Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightനമ്മുടെ ബുദ്ധിശേഷി...

നമ്മുടെ ബുദ്ധിശേഷി കുറയുന്നുണ്ടോ?; ‘റിവേഴ്സ് ഫ്ലിൻ ഇഫക്ട്’ ചർച്ചയാക്കി പുതിയ പഠനങ്ങൾ

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, തലമുറകൾ മാറുന്നതിനനുസരിച്ച് മനുഷ്യരുടെ ഐ.ക്യു (ഇന്റലിജന്റ് ക്വാഷ്യന്റ്) ടെസ്റ്റുകളിലെ പ്രകടനം മെച്ചപ്പെടുന്നതായാണ് ഗവേഷകർ കണ്ടെത്തിയിരുന്നത്. ‘ഫ്ലിൻ ഇഫക്ട്’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെട്ടത്. എന്നാൽ, സമീപകാലത്ത് ചില രാജ്യങ്ങളിൽ ഈ പ്രവണത മന്ദഗതിയിലാവുകയോ വിപരീത ദിശയിലേക്ക് നീങ്ങുകയോ ചെയ്യുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ‘റിവേഴ്സ് ഫ്ലിൻ ഇഫക്ട്’ എന്ന പേരിലാണ് ഈ പ്രതിഭാസം ശാസ്ത്രലോകത്ത് ചർച്ചയാകുന്നത്.

പുതിയ പ്രവണത കാണിക്കുന്നത്, മനുഷ്യർ സ്വാഭാവികമായി ബുദ്ധി കുറഞ്ഞവരായി മാറുകയാണ് എന്നല്ല. വിദ്യാഭ്യാസ രീതികളിലുണ്ടായ മാറ്റം, ജീവിതശൈലി, സാങ്കേതികവിദ്യയുടെ വർധിച്ച ഉപയോഗം, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ ബുദ്ധിശേഷി പരിശോധനകളിലെ പ്രകടനത്തെ സ്വാധീനിക്കുന്നുണ്ടാകാമെന്നാണ് വിലയിരുത്തൽ.

‘ഫ്ലിൻ ഇഫക്ട്’?

ഇരുപതാം നൂറ്റാണ്ടിൽ വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ഐ.ക്യു ടെസ്റ്റ് സ്കോറുകൾ തലമുറകൾതോറും ഉയരുന്ന പ്രവണത ഗവേഷകർ കണ്ടെത്തിയിരുന്നു. ഗവേഷകനായ ജെയിംസ് ഫ്ലിന്നിന്റെ പേരിലാണ് പിന്നീട് ഇത് ‘ഫ്ലിൻ ഇഫക്ട്’ എന്നറിയപ്പെട്ടത്. മികച്ച പോഷകാഹാരം, ആരോഗ്യ പരിരക്ഷയിലെ പുരോഗതി, കൂടുതൽ ആളുകൾക്ക് വിദ്യാഭ്യാസം ലഭ്യമായത്, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തുടങ്ങിയവയാണ് ഈ വർധനക്ക് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെട്ടത്. മനുഷ്യരുടെ ജനിതക ഘടനയിൽ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ മാറ്റമുണ്ടായതുകൊണ്ടല്ല ഐ.ക്യു സ്കോറുകൾ ഉയർന്നതെന്നാണ് പൊതുവേയുള്ള ശാസ്ത്രീയ വിലയിരുത്തൽ.

ഇപ്പോൾ സംഭവിക്കുന്നത്

യു.എസ്, ബ്രിട്ടൻ, നോർവേ, ഡെൻമാർക്, ഫിൻലൻഡ് തുടങ്ങിയ ചില രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ ചില ബുദ്ധിശേഷി പരിശോധനകളിലെ സ്കോറുകൾ മുൻകാലത്തെപ്പോലെ ഉയരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് യുവതലമുറയിൽ, സ്കോറുകളിൽ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാറ്റത്തെയാണ് ഗവേഷകർ ‘റിവേഴ്സ് ഫ്ലിൻ ഇഫക്ട്’ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, എല്ലാ രാജ്യങ്ങളിലും എല്ലാ വിഭാഗം ആളുകളിലും ഒരേ രീതിയിലുള്ള ഇടിവ് കണ്ടെത്തിയിട്ടില്ല. ചില രാജ്യങ്ങളിൽ ബുദ്ധിശേഷി പരിശോധനകളിലെ പ്രകടനം സ്ഥിരമായി തുടരുകയോ മെച്ചപ്പെടുകയോ ചെയ്യുന്നുമുണ്ട്.

മൊബൈലും ഡിജിറ്റൽ ജീവിതവും

റിവേഴ്സ് ഫ്ലിൻ ഇഫക്ടിന് പിന്നിൽ ഒരൊറ്റ കാരണം കണ്ടെത്താനാവില്ലെന്നാണ് ഗവേഷകരുടെ നിലപാട്. വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായ മാറ്റങ്ങൾ മുതൽ ആധുനിക ഡിജിറ്റൽ ജീവിതരീതി വരെ ഇതിൽ പങ്കുവഹിക്കുന്നുണ്ടാകാം. ഡിജിറ്റൽ സാങ്കേതികവിദ്യയോടുള്ള അമിത ആശ്രയം, വായനശീലത്തിലെ കുറവ്, ഓൺലൈൻ ലോകത്തെ നിരന്തര ശ്രദ്ധതിരിച്ചിലുകൾ തുടങ്ങിയവ മനുഷ്യരുടെ ചില ബൗദ്ധിക കഴിവുകളെ സ്വാധീനിക്കുന്നുണ്ടോയെന്നത് ഗവേഷണ വിഷയമാണ്. അതേസമയം, സാമൂഹിക-സാമ്പത്തിക അസമത്വം, മലിനീകരണം, ചില സമൂഹങ്ങളിലെ മോശം ആരോഗ്യ സാഹചര്യങ്ങൾ തുടങ്ങിയ പരിസ്ഥിതി-സാമൂഹിക ഘടകങ്ങളും പരിഗണിക്കപ്പെടുന്നുണ്ട്.

Show Full Article
TAGS:intelligence Health News Brain functions General Health 
News Summary - നമ്മുടെ ബുദ്ധിശേഷി കുറയുന്നുണ്ടോ?; ‘റിവേഴ്സ് ഫ്ലിൻ ഇഫക്ട്’ ചർച്ചയാക്കി പുതിയ പഠനങ്ങൾ
Next Story