സ്വയം കേടുവരുത്തല്ലേ; ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ വൃക്കകൾ തകരാറിലാകും
text_fieldsസൗന്ദര്യം വർധിപ്പിക്കാൻ കുറുക്കുവഴികൾ നോക്കുന്നവർ അതിന്റെ പാർശ്വഫലങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിതവും ദീർഘകാലവുമായ ഉപയോഗം വൃക്കകളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള ചില ദോഷകരമായ രാസവസ്തുക്കളാണ് ഇതിന് പ്രധാന കാരണം. ഈ രാസവസ്തുക്കൾ ചർമ്മത്തിലൂടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യാം. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന റെനിൻ (renin) എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത് വൃക്കകളാണ്. അതിനാൽ വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവാം.
ശരീരത്തിന്റെ അരിപ്പ എന്നറിയപ്പെടുന്ന വൃക്കകൾക്ക് നിരവധി ധർമ്മങ്ങളുണ്ട്. വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം രക്തം ശുദ്ധീകരിക്കുക എന്നതാണ്. ശരീരത്തിലെ മെറ്റബോളിസം വഴി ഉണ്ടാകുന്ന യൂറിയ, ക്രിയാറ്റിനിൻ പോലുള്ള മാലിന്യങ്ങളെയും വിഷവസ്തുക്കളെയും രക്തത്തിൽ നിന്ന് അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറത്തേക്ക് കളയുന്നത് വൃക്കകളാണ്. ശരീരത്തിലെ ജലാംശം കൃത്യമായ അളവിൽ നിലനിർത്താൻ വൃക്കകൾ സഹായിക്കുന്നു. ആവശ്യത്തിലധികമുള്ള ജലാംശം മൂത്രമായി പുറന്തള്ളി ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നു.
നിറം വർധിപ്പിക്കുന്ന ക്രീമുകളിലും, ചില സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും മെർക്കുറി അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. മെർക്കുറി ഒരു വിഷവസ്തുവാണ്. ഇത് ചർമത്തിലൂടെ ശരീരത്തിൽ പ്രവേശിച്ച് വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. ഇത് വൃക്കരോഗങ്ങൾക്കും കാരണമാകും. ചില ഫൗണ്ടേഷനുകളിലും പൊടികളിലും സിലിക്ക ഉപയോഗിക്കാറുണ്ട്. ഇത് ശ്വസിക്കുകയോ അമിതമായി ഉപയോഗിക്കുകയോ ചെയ്താൽ ശ്വാസകോശരോഗങ്ങൾക്കും വൃക്കരോഗങ്ങൾക്കും കാരണമാവാം.
വിറ്റാമിൻ സിയുടെയും പ്രോട്ടീന്റെയും അളവ് ക്രമാതീതമായി ഉയർന്നാൽ അത് വൃക്കകളെ ബാധിക്കാൻ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകമാണ് വിറ്റാമിൻ സി. എന്നാൽ ഉയർന്ന അളവിൽ വിറ്റാമിൻ സി കഴിക്കുന്നത് വൃക്കകളിൽ കാൽസ്യം ഓക്സലേറ്റ് കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ശരീരം വിറ്റാമിൻ സി വിഘടിപ്പിക്കുമ്പോൾ അത് ഓക്സലേറ്റ് എന്ന സംയുക്തമായി മാറുന്നു. സാധാരണഗതിയിൽ വൃക്കകൾ ഈ ഓക്സലേറ്റിനെ അരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുന്നു. എന്നാൽ വളരെ കൂടിയ അളവിൽ വിറ്റാമിൻ സി കഴിക്കുമ്പോൾ ഓക്സലേറ്റ് വൃക്കകളിൽ അടിഞ്ഞുകൂടാനും കാൽസ്യവുമായി ചേർന്ന് കല്ലുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ഏത്തപ്പഴം, മുന്തിരി, മുസംബി, നാരങ്ങ, നെല്ലിക്ക തുടങ്ങിയ പഴങ്ങളിൽ പൊട്ടാസ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. വൃക്കരോഗം ഉള്ളവർ ഇത്തരം പഴങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പൊട്ടാസ്യം, സോഡിയം, കാൽസ്യം തുടങ്ങിയ രാസപദാർത്ഥങ്ങളുടെ ശരീരത്തിലെ അളവ് നിയന്ത്രിക്കുന്നത് വൃക്കകളാണ്. വൃക്ക സ്തംഭിക്കുമ്പോൾ ഇവയുടെ അളവിൽ വ്യത്യാസം ഉണ്ടാകും.
ഉയർന്ന അളവിൽ പ്രോട്ടീൻ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. പ്രോട്ടീൻ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ വൃക്കകളാണ് അരിച്ചെടുത്ത് പുറന്തള്ളുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുന്നത് നല്ലതാണ്.പക്ഷേ പെട്ടെന്നൊരു ദിവസം ശീലം ഇല്ലാത്തതും കഠിനവുമായ വ്യായാമം ചെയ്താൽ അത് ശരീരത്തിന് ദോഷം ചെയ്യും ഉണ്ടാവുകയും ചെയ്യും. ഇതും വൃക്ക സ്തംഭനത്തിന് കാരണമാകാം.