തണുപ്പുകാലത്ത് കഴുത്ത് വേദന വരാറുണ്ടോ? നിസാരമായി കാണരുത്, ശ്രദ്ധിക്കണം
text_fieldsതണുപ്പുള്ള കാലാവസ്ഥ പലപ്പോഴും കഴുത്ത് വേദനക്ക് കാരണമാകാറുണ്ട്. തണുപ്പ് കൂടുമ്പോൾ ശരീരത്തിലെ പേശികൾ മുറുകുകയും രക്തയോട്ടം കുറയുകയും ചെയ്യും. ഇത് കഴുത്തിലെ പേശികളിൽ വേദനക്ക് കാരണമാകും. തണുപ്പുള്ളപ്പോൾ ശരീരം ചൂട് നിലനിർത്താൻ ശ്രമിക്കും. ഈ പ്രക്രിയയിൽ കഴുത്തിലെയും തോളിലെയും പേശികൾ മുറുകി വേദന ഉണ്ടാകും. തണുപ്പ് കൂടുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകൾ ചുരുങ്ങും. ഇത് പേശികളിലേക്കുള്ള രക്തയോട്ടം കുറക്കുന്നു. രക്തയോട്ടം കുറയുന്നത് പേശികൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരാൻ കാരണമാകും. ഇത് വേദന കൂട്ടുന്നു. രാത്രിയിൽ തല കുളിക്കുന്നത് നേരിട്ട് കഴുത്ത് വേദനക്ക് കാരണമാകാറില്ല. എന്നാൽ തല നനഞ്ഞിരിക്കുമ്പോൾ തണുപ്പുള്ള കാലാവസ്ഥയിലോ എയർ കണ്ടീഷനിങ് ഉള്ള മുറിയിലോ ഉറങ്ങുന്നത് കഴുത്തിലെ പേശികൾ മുറുകാൻ കാരണമാകും. ശരീരം തണുപ്പിലേക്ക് പെട്ടെന്ന് പ്രതികരിക്കുമ്പോൾ പേശികൾ മുറുകാൻ സാധ്യതയുണ്ട്.
തണുപ്പ് സന്ധികളെയും കൂടുതൽ കാഠിന്യമുള്ളതാക്കുന്നു. ഇത് കഴുത്ത് തിരിക്കുമ്പോൾ വേദന കൂട്ടാൻ സാധ്യതയുണ്ട്. കഴുത്തിലെ ഞരമ്പ് വലിഞ്ഞ് മുറുകുന്നത് പോലെയോ അനങ്ങാൻ പറ്റാതെയോ ഉള്ള അവസ്ഥ വന്നിട്ടുണ്ടോയ ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ഉയർന്ന തലയിണയിൽ തല വെച്ച് കിടക്കുന്നത് കഴുത്ത് വേദനയുടെ ഒരു പ്രധാന കാരണമാണ്. കഴുത്തിനും നട്ടെല്ലിനും സ്വാഭാവികമായ ഒരു വളവുണ്ട്. ഉയർന്ന തലയിണ ഉപയോഗിക്കുമ്പോൾ കഴുത്ത് മുന്നോട്ട് വളയുകയും നട്ടെല്ലുമായി ശരിയായ അലൈൻമെന്റിൽ അല്ലാതിരിക്കുകയും ചെയ്യും. ഇത് കഴുത്തിലെ പേശികൾക്ക് അമിതമായി ആയാസമുണ്ടാക്കുന്നു. രാത്രി മുഴുവൻ തെറ്റായ സ്ഥാനത്ത് കഴുത്ത് കിടക്കുമ്പോൾ പേശികൾക്ക് സമ്മർദ്ദവും മുറുക്കവും ഉണ്ടാകുന്നു. ഇത് രാവിലെ ഉണരുമ്പോൾ കഴുത്തിന് വേദനയും കാഠിന്യവും ഉണ്ടാകാൻ കാരണമാകും.
കൂടുതൽ നേരം തല കുനിച്ച് ഫോണിൽ നോക്കുമ്പോഴോ, കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോഴോ, ഉറങ്ങാൻ കിടക്കുമ്പോൾ തല തെറ്റായ രീതിയിൽ വെക്കുമ്പോഴോ പേശികൾ വലിഞ്ഞ് മുറുകാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള ഏതെങ്കിലും ചലനങ്ങൾ കാരണം കഴുത്തിലെ പേശികൾക്ക് ക്ഷതമേൽക്കുമ്പോഴോ അല്ലെങ്കിൽ പേശികൾ വലിവ് സംഭവിക്കുമ്പോഴോ ഇത്തരം വേദന ഉണ്ടാകാം. ഡിസ്ക് തേയ്മാനം സംഭവിച്ച് ഞരമ്പുകളിൽ സമ്മർദം ചെലുത്തുമ്പോൾ കൈകളിലേക്കും തോളുകളിലേക്കും വേദന വ്യാപിക്കാൻ സാധ്യതയുണ്ട്. ആർത്രൈറ്റിസ് പോലുള്ള സന്ധികളെ ബാധിക്കുന്ന രോഗാവസ്ഥകളോ അല്ലെങ്കിൽ മറ്റ് നാഡീ സംബന്ധമായ പ്രശ്നങ്ങളോ കഴുത്ത് വേദനക്ക് കാരണമാവാം.
സെർവിക്കൽ റാഡിക്കുലോപ്പതി
കഴുത്തിലെ (സെർവിക്കൽ സ്പൈനൽ) ഞരമ്പുകളിൽ സമ്മർദം ഏൽക്കുമ്പോഴോ അല്ലെങ്കിൽ വീക്കം ഉണ്ടാകുമ്പോഴോ സംഭവിക്കുന്ന ഒരു അവസ്ഥയാണ് സെർവിക്കൽ റാഡിക്കുലോപ്പതി. ഇതിനെ ‘പിഞ്ച്ഡ് നെർവ്’ (Pinched Nerve) എന്നും പറയാറുണ്ട്. ഈ ഞരമ്പുകൾ തലച്ചോറിൽ നിന്ന് വരുന്ന സുഷുമ്നാ നാഡിയുടെ ഭാഗമാണ്. ഇവ കഴുത്തിലെ കശേരുക്കൾക്കിടയിലൂടെ പുറത്തേക്ക് വന്ന് തോളുകളിലേക്കും കൈകളിലേക്കും വിരലുകളിലേക്കും വ്യാപിക്കുന്നു. ഈ ഞരമ്പുകളിൽ എന്തെങ്കിലും തരത്തിലുള്ള ഞെരുക്കമോ സമ്മർദ്ദമോ ഉണ്ടാകുമ്പോൾ കൈകളിലും തോളുകളിലും വേദന, മരവിപ്പ്, ബലഹീനത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവാം. പരുക്ക്, തുടർച്ചയായ തെറ്റായ ചലനങ്ങൾ, കഴുത്തിന് അമിത ഭാരം നൽകുന്ന ജോലികളൊക്കെ ഇതിന് കാരണമാവാം.
കഴുത്തിൽ ചൂടുപിടിക്കുന്നത് പേശികളെ അയവുള്ളതാക്കാൻ സഹായിക്കും. ചൂടുവെള്ളത്തിൽ കുളിക്കുന്നതും ഗുണകരമാണ്. പതിവായി കഴുത്തിനും തോളുകൾക്കും ലളിതമായ വ്യായാമങ്ങൾ ചെയ്യുന്നത് പേശികളുടെ വഴക്കം നിലനിർത്താൻ സഹായിക്കും. വേദന കുറയുമ്പോൾ മാത്രം വളരെ സാവധാനത്തിൽ കഴുത്ത് മുന്നോട്ടും പിന്നോട്ടും, വശങ്ങളിലേക്കും ചലിപ്പിക്കുന്നത് പേശികൾക്ക് അയവ് വരുത്താൻ സഹായിക്കും. എന്നാൽ വേദന കൂടുന്നുണ്ടെങ്കിൽ ഈ വ്യായാമം ചെയ്യരുത്. പക്ഷേ എഴുന്നേൽക്കാൻ പറ്റാത്ത വിധം വേദനയുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.