Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഗർഭകാല രക്തസ്രാവം...

ഗർഭകാല രക്തസ്രാവം അപകടകരമാണോ? ലക്ഷണങ്ങളും കാരണങ്ങളും അറിയണം

text_fields
bookmark_border
pregnancy Bleeding
cancel

ഗർഭകാലത്തെ രക്തസ്രാവം പലപ്പോഴും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ്. ഗർഭകാല രക്തസ്രാവം അപകടസാധ്യതകൾ വർധിക്കുമെന്ന് പഠനം. ചെറിയ രക്തസ്രാവം പോലും ഗുരുതരമായ സങ്കീർണതകളെ സൂചിപ്പിക്കാം. മാസം തികയാതെയുള്ള പ്രസവം, ചാപിള്ള, കുറഞ്ഞ ജനന ഭാരം, അകാലത്തിൽ ഉണ്ടാകുന്ന ചർമകോശങ്ങൾ പൊട്ടൽ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം പറയുന്നു. ഗർഭകാലത്ത് രക്തസ്രാവം ഉണ്ടാകുന്നത് ഒരു മുന്നറിയിപ്പ് സൂചനയാണ്. അത് ഒരിക്കലും അവഗണിക്കരുതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എങ്കിലും എല്ലാ രക്തസ്രാവവും അപകടകരമാകണമെന്നില്ല. ഗർഭകാലത്തിന്റെ ഓരോ ഘട്ടത്തിലും രക്തസ്രാവത്തിന് വ്യത്യസ്ത കാരണങ്ങളുണ്ടാവാം. ​രക്തസ്രാവത്തിന്റെ അളവ്, നിറം, ഒപ്പം വരുന്ന മറ്റ് ലക്ഷണങ്ങൾ എന്നിവ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

സാധാരണ ആർത്തവ സമയത്തുള്ളതിനേക്കാൾ കൂടുതലായോ, കട്ടകളായോ രക്തസ്രാവം ഉണ്ടാകുന്നുവെങ്കിൽ, രക്തസ്രാവത്തോടൊപ്പം അടിവയറ്റിലോ വയറിലോ കഠിനമായ വേദന, മലബന്ധം എന്നിവ അനുഭവപ്പെട്ടാൽ, രക്തസ്രാവത്തിനൊപ്പം തലകറക്കം, ബോധക്ഷയം, പനി, അല്ലെങ്കിൽ തണുപ്പ് എന്നിവ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. ഭ്രൂണം ഗർഭപാത്രത്തിന്റെ ഭിത്തിയിൽ പറ്റിപ്പിടിക്കുമ്പോൾ ചെറിയ തോതിൽ രക്തസ്രാവമുണ്ടാകാം. ഇത് ഗർഭധാരണം കഴിഞ്ഞ് 10-14 ദിവസത്തിനുള്ളിൽ സാധാരണയായി കാണുന്ന ഒന്നാണ്. ഈ രക്തസ്രാവം സാധാരണ ആർത്തവ രക്തത്തേക്കാൾ കുറഞ്ഞ അളവിലും ഇളം പിങ്ക് നിറത്തിലുമായിരിക്കും. ​ഇതിനെ ഇംപ്ലാന്റേഷൻ ബ്ലീഡിങ് (Implantation Bleeding)എന്ന് പറയുന്നു. ആദ്യ മൂന്ന് മാസങ്ങളിലെ രക്തസ്രാവത്തിന് ഒരു പ്രധാന കാരണം ഗർഭം അലസിപ്പോകാനുള്ള സാധ്യതയാണ്. ശക്തമായ രക്തസ്രാവവും വയറുവേദനയും ഇതിന്റെ ലക്ഷണങ്ങളാണ്.

അമ്മയേയും കുഞ്ഞിനേയും ബാധിക്കും

ഗർഭകാലത്തെ രക്തസ്രാവം സങ്കീർണമായാൽ അത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. പ്ലാസന്‍റൽ അബ്രപ്ഷൻ പോലുള്ള അവസ്ഥകളിൽ അതിവേഗത്തിൽ രക്തം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് രക്തസമ്മർദ്ദം കുറയുന്നതിനും, ഉത്കണ്ഠയും, വിഷാദരോഗവും ഉണ്ടാകുന്നതിലേക്കും നയിച്ചേക്കാം. ചില സങ്കീർണ സാഹചര്യങ്ങളിൽ കടുത്ത രക്തസ്രാവം ഉണ്ടെങ്കിൽ അമ്മയുടെ ജീവൻ രക്ഷിക്കാൻ അടിയന്തിരമായി സിസേറിയൻ (C-section) ചെയ്യേണ്ടി വരുന്നതൊക്കെ ​അമ്മക്ക് സംഭവിക്കാവുന്ന പ്രശ്നങ്ങളാണ്.

പ്ലാസന്‍റക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ കുഞ്ഞിന് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരുന്നു. ഇത് കുഞ്ഞിന്റെ വളർച്ചയെയും വികാസത്തെയും ബാധിക്കും. രക്തസ്രാവം സങ്കീർണ്ണമാകുന്ന പല അവസ്ഥകളും അകാല പ്രസവത്തിന് കാരണമാവാം. അകാലത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, മസ്തിഷ്ക വൈകല്യങ്ങൾ, കാഴ്ച, കേൾവി പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. കഠിനമായ പ്ലാസന്‍റൽ അബ്രപ്ഷൻ പോലുള്ള അവസ്ഥകളിൽ രക്തസ്രാവവും ഓക്സിജന്‍റെ അഭാവവും കാരണം ഗർഭസ്ഥശിശുവിന് മരണം സംഭവിക്കാം. ഗർഭപാത്രത്തിലെ പ്രശ്നങ്ങൾ കാരണം കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ സാധാരണ ഭാരത്തേക്കാൾ കുറഞ്ഞ ഭാരത്തോടെ ജനിക്കാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കാതെ പോകരുതേ

ഭ്രൂണം ഗർഭപാത്രത്തിന് പുറത്ത് സാധാരണയായി ഫാലോപ്യൻ ട്യൂബിൽ വളരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ​എക്ടോപിക് പ്രെഗ്നൻസി (Ectopic Pregnancy). ഇത് കഠിനമായ വയറുവേദനക്കും രക്തസ്രാവത്തിനും കാരണമാകും. ഈ അവസ്ഥ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതാണ്. ഗർഭകാലത്തിന്റെ അവസാന മാസങ്ങളിൽ ഗർഭപാത്രത്തിൽ പ്ലാസന്റയുടെ വളരെ താഴെയായി സെർവിക്സിന്റെ അടുത്തായി വളരുന്ന അവസ്ഥയാണ് ​പ്ലാസന്റ പ്രിവിയ (Placenta Previa). ഇത് വേദനയില്ലാത്ത രക്തസ്രാവത്തിന് കാരണമാകും. പ്രസവത്തിന് മുമ്പ് പ്ലാസന്റ ഗർഭപാത്രത്തിൽ നിന്ന് വേർപെടുന്ന അവസ്ഥയാണ് ​പ്ലാസന്റ അബ്റപ്ഷൻ (Placental Abruption) കഠിനമായ വയറുവേദനയോടൊപ്പം രക്തസ്രാവവും ഉണ്ടാവാം. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടകരമായ ഒരു അവസ്ഥയാണ്. 37 ആഴ്ചകൾക്ക് മുമ്പ് പ്രസവവേദന തുടങ്ങുമ്പോൾ രക്തസ്രാവമുണ്ടാകാം. ഇതാണ് ​പ്രീടേം ലേബർ (Preterm Labor).

രക്തസ്രാവം കണ്ടാൽ ഉടൻ തന്നെ വിശ്രമിക്കാൻ ശ്രമിക്കുക. നടക്കുകയോ, ഭാരം എടുക്കുകയോ, മറ്റ് കഠിനമായ ജോലികളിൽ ഏർപ്പെടുകയോ ചെയ്യരുത്. എത്ര ചെറിയ രക്തസ്രാവമാണെങ്കിൽ പോലും ഉടൻ തന്നെ ഡോക്ടറെ അറിയിക്കുക. കനത്ത രക്തസ്രാവം, കടും ചുവപ്പ് രക്തം, കോച്ചിവലിവ്, നടുവേദന, തലകറക്കം അല്ലെങ്കിൽ ബോധക്ഷയം എന്നിവ ശ്രദ്ധയിൽ പെട്ടാലും ആദ്യ മൂന്ന് മാസത്തിനുശേഷം സംഭവിക്കുകയോ സ്ഥിരമായി വരികയോ ചെയ്താൽ നിർബന്ധമായും ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ഡോക്ടർ നിർദേശിച്ചതല്ലാത്ത ഒരു മരുന്നും സ്വയം കഴിക്കരുത്. പ്രത്യേകിച്ച് രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ ഒഴിവാക്കണം.

Show Full Article
TAGS:Bleeding pregnancy Symptoms Health Alert 
News Summary - Bleeding during pregnancy: Causes and symptoms
Next Story