എന്നിവയുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന ചില രോഗാവസ്ഥകളെ പ്രതിരോധിക്കാൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
മുൻകൂട്ടിയുള്ള ആരോഗ്യ പരിശോധനകളും രോഗനിർണയവുമെല്ലാം സ്ത്രീകളുടെ ആരോഗ്യകരമായ ജീവിതത്തിന് കരുത്തുപകരും. 40 വയസ്സിനുശേഷമുള്ള സ്ത്രീകളുടെ ആരോഗ്യത്തിൽ വാർധക്യം, പെരിമെനോപോസ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ മൂലമുണ്ടാകുന്ന മാറ്റങ്ങൾ ഉൾപ്പെടാം. ഹോർമോൺ വ്യതിയാനങ്ങൾ, ശരീരഭാരം കൂടൽ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെ വിവിധ പ്രശ്നങ്ങൾ 40 കഴിഞ്ഞ സ്ത്രീകളിൽ കണ്ടുവരാറുണ്ട്.
പ്രതിരോധം ജീവിതശൈലിയിലൂടെ
രോഗം വരാനുള്ള സാധ്യതകൾ മുൻകൂട്ടി കാണുന്നതിനും അത് പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ നേരത്തേതന്നെ ആരംഭിക്കുന്നതിനും വലിയ പ്രാധാന്യം നൽകണം. രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും ശരീരത്തെ ബാധിക്കുന്ന തോത് കുറക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലിക്ക് നിർണായക പങ്കുണ്ട്. 40ന് ശേഷം ആരോഗ്യകരമായി തുടരാൻ സ്ത്രീകൾ ഇക്കാര്യങ്ങൾ ചെയ്യുന്നത് ഗുണകരമാകും.
ദിവസവും ഏതെങ്കിലും രീതിയിലുള്ള വ്യായാമം ചെയ്യുന്നത് ശീലമാക്കുക. നടത്തം, നീന്തൽ, സൈക്ലിങ് ഇവയിൽ ഏതെങ്കിലും 40 മിനിറ്റ് ദിവസവും ചെയ്യുന്നത് നല്ലതാണ്. കൃത്യ സമയത്ത് ആഹാരം കഴിക്കുന്നത് ശീലമാക്കണം. സമീകൃതാഹാരം കഴിക്കാൻ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും നാര് അടങ്ങിയ ഭക്ഷണപദാർഥങ്ങളും നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തണം. അമിതമായ എണ്ണയുടെ ഉപയോഗം, എണ്ണയിൽ ൈഫ്ര ചെയ്ത ആഹാരസാധനങ്ങൾ ഇവ ഒഴിവാക്കുക.
ദിവസവും മൂന്നു ലിറ്റർ വെള്ളം കുടിക്കണം. ഹൃദയം, കിഡ്നി എന്നിവയുടെ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവർ ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം വെള്ളം ഉപയോഗിക്കണം. മാനസിക സമ്മർദം ഒഴിവാക്കാൻ യോഗ നല്ലൊരു മാർഗമാണ്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും കൂടെ സമയം ചെലവഴിക്കുന്നതു വഴി ഒറ്റപ്പെടൽ, മാനസിക പിരിമുറുക്കം എന്നിവ ഒഴിവാക്കാം.
എഴുത്ത്, വായന, നൃത്തം, സംഗീതം, ചിത്രരചന എന്നിങ്ങനെ ഏതെങ്കിലും ഒരു ഹോബി ശീലിക്കുന്നത് നല്ലതാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം സഹായകമാണ്. ഇതുവഴി കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും ചിട്ടയായ ജീവിതശൈലിയിലൂടെയും ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കാൻ സ്ത്രീകൾക്ക് സാധിക്കും.
പ്രധാന പ്രശ്നങ്ങൾ
ഈസ്ട്രജൻ കുറയൽ
പ്രായം കൂടുന്നതിന് ആനുപാതികമായി സ്ത്രീകളുടെ ശരീരത്തിൽ ഈസ്ട്രജൻ ഉൽപാദനം ക്രമേണ കുറയുന്നത് സാധാരണമാണ്. ഇത് എല്ലുകളെ ദുർബലപ്പെടുത്താനും എളുപ്പത്തിൽ പൊട്ടാനും കാരണമാകുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥയിലേക്ക് നയിക്കാം.
ആർത്തവവിരാമം
40കളിൽ ആരംഭിക്കാവുന്ന സ്വാഭാവിക പരിവർത്തനമാണ് ആർത്തവ വിരാമം. ഇതിനോട് അനുബന്ധിച്ച് ശരീരത്തിൽ വലിയ തോതിലുള്ള ഹോർമോൺ വ്യതിയാനങ്ങളും സംഭവിക്കാറുണ്ട്. അമിതമായ ചൂട് അനുഭവപ്പെടുന്ന അവസ്ഥ, ശരീരത്തിൽ എരിച്ചിൽ പോലെ അനുഭവപ്പെടുക, രാത്രി സമയങ്ങളിൽ അമിതമായ വിയർപ്പ്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, യോനിയിലെ വരൾച്ച എന്നിവയാണ് ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ.
ഹൃേദ്രാഗം
ഭക്ഷണരീതി, ജീവിതശൈലിയിലെ മാറ്റം തുടങ്ങി വിവിധ കാരണങ്ങളാൽ സ്ത്രീകളിൽ ഹൃേദ്രാഗം ബാധിക്കുന്നതിന്റെ തോത് ഉയർന്നിട്ടുണ്ട്. പലപ്പോഴും ഇത് മരണകാരണമാകുന്നു. ഉയർന്ന രക്തസമ്മർദവും കൊളസ്േട്രാളും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ
ഉത്കണ്ഠയും വിഷാദവും ഈ പ്രായത്തിൽ സാധാരണമാണ്. പ്രത്യേകിച്ച് ജോലിസ്ഥലത്തുണ്ടാകുന്ന സമ്മർദം, കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ എന്നിവയെല്ലാം അനുഭവിക്കുന്നവരിൽ അമിതമായ വിഷാദം, ഉത്കണ്ഠ തുടങ്ങിയവ അനുഭവപ്പെടാറുണ്ട്.
ജീവിതശൈലീ രോഗങ്ങൾ
പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയവയെല്ലാം ഈ പ്രായത്തിൽ ആരംഭിക്കാൻ സാധ്യതയുള്ള ജീവിതശൈലി രോഗങ്ങളാണ്. ഭക്ഷണ നിയന്ത്രണം, ചിട്ടയായ വ്യായാമം എന്നിവയിലൂടെ ഇത് ക്രമപ്പെടുത്താവുന്നതാണ്.
അമിത കൊളസ്േട്രാൾ
40 കഴിഞ്ഞ സ്ത്രീകളിൽ ഹോർമോൺ വ്യതിയാനംകാരണം ചീത്ത കൊളസ്േട്രാൾ കൂടാനുള്ള സാധ്യത ഏറെയാണ്. ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. ആർത്തവവിരാമത്തോട് അടുക്കുമ്പോൾ ഈസ്ട്രജൻ ഗണ്യമായി കുറയുകയും ചീത്ത കൊളസ്േട്രാളിന്റെ അളവ് ഗണ്യമായി കൂടുന്നതിന് ഇത് വഴിയൊരുക്കുകയും ചെയ്യും.
അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ
40 കഴിഞ്ഞ സ്ത്രീകളിൽ എല്ലുകൾക്ക് ബലക്ഷയം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. വേണ്ടത്ര പോഷകങ്ങൾ അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം, വ്യായാമമില്ലായ്മ തുടങ്ങിയവയെല്ലാം ഇതിന് കാരണമായേക്കാം. കൂടാതെ അമിതമായ ശരീരഭാരം കൂടുന്ന അവസ്ഥയും 40 കഴിഞ്ഞ സ്ത്രീകളിൽ കണ്ടുവരുന്ന പ്രശ്നങ്ങളാണ്.
ചെയ്യേണ്ട ടെസ്റ്റുകൾ
രക്തസമ്മർദം, പ്രമേഹം, കൊളസ്േട്രാൾ എന്നിവ
വിറ്റാമിൻ ഡിയുടെ അളവ്
രക്തത്തിൽ ഹീമോഗ്ലോബിൻ തോത്
വർഷത്തിൽ ഒരിക്കലെങ്കിലും ഫുൾ ബോഡി ചെക്കപ്പ്
.