ഭക്ഷണത്തിൽ ആശങ്ക വേണ്ട; പ്രമേഹം നിയന്ത്രിക്കാം കൃത്യതയോടെ...
text_fieldsപ്രമേഹബാധിതരുടെ എണ്ണം ഗണ്യമായി കൂടുന്നുവെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രമേഹം നിയന്ത്രിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പ്രമേഹം ശരിയായ രീതിയിൽ നിയന്ത്രിക്കാൻ കഴിയുന്നവർ താരതമ്യേന കുറവാണ്. 2019ൽ ഇന്ത്യയിൽ ഏഴ് കോടി പ്രമേഹ രോഗികൾ ഉണ്ടായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് റിപ്പോർട്ട് പ്രകാരം പ്രമേഹബാധിതരുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്താണ്. ആദ്യം ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും പിന്നീട് കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളെയും പ്രമേഹം ബാധിക്കും. ചെറുതും വലുതുമായ രക്തക്കുഴലുകളെ തകരാറിലാക്കും. അവഗണിച്ചാൽ അപകടസാധ്യത കൂടുതലാണ്.
ഷുഗർ കൂടുതലാണെന്ന് അറിയുമ്പോഴാണ് പലരും അത് നിയന്ത്രിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. രോഗം സ്ഥിരീകരിക്കുമ്പോൾ അല്ല നേരത്തെ തുടങ്ങണം ഇതിനായുള്ള കരുതൽ. എന്നാൽ പ്രമേഹം പെട്ടെന്ന് തുടങ്ങുന്ന ഒന്നല്ല. അഞ്ചോ ആറോ വർഷങ്ങൾക്ക് മുമ്പ് തന്നെ ശരീരം അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടാകും. ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരും. ടൈപ്പ് 2 പ്രമേഹത്തിനുള്ള മുന്നറിയിപ്പാണിത്. ഇൻസുലിൻ വേണ്ടത്ര പ്രവർത്തനശേഷി ഇല്ലാതിരിക്കുകയോ ആവശ്യമായ അളവിൽ ഉത്പാദിപ്പിക്കപ്പെടാതിരുക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലുള്ളതിനേക്കാൾ കൂടുതലായിരിക്കും. എന്നാൽ പ്രമേഹം നിർണയിക്കാൻ കഴിയുന്നത്ര ഉയർന്ന നിലയിലായിരിക്കുകയുമില്ല. ഇതാണ് പ്രീ ഡയബറ്റിസ്. പ്രീ ഡയബറ്റിസ് ഉള്ള ഭൂരിഭാഗം ആളുകൾക്കും രോഗലക്ഷണങ്ങൾ ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഇത് തിരിച്ചറിയാതെ പോവുകയും ചെയ്യും. ഈ അവസ്ഥയിലുള്ളവർക്ക് പിന്നീട് ടൈപ്പ് 2 പ്രമേഹവും ഹൃദ്രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ശരീരത്തിന്‍റെ അമിത ഭാരം കുറച്ചാൽ പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം. എയ്റോബിക് വ്യായാമങ്ങൾ, സ്ട്രങ്ത് ട്രെയിനിങ് എന്നീ വ്യായാമങ്ങൾ ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രമേഹമുള്ളവർക്ക് ബി.പിയും കൊളസ്ട്രോളും വരാൻ സാധ്യതയുണ്ട്. ഇതും നിയന്ത്രിക്കേണ്ടതാണ്. പ്രമേഹമുണ്ടെന്ന് അറിഞ്ഞാൽ പലരുടെയും ചിന്ത ഇനി ഇഷ്ട ഭക്ഷണം കഴിക്കാൻ പറ്റാത്തതാണ്. ശരിയായ ഭക്ഷണരീതി പ്രമേഹം നിയന്ത്രണത്തിനുള്ള ചുവടുവെപ്പാണ്.
പ്രമേഹത്തെക്കുറിച്ചും അത് നിയന്ത്രിക്കേണ്ട രീതികളെ കുറിച്ചും ശരിയായ അവബോധം ആവശ്യമാണ്. ചിട്ടയായ ഭക്ഷണ നിയന്ത്രണവും വ്യായാമവും ഉണ്ടെങ്കിൽ ഒരു പരിധിവരെ പ്രമേഹത്തെ നിയന്ത്രിക്കാം. ഭക്ഷണരീതിയിൽ ഉടൻ നിയന്ത്രണങ്ങൾ വരുത്തുന്നതിന് പകരം സാവധാനം വ്യത്യാസങ്ങൾ വരുത്തുന്നതാണ് നല്ലത്. എല്ലാവരുടെയും ആഹാരക്രമം ഒരുപോലെയല്ല. ഓരോ വ്യക്തിയുടെയും പ്രായം, തൂക്കം, ഉയരം, ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവ കണക്കിലെടുത്താണ് ഭക്ഷണക്രമം തയ്യാറാക്കേണ്ടത്. ഇതിനായി ഒരു ഡയറ്റീഷ്യന്റെ സഹായം തേടാം.
തവിടോടുകൂടിയ അരി, ഗോതമ്പ്, ഓട്സ്, ചെറുധാന്യങ്ങൾ എന്നിവ അളവ് നിയന്ത്രിച്ച് മറ്റു പ്രോട്ടീനും നാരുകളും അടങ്ങിയ ആഹാരങ്ങളുടെ കൂടെ കഴിച്ചാൽ പ്രമേഹം നിയന്ത്രിക്കാവുന്നതാണ്. പഴുക്കുംതോറും പഴങ്ങളിലെ പഞ്ചസാരയുടെ അളവ് കൂടും. അതുകൊണ്ട് കൂടുതൽ പഴുത്ത പഴങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. മിതമായ അളവിൽ ചെറുകടികളും കഴിക്കാം. എന്നാൽ എണ്ണയുടെ അളവ് കുറച്ച് വീട്ടിൽ ഉണ്ടാക്കുന്നതാണ് നല്ലത്. ആവിയിൽ വേവിച്ചവയാണ് കൂടുതൽ ഉത്തമം. അനാരോഗ്യകരമായ ആഹാര ശീലങ്ങളും ജീവിതരീതിയുമാണ് പ്രമേഹത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ ഭക്ഷണക്രമം പാലിച്ചാൽ പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്.