ആദിവാസി മേഖലകളിൽ 20 ലക്ഷം പേരെ അരിവാൾ രോഗ പരിശോധനക്ക് വിധേയമാക്കിയെന്ന് സി.എസ്.ഐ.ആർ ഡയറക്ടർ ജനറൽ; രോഗ നിർണയക്കിറ്റിൽ വലിയ പ്രതീക്ഷ
text_fieldsരാജ്യത്ത് 20 ലക്ഷം പേരെ ആദിവാസി മേഖലകളിൽ നിന്ന് അരിവാൾ രോഗ പരിശോധനക്ക് വിധേയമാക്കിയെന്ന് സി.എസ്.ഐ.ആർ ഡയറക്ടർ ജനറൽ നല്ല തമ്പി കലൈസെവൽവി. 2047ഓടെ അരിവാൾ രോഗം രാജ്യത്തു നിന്ന് തുടച്ചുനീക്കുന്നതിന്‍റെ ഭാഗമായി 2023ലാണ് അരിവാൾ രോഗ നിവാരണ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്. അരുണ രക്താണുക്കളെ ബാധിക്കുന്ന ജനിതക രോഗമാണിത്.
രാജ്യം അരിവാൾ രോഗത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ട് മൂന്നു വർഷം മാത്രമെ ആയിട്ടുള്ളൂ. എന്നാൽ തങ്ങൾ 8 വർഷം മുമ്പ് തന്നെ അതിനെക്കുറിച്ച് ചിന്തിച്ചുവെന്നും കലൈശെൽവി പറഞ്ഞു. ആദ്യ അഞ്ച്,ആറു വർഷങ്ങളിൽ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയ ഗോത്ര കാര്യ മന്ത്രാലയത്തോടും അവർ നന്ദി പറഞ്ഞു.
മൂന്ന് ഭാഗങ്ങളായിട്ടാണ് അരിവാൾ രോഗ നിവാരണ മിഷൻ നടന്നതെന്ന് അവർ പറഞ്ഞു. ആദ്യഘട്ടത്തിൽ ഗോത്ര ജനതയുമായി സംവദിക്കുകയും അവബോധം നൽകുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ രോഗ ബാധിതർക്കുള്ള മരുന്നുകളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു. മൂന്നാം ഘട്ടത്തിൽ ജനിതക എഡിറ്റിങ് ഉൾപ്പെടെയുള്ള നടപടികളായിരുന്നു.
6 വർഷത്തോളം നീണ്ട ഉദ്യമത്തിൽ രോഗ നിർണയക്കിറ്റിലൂടെ വലിയ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് കണ്ടെത്തിയതായും കലൈശെൽവി പറഞ്ഞു. 100 രൂപയിൽ താഴെ മാത്രമായിരിക്കും ഇതിന്‍റെ ചെലവ് വരികയെന്നും അവർ അറിയിച്ചു.