തൈര് ഹെൽത്തിയാണ് പക്ഷേ...
text_fieldsഉച്ചഭക്ഷണത്തിന് പലർക്കും തൈര് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ പലരും അത്താഴത്തിനും തൈരോ മോരോ ഉപയോഗിക്കാറുണ്ട്. രാത്രിയിൽ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന കാര്യത്തിൽ ആയുർവേദത്തിനും ആധുനിക വൈദ്യശാസ്ത്രത്തിനും കൃത്യമായ ചില നിർദേശങ്ങളുണ്ട്. കഫക്കെട്ടും ദഹനപ്രശ്നങ്ങളും ഒഴിവാക്കാൻ രാത്രി തൈര് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
രാത്രിയിൽ തൈരിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് ഒഴിവാക്കണം. ഇത് കഫത്തിന്റെ അളവ് ഇരട്ടിയാക്കാൻ കാരണമാകും. പകരം ലേശം ഉപ്പോ ജീരകപ്പൊടിയോ ചേർക്കുന്നത് ദഹനത്തിന് സഹായിക്കും. തൈര് ഒരിക്കലും ചൂടാക്കി ഉപയോഗിക്കരുത് എന്ന് ആയുർവേദം നിഷ്കർഷിക്കുന്നു. ചൂടാക്കുമ്പോൾ തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയകൾ നശിക്കുകയും അത് ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്യും.
എന്തുകൊണ്ട് രാത്രി തൈര് ഒഴിവാക്കണം?
കഫക്കെട്ടും ജലദോഷവും: തൈര് ശരീരത്തിലെ സ്രോതസ്സുകളെ തടസ്സപ്പെടുത്തുന്ന ഭക്ഷണമാണ്. രാത്രിയിൽ ഇത് കഫം വർധിപ്പിക്കാനും ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവക്കും കാരണമാകും.
മന്ദഗതിയിലുള്ള ദഹനം: രാത്രിയിൽ ശരീരത്തിന്‍റെ മെറ്റബോളിസം കുറവായതിനാൽ തൈര് ദഹിക്കാൻ പ്രയാസമായിരിക്കും. ഇത് അസിഡിറ്റിക്കും ഗ്യാസിനും വഴിതെളിക്കും.
രാത്രി തൈര് കഴിക്കണമെന്നുണ്ടെങ്കിൽ
തൈര് ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ചില വിദ്യകൾ പരീക്ഷിക്കാം. തൈര് നേരിട്ട് കഴിക്കുന്നതിന് പകരം നന്നായി അടിച്ചു വെള്ളം ചേർത്ത് മോരാക്കി ഉപയോഗിക്കുന്നത് ദഹനം എളുപ്പമാക്കും. തൈരിൽ ഒരു നുള്ള് കുരുമുളക് പൊടിയോ, ഉലുവ പൊടിയോ അല്ലെങ്കിൽ തേനോ ചേർക്കുന്നത് കഫം കൂടുന്നത് തടയാൻ സഹായിക്കും. തൈര് കഴിച്ച ശേഷം അല്പം ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തിന് നല്ലതാണ്.
ഇവർ രാത്രി തൈര് നിർബന്ധമായും ഒഴിവാക്കണം
ആസ്ത്മ, സൈനസൈറ്റിസ് തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങളുള്ളവർ, സന്ധിവേദനയോ വാതസംബന്ധമായ ബുദ്ധിമുട്ടുകളോ ഉള്ളവർ, ദഹനക്കുറവും വിട്ടുമാറാത്ത അസിഡിറ്റിയും ഉള്ളവർ എന്തായാലും രാത്രി തൈര് ഒഴിവാക്കണം. തൈര് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം പകൽ തന്നെയാണ്. രാത്രിയിൽ കഴിക്കുകയാണെങ്കിൽ അത് പുളിക്കാത്തതാണെന്നും വെള്ളം ചേർത്തതാണെന്നും ഉറപ്പുവരുത്തുക.


