Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകുഞ്ഞിന്‍റെയും...

കുഞ്ഞിന്‍റെയും അമ്മയുടേയും ആരോഗ്യം എങ്ങനെ പരിപാലിക്കാം? മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
breast feeding
cancel
camera_alt

പ്രതീകാത്മക ചിത്രം

ലോക മുലയൂട്ടൽ വാരം (ആഗസ്റ്റ് 1 - 7) ആചരിക്കുന്ന വേളയിൽ, അമ്മമാർ സ്വന്തം ആരോഗ്യത്തിനും കുഞ്ഞിന്റെ വളർച്ചക്കും നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കുഞ്ഞിന് ഏറ്റവും മികച്ച പോഷകം മുലപ്പാലാണ്. എന്നാൽ ആ മുലപ്പാലിൽ ആവശ്യത്തിന് പോഷകങ്ങൾ അടങ്ങിയിരിക്കണമെങ്കിലും, അതുപോലെ മുലയൂട്ടുന്നതിലൂടെ അമ്മയുടെ ശരീരത്തിനുണ്ടാകുന്ന ഊർജ്ജ നഷ്ടം നികത്തണമെങ്കിലും അമ്മ കഴിക്കുന്ന ആഹാരം മികച്ചതായിരിക്കണം.

മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുലയൂട്ടുന്ന ഒരു അമ്മക്ക് സാധാരണയേക്കാൾ കൂടുതൽ ഊർജ്ജവും കലോറിയും ആവശ്യമാണ്. പ്രസവത്തിനു മുൻപുള്ളതിനേക്കാൾ പ്രതിദിനം 330 മുതൽ 400 വരെ അധിക കലോറി മുലയൂട്ടുന്ന ഘട്ടത്തിൽ ശരീരത്തിന് ആവശ്യമായി വരുന്നു. ഇത് ലഭിക്കാനായി പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കേണ്ടതുണ്ട്.

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന വിഭവങ്ങൾ

നിങ്ങളുടെ ദിവസേനയുള്ള ഭക്ഷണക്രമം സമീകൃതമായിരിക്കണം (ബാലൻസ്ഡ് ഡയറ്റ്). അതിനായി സഹായിക്കുന്ന പ്രത്യേകം ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ഉൾപ്പെടുത്താം:

പ്രോട്ടീൻ: പേശികളുടെ വീണ്ടെടുപ്പിനും കുഞ്ഞിന്റെ വളർച്ചക്കും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. ചെറുപയർ, കടല, പരിപ്പ് വർഗ്ഗങ്ങൾ, മുട്ട, മീൻ, കോഴിയിറച്ചി, പാൽ ഉൽപ്പന്നങ്ങൾ എന്നിവ ധാരാളം കഴിക്കുക.

കാൽസ്യം & വിറ്റാമിൻ ഡി: മുലപ്പാലിലൂടെ കാൽസ്യം കുഞ്ഞിലേക്ക് എത്തുമ്പോൾ അമ്മയുടെ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ കാൽസ്യം അടങ്ങിയ ഭക്ഷണം വേണം. പാൽ, തൈര്, ചീര, എള്ള് എന്നിവ നല്ല ഉറവിടങ്ങളാണ്.

ഇരുമ്പ്: പ്രസവാനന്തര ക്ഷീണം മാറാനും രക്തക്കുറവ് (അനീമിയ) തടയാനും ഇരുമ്പടങ്ങിയ ഭക്ഷണങ്ങൾ (ചീര, ഈന്തപ്പഴം, ഇറച്ചി, ചെറുപയർ) കഴിക്കുക.

കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ: കുത്തരി ചോറ് (മട്ട), ഓട്സ്, തിന (മില്ലെറ്സ്), ഗോതമ്പ് എന്നിവ ശരീരത്തിന് സ്ഥിരമായ ഊർജ്ജം നൽകും.

ഓമേഗ-3 ഫാറ്റി ആസിഡുകൾ (ഡിഎച്ച്എ): കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചക്ക് ഇത് സഹായിക്കും. അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മീനുകളിൽ ഡി.എച്ച്.എ ധാരാളമുണ്ട്.

ദ്രാവക രൂപത്തിലുള്ള ആഹാരങ്ങൾ

മുലപ്പാൽ ഉൽപ്പാദനത്തിന് ധാരാളം വെള്ളം ആവശ്യമാണ്. ദാഹം തോന്നുമ്പോഴൊക്കെ വെള്ളം കുടിക്കുക. കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിന് തൊട്ടുമുൻപോ ശേഷമോ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാം. ശുദ്ധജലം, തിളപ്പിച്ചാറിയ വെള്ളം, മോര്, കരിക്കിൻ വെള്ളം, വെജിറ്റബിൾ സൂപ്പുകൾ എന്നിവ കുടിക്കാം. എന്നാൽ മധുരമുള്ള കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക.

ശ്രദ്ധിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമായ കാര്യങ്ങൾ

കഫീൻ: കാപ്പി, ചായ, കോളകൾ എന്നിവയിലെ കഫീൻ മുലപ്പാലിലൂടെ കുഞ്ഞിലെത്താൻ സാധ്യതയുണ്ട്. ഇത് കുഞ്ഞിന് ഉറക്കമില്ലായ്മയും അസ്വസ്ഥതയും ഉണ്ടാക്കാം. അതിനാൽ ചായ/കാപ്പി ഉപയോഗം ദിവസം 1-2 കപ്പായി പരിമിതപ്പെടുത്തുക.

മദ്യം, പുകവലി: മുലയൂട്ടുന്ന കാലയളവിൽ മദ്യപാനവും പുകവലിയും പൂർണ്ണമായും ഒഴിവാക്കണം.

മീനുകളുടെ തിരഞ്ഞെടുപ്പ്: മെർക്കുറിയുടെ അളവ് കൂടുതലുള്ള മീനുകൾ (സ്രാവ് പോലുള്ളവ) ഒഴിവാക്കുക. മത്തി, അയല, ചാള തുടങ്ങിയ ചെറിയ മീനുകൾ കഴിക്കാം.

ചില ഭക്ഷണങ്ങളോടുള്ള കുഞ്ഞിന്റെ പ്രതികരണം: നിങ്ങൾ കഴിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങൾ കാരണം കുഞ്ഞിന് ഗ്യാസ്, വയറിളക്കം, അല്ലെങ്കിൽ ചർമ്മത്തിൽ തടുപ്പുകൾ എന്നിവ ഉണ്ടാകുന്നുണ്ടെങ്കിൽ ആ ഭക്ഷണം താൽക്കാലികമായി ഒഴിവാക്കി ഡോക്ടറോട് സംസാരിക്കുക.

വെജിറ്റേറിയൻ/വീഗൻ അമ്മമാർ ശ്രദ്ധിക്കാൻ

സസ്യാഹാരം മാത്രം കഴിക്കുന്നവരാണെങ്കിൽ, വിറ്റാമിൻ ബി12, വിറ്റാമിൻ ഡി, ഐറൺ, ഒമേഗ-3 എന്നിവയുടെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം മൾട്ടിവിറ്റാമിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് നന്നായിരിക്കും.

മുലയൂട്ടൽ എന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികമായ ഒരു ബന്ധം കൂടിയാണ്. ഈ സമയത്ത് അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഒരുപോലെ പ്രധാനമാണ്. ക്രാഷ് ഡയറ്റുകൾ (തടി കുറക്കാനുള്ള കഠിനമായ ഡയറ്റുകൾ) ഈ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക. കൃത്യമായ പോഷകാഹാരവും വിശ്രമവും ആവശ്യത്തിന് വെള്ളവും ഉറപ്പുവരുത്തുക. ആരോഗ്യമുള്ള അമ്മയ്ക്കേ ആരോഗ്യമുള്ള കുഞ്ഞിന് മുലപ്പാൽ നൽകാൻ സാധിക്കൂ.

(തയാറാക്കിയത്: ഡോ. രാജശ്രീ എസ്., സീനിയർ കൺസൾട്ടന്റ് - നിയോനറ്റോളജി, ആസ്റ്റർ മെഡ്‌സിറ്റി)

Show Full Article
TAGS:Breastfeeding motherhood breast milk nutrition balanced diet 
News Summary - കുഞ്ഞിന്‍റെയും അമ്മയുടേയും ആരോഗ്യത്തെ എങ്ങനെ പരിപാലിക്കാം? മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Next Story