ഒരു ദിവസം എത്ര പ്രോട്ടീൻ കഴിക്കാം? അമിതമായാൽ എന്ത് സംഭവിക്കും?
text_fieldsനമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് പ്രോട്ടീൻ. ഇത് അമിനോ ആസിഡുകൾ കൊണ്ട് നിർമിച്ചതാണ്. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് പ്രോട്ടീൻ വളരെ നിർണായകമാണ്. പേശികൾ, എല്ലുകൾ, ചർമ്മം, മുടി, നഖം എന്നിവയുടെ പ്രധാന ഘടകമാണ് പ്രോട്ടീൻ. ശരീരത്തിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടാകുമ്പോൾ അവയെ നന്നാക്കുന്നതിനും പുതിയ കോശങ്ങൾ നിർമിക്കുന്നതിനും പ്രോട്ടീൻ സഹായിക്കുന്നു. ശരീരത്തിലെ രാസപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്ന എൻസൈമുകളും, ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളും നിർമിച്ചിരിക്കുന്നത് പ്രോട്ടീൻ കൊണ്ടാണ്.
പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങളിൽ മത്സ്യം, ബീഫ്, പോർക്ക്, ചിക്കൻ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, സോയ ഉൽപ്പന്നങ്ങൾ, പയർ വർഗ്ഗങ്ങൾ, നട്സ്, വിത്തുകൾ,കടൽ മത്സ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. രോഗപ്രതിരോധത്തിനായി ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡികൾ പ്രോട്ടീൻ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ പോലെ പ്രോട്ടീനും ശരീരത്തിന് ഊർജ്ജം നൽകുന്നു. എന്നാൽ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ശരീരം പ്രോട്ടീനെ ഊർജ്ജത്തിനായി ഉപയോഗിക്കുക. രക്തത്തിലൂടെ ഓക്സിജൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രോട്ടീൻ വലിയ പങ്ക് വഹിക്കുന്നു. എന്നാൽ പ്രോട്ടീൻ കൂടുതൽ കഴിച്ചാൽ എന്ത് സംഭവിക്കും?
പ്രോട്ടീനുകളുടെ ഏറ്റവും മികച്ച ഉറവിടം കൂണുകൾ, ബീൻസ്, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, മാംസം എന്നിവയെല്ലാമാണ്. ദിവസേനയുള്ള നമ്മുടെ സാധാരണ ഭക്ഷണക്രമത്തിൽ താരതമ്യേന പഴങ്ങളേക്കാളും ഇലക്കറികളേക്കാളും കൂടുതൽ നാം കഴിക്കുന്നതിന് ഇവയെല്ലാമാണ്. അതുകൊണ്ടുതന്നെ മിക്ക ആളുകളുടേയും ശരീരത്തിൽ ദിവസവും ആവശ്യമുള്ളതിനേക്കാൾ 13-15% കൂടുതൽ പ്രോട്ടീൻ അധികമായി അകത്തു ചെല്ലാറുണ്ട്. ഇവിടെയാണ് പ്രശ്നം ആരംഭിക്കുന്നത്. ഓരോ വ്യക്തിയുടെയും ആരോഗ്യനില, പ്രായം, ലിംഗഭേദം, ശാരീരിക പ്രവർത്തനങ്ങളുടെ തോത് എന്നിവ അനുസരിച്ച് പ്രോട്ടീന്റെ അളവിൽ മാറ്റമുണ്ടാകാം.
ഒരു ദിവസം എത്ര പ്രോട്ടീൻ കഴിക്കാം?
സാധാരണയായി ഒരു ദിവസം ഒരാൾക്ക് ശരാശരി 0.8 ഗ്രാം പ്രോട്ടീൻ ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും ആവശ്യമാണ്. അതായത്, 70 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ഒരു ദിവസം ഏകദേശം 56 ഗ്രാം പ്രോട്ടീൻ വേണ്ടിവരും. എന്നാൽ ഈ അളവ് എല്ലാവർക്കും ഒരുപോലെയല്ല. ഭാരം ഉയർത്തുന്നവർക്കും കായിക താരങ്ങൾക്കും ഒരു കിലോഗ്രാം ശരീരഭാരത്തിന് 1.2 മുതൽ 2.0 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമായി വരാം. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാധാരണ അളവിൽ കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. മുതിർന്നവർക്ക് പേശികളുടെ ബലം നിലനിർത്താൻ കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. 30 ഗ്രാമില്‍ കൂടുതല്‍ പ്രോട്ടീന്‍ ഒരേസമയം നമ്മുടെ ശരീരത്തിന്റെ ദഹനവ്യവസ്ഥക്ക് ദഹിപ്പിക്കാനും സാധിക്കില്ല. അതിനാല്‍ത്തന്നെ 50 ഗ്രാമില്‍ കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തിയാല്‍ അത് ഉപയോഗിക്കപ്പെടാതെ പോകുകയാണ് ചെയ്യുക.
പ്രോട്ടീൻ അമിതമായാൽ എന്ത് സംഭവിക്കും?
അളവിൽ കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാം. ശരീരത്തിലെ അമിത പ്രോട്ടീൻ പുറന്തള്ളാൻ വൃക്കകൾക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരും. ഇത് ദീർഘകാലം തുടർന്നാൽ വൃക്കകൾക്ക് തകരാറുണ്ടാകാൻ സാധ്യതയുണ്ട്. അമിത പ്രോട്ടീൻ യൂറിയ ഉണ്ടാക്കുകയും അത് പുറന്തള്ളാൻ കൂടുതൽ വെള്ളം ആവശ്യമായി വരികയും ചെയ്യും. ഇത് ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാവാം. പ്രത്യേകിച്ച് നാരുകൾ കുറഞ്ഞ ഭക്ഷണം കൂടുതലായി കഴിക്കുമ്പോൾ ദഹനക്കേട്, മലബന്ധം, വയറുവേദന എന്നിവക്ക് കാരണമാവാം. പ്രോട്ടീന്‍ ധാരാളമായി കഴിക്കുന്നതിന്റെ ഒരു പ്രധാനപ്രശ്നമാണ് വൈകാരികമായ ഏറ്റക്കുറച്ചിലുകള്‍. അത് കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് ആണ് ശരീരത്തിലെ ഗ്ലൂക്കോസിനെ എനര്‍ജിയായി പരിണമിക്കാന്‍ സഹായിക്കുന്നത്. എനര്‍ജിയുടെ കുറവ് മൂലം ക്ഷീണം അനുഭവപ്പെടുകയും അത് വൈകാരികമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇത് ക്ഷീണത്തിന് കാരണമാകും. ചില ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ പ്രത്യേകിച്ച് റെഡ് മീറ്റ് വൻകുടൽ, ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് കാൻസർ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് പഠനങ്ങൾ പറയുന്നു. അധികമായി കഴിക്കുന്ന പ്രോട്ടീൻ ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടാം. ഇത് ശരീരഭാരം കൂടുന്നതിനും കാരണമാവാം. കൊഴുപ്പും കൊളസ്‌ട്രോളും കൂടുതലുള്ള പ്രോട്ടീൻ ഉറവിടങ്ങൾ അമിതമായി കഴിക്കുന്നത് ഹൃദയരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. അതുകൊണ്ട് പ്രോട്ടീൻ ആരോഗ്യത്തിന് ആവശ്യമാണെങ്കിലും അത് മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിന്റെ ആവശ്യകതകൾക്കനുസരിച്ചുള്ള ഭക്ഷണക്രമം തിരഞ്ഞെടുക്കാൻ ഒരു വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് ഉചിതമാണ്.