പൊതുജനാരോഗ്യ സംരക്ഷണത്തിന് ദുബൈയിൽ പുതിയ നിയമം
text_fieldsദുബൈ: പൊതുജനാരോഗ്യം സംരക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും ലക്ഷ്യമിട്ട് പുതിയ നിയമം രൂപപ്പെടുത്തി ദുബൈ. രോഗബാധിതരും രോഗം സംശയിക്കപ്പെടുന്നവരും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതും ദുബൈ ഹെൽത്ത് അതോറിറ്റിയുടെ അനുമതിയില്ലാതെ യാത്ര ചെയ്യുന്നതും ഒഴിവാക്കണമെന്നും നിയമം നിർദേശിക്കുന്നുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മാത്രമാണ് ഇത്തരക്കാർക്ക് അനുമതിയുണ്ടാവുക. മനപ്പൂർവമോ അല്ലാതെയോ രോഗബാധ മറച്ചുവെക്കുന്നതും പരത്തുന്നതും നിയമം നിരോധിക്കുന്നുമുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നിയമത്തിന് അംഗീകാരം നൽകിയത്. രോഗ പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ-ഉൽപന്ന സുരക്ഷ, മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് നിയമം ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട അധികാരികളും സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ അനുസരിച്ച് രോഗത്തിന്റെ വ്യാപനം തടയുന്നതിന് വ്യക്തികൾ ശ്രദ്ധിക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നു. യാത്രക്കാർ ഔദ്യോഗിക ആരോഗ്യ പ്രോട്ടോകോളുകൾ പാലിക്കുകയും ദുബൈയിൽ പ്രവേശിക്കുമ്പോൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുകയും, സ്ഥിരീകരിച്ചതോ സംശയിക്കപ്പെടുന്നതോ ആയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുകയും വേണം. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങളും ഇത്തരക്കാർ പാലിക്കണം.
പ്രാദേശികവും അന്തർദേശീയവുമായ ആരോഗ്യ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടുന്ന മുൻകരുതൽ നടപടികളാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുബൈയിലെ വ്യക്തികളെയും സമൂഹങ്ങളെയും ബാധിച്ചേക്കാവുന്ന ആരോഗ്യ അപകടങ്ങൾ കുറക്കുന്നതിനാണ് നിയമം ശ്രമിക്കുന്നത്.
എമിറേറ്റിൽ പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള തയാറെടുപ്പും നടപടികളും ശക്തിപ്പെടുത്തുന്നതിന് എല്ലാ തലങ്ങളിലും കൂടുതൽ ഏകോപനവും സഹകരണവും നിയമം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തങ്ങൾ, ഭക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ബാധ്യതകൾ തുടങ്ങിയവ നിയമം വിശദീകരിക്കുന്നുണ്ട്.