ചോറ് ഇങ്ങനെ കഴിക്കൂ..ശരീരഭാരം കൂടാതെ സൂക്ഷിക്കാം..!
text_fieldsലോകത്ത് ധാരാളം പേർ കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് അരി. എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന ഭക്ഷണമാണെങ്കിലും ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരും രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവരും അരി ഒഴിവാക്കുന്നത് പതിവാണ്. അന്നജം കൂടുതൽ അടങ്ങിയതിനാൽ ഡയറ്റ് നോക്കുന്നവർക്ക് മിതമായി കഴിച്ചില്ലെങ്കിൽ അരി വല്ലനായി മാറും. മിക്ക ഫിറ്റ്നെസ് ഡയറ്റ് ട്രെൻഡുകളിലും അരിക്കുപകരം നാരുകളും പ്രോട്ടീനും അടങ്ങിയ ക്വിനോവ അല്ലെങ്കിൽ ഓട്‌സ് ആവും ഉൾപ്പെടുത്തുക. എന്നാൽ അരി ശരിയായ സമയത്ത് കഴിച്ചാൽ ആരോഗ്യകരമാണ്.
ചോറ് ഉച്ചഭക്ഷണമായി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അരിയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബിയുടെ അളവ് തലച്ചോറിന്‍റെ പ്രവർത്തനത്തിന് സഹായകമാണ്. കാലറി വളരെ കുറവായതിനാൽത്തന്നെ ശരീരഭാരം കുറയ്ക്കാനും വയർനിറഞ്ഞതായി തോന്നിക്കാനും ചോറ് കഴിക്കുന്നതിലൂടെ സാധിക്കും. ബ്രൗൺ റൈസ് അല്ലെങ്കിൽ റെഡ് റൈസിന്‍റെ അത്രയും പോഷകങ്ങൾ അടങ്ങിയിട്ടില്ലെങ്കിൽ പോലും വൈറ്റ് റൈസ് ആണ് ആളുകൾ കൂടുതലായി കഴിക്കുന്നത്.
തുടർച്ചയായി വൈറ്റ് റൈസ് ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുമെന്ന് പഠനങ്ങളുണ്ട്. പ്രമേഹസാധ്യതയുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. എന്നാൽ ബ്രൗൺറൈസിലും റെഡ് റൈസിലും ഇവ മുഴുധാന്യങ്ങൾ ആയതിനാൽത്തന്നെ ധാരാളം നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ ഇവയുണ്ട്. പതിവായി ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
അത്താഴത്തിന് ചോറ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാരണം ഇവ വളരെ പെട്ടെന്ന് ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകുകയും ചെയ്യും. രാത്രി ചോറുണ്ണുന്നതുകൊണ്ട് ശരീരം പോഷകങ്ങളെ ആഗിരണം ചെയ്യില്ല. ഇതുമൂലം അടുത്ത ദിവസം രാവിലെ വിശക്കുകയും ശരീരം പട്ടിണികിടന്ന അവസ്‌ഥയിലാവുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാനും പ്രമേഹനിയന്ത്രണത്തിനും ചോറ് എങ്ങനെ കഴിക്കുന്നതാണ് നല്ലത്?
-ദിവസവും ഒരു കപ്പ് ചോറ് മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
-പാചകരീതി പ്രധാനമാണ്. വേവിച്ചതോ ആവിയിൽ പുഴുങ്ങിയതോ ആയ അരിയാഹാരം കഴിക്കുക. അരി വറുത്തു കഴിക്കുന്നത് ഒഴിവാക്കുക.
-ധാരാളം വെള്ളത്തിൽ അരി വേവിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സ്‌റ്റാർച്ച് പോകും. അധികമുള്ള വെള്ളം ഊറ്റിക്കളയാം.
-ചോറിനൊപ്പം അതേ അളവിൽ പച്ചക്കറികളും പരിപ്പും സാലഡും കഴിക്കാം.
-പോഷകസമ്പുഷ്‌ടമായ സമീകൃതഭക്ഷണം ശീലമാക്കാം.
-ചോറിനൊപ്പം നാരുകൾ ധാരാളമടങ്ങിയ പച്ചക്കറികളും പ്രോട്ടീൻ അടങ്ങിയ പനീർ, മുട്ട എന്നിവയും കഴിക്കണം. ഇത് ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും. ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നതും ഇതു മൂലം ഒഴിവാക്കാനാകും.