ന്യൂറോ പുനരധിവാസം നേരത്തേ തുടങ്ങാം
text_fieldsസ്ട്രോക്ക്, തലക്കേൽക്കുന്ന പരിക്ക്, നട്ടെല്ലിന് ഏൽക്കുന്ന പരിക്ക് (സ്പൈനൽ കോഡ് ഇഞ്ചുറി) തുടങ്ങിയവക്ക് പ്രാരംഭ ചികിത്സ കഴിഞ്ഞാൽ പുനരധിവാസ ചികിത്സ വേണം എന്നത് എല്ലാവർക്കും അറിയാം. പക്ഷേ, മിക്കപ്പോഴും പുനരധിവാസം തുടങ്ങാൻ വൈകാറുണ്ട്. റിഹാബിലിറ്റേഷൻ ചികിത്സ എപ്പോൾ തുടങ്ങണം, എങ്ങനെ ചെയ്യണം, വൈകിയാലുള്ള കുഴപ്പങ്ങൾ എന്തെല്ലാം തുടങ്ങിയവയാണ് ചർച്ചചെയ്യുന്നത്.
എപ്പോൾ തുടങ്ങണം ?
സ്ട്രോക്ക്, തലക്കേൽക്കുന്ന പരിക്ക് തുടങ്ങിയവ ഉണ്ടായാൽ ആദ്യം കാണുന്നത് ഒരു ന്യൂറോളജിസ്റ്റ് അല്ലെങ്കിൽ ന്യൂറോ സർജൻ ആകും. തുടക്കത്തിലുള്ള ക്രിട്ടിക്കൽ സ്റ്റേജ് മറികടക്കാൻ മരുന്നുകളോ ഇന്റർവെൻഷൻസോ സർജറിയോ വേണ്ടിവരും. രോഗിയെ വെന്റിലേറ്ററിൽ കയറ്റേണ്ടിയും വരാം. ചിലപ്പോൾ ട്രക്കിയോസ്റ്റോമിയും വേണ്ടി വന്നേക്കാം. ആ ഒരു പ്രാരംഭ ചികിത്സ കഴിഞ്ഞ ഉടനെതന്നെ രോഗിയെ ഒരു റിഹാബിലിറ്റേഷൻ ഡോക്ടർ കണ്ട് പുനരധിവാസ ചികിത്സ തുടങ്ങിവെക്കണം.
ന്യൂറോളജിക്കൽ അവസ്ഥയിൽ സ്ഥിരത (stable) കൈവന്നാൽ, അതായത് രോഗിയുടെ അവസ്ഥ കൂടുതൽ മോശമാകാത്ത ഒരു സ്റ്റേജ് എത്തിയാൽ റിഹാബിലിറ്റേഷൻ വാർഡിലേക്ക് മാറ്റുകയും ഇന്റൻസീവ് റിഹാബിലിറ്റേഷൻ തുടങ്ങുകയും വേണം. റിഹാബിലിറ്റേഷൻ ഡോക്ടറുടെ കീഴിലുള്ള ഫിസിയോ തെറപ്പിസ്റ്റ്, ഒക്യൂപേഷനൽ തെറപ്പിസ്റ്റ്, സ്പീച്ച് ആൻഡ് സ്വാളോ പാതോളജിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവർ അടങ്ങിയ റിഹാബിലിറ്റേഷൻ ടീമിന്റെ മേൽനോട്ടത്തിലാണ് പുനരധിവാസ ചികിത്സ നടത്തേണ്ടത്.
നേരത്തേ തുടങ്ങിയാൽ?
തലച്ചോറിനും ഞരമ്പുകൾക്കും പരിക്കിൽനിന്ന് സ്വയം ശരിയാകാനുള്ള കഴിവാണ് പ്ലാസ്റ്റിസിറ്റി. പരിക്കിനുശേഷമുള്ള ആദ്യ ആഴ്ചകളിൽ ഇത് പരമാവധിയായിരിക്കും. ആ കാലയളവിൽ ഇന്റൻസീവ് തെറപ്പി നൽകിയാൽ രോഗി കിടപ്പിലാക്കുന്നത് ഒഴിവാക്കാനും കഴിയുന്നത്ര സ്വയംപ്രാപ്തി വരിക്കാനും കഴിയും. അതുപോലെതന്നെ പരിക്കുകാരണം ഉണ്ടാകുന്ന സങ്കീർണതകൾ വരാതെ നോക്കാം.
അബോധാവസ്ഥയിലുള്ള രോഗികൾക്കും സംസാരിക്കാൻ കഴിയാത്ത രോഗികൾക്കും പുനരധിവാസം ചെയ്യാമോ എന്ന സംശയമുണ്ടാകാറുണ്ട്. പല ലെവലിലുള്ള അബോധാവസ്ഥയിലായ രോഗികൾ ഉണ്ടാകും. അവരുടെ ലെവൽ അനുസരിച്ച് മരുന്നുകളും പലതരം ഉത്തേജക പ്രക്രിയകളും വഴി അവരുടെ ബോധാവസ്ഥയിൽ മാറ്റം വരുത്താം. ഇതെല്ലാം നേരത്തെ തുടങ്ങിയാൽ കൂടുതൽ ഫലപ്രദം ആണ്.
അതിനാൽ തെറപ്പിയിൽ നന്നായി സഹകരിക്കാൻ കഴിയുന്നതുവരെ പുനരധിവാസം നീട്ടിവെക്കേണ്ട ആവശ്യമില്ല. പുനരധിവാസം വൈകിപ്പിക്കുന്നത് അത്തരം രോഗികളെ കിടപ്പുരോഗികൾ ആക്കുകയും അത് രോഗിക്കും കുടുംബത്തിനും പല ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്യും.
Tracheostomy ഉള്ള രോഗികളെ റിഹാബിലിറ്റേഷനുവേണ്ടി അഡ്മിറ്റ് ആക്കാമോ എന്നതാണ് മറ്റൊരു ചോദ്യം. തീർച്ചയായും. റിഹാബിലിറ്റേഷൻ തുടങ്ങാൻ tracheostomy എടുത്തുമാറ്റുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. നേരത്തെ rehab തുടങ്ങിയാൽ tracheostomy tube, മൂക്കിലൂടെ ഭക്ഷണം കൊടുക്കുന്ന ട്യൂബ് തുടങ്ങിയവ വേഗത്തിലും സുരക്ഷിതമായും ഒഴിവാക്കാൻ പറ്റും.
ഞരമ്പ് സംബന്ധമായ പരിക്കുകളും അസുഖങ്ങളും ഉള്ളവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാൻ പുനരധിവാസ ചികിത്സ നേരത്തേ തുടങ്ങുന്നതുവഴി കഴിയുന്നു. മസ്തിഷ്കത്തിന്റെ സ്വയം ശരിയാകാനുള്ള കഴിവ് (പ്ലാസ്റ്റിസിറ്റി) മാക്സിമം ഉപയോഗിക്കാൻ ചികിത്സിക്കുന്ന ടീമിന് കഴിയുന്നു. അതിനാൽ എത്രയും വേഗം തന്നെ അത്തരം രോഗികളെ തുടർ ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ടത് അനിവാര്യമാണ്.
റിഹാബിലിറ്റേഷൻ വൈകിയാൽ?
- ബെഡ് സോർ, അഥവാ കിടപ്പിലായതുകൊണ്ട് ഉണ്ടാകുന്ന മുറിവുകൾ
- ന്യൂമോണിയ - പ്രത്യേകിച്ച് ട്രക്കിയോസ്റ്റമിയൊക്കെയുള്ള രോഗികൾക്കും വിഴുങ്ങാൻ ബുദ്ധിമുട്ടുള്ളവർക്കും ന്യൂമോണിയ വന്നാൽ വീണ്ടും ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നേക്കാം.
- സോഡിയം കുറഞ്ഞ് ബോധത്തെ ബാധിക്കുന്ന അവസ്ഥ
- കോൺട്രാക്ചറുകൾ- സന്ധികൾ പല പൊസിഷനുകളിൽ ഫിക്സ് ആയി മാറും. അതുകാരണം പേശികളുടെ ബലം വീണ്ടെടുത്താലും നടക്കാൻ ബുദ്ധിമുട്ടുണ്ടാകും.
- എല്ലുകളുടെയും പേശികളുടെയും ബലം കുറയും
- Deep Vein Thrombosis - കാലിലെ രക്തക്കുഴലുകളിൽ രക്തം കട്ടയാകുന്നത് ഗുരുതരമായ ഒരു കോംപ്ലിക്കേഷൻ ആണ്. അത് ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ എത്തി മരണം വരെ സംഭവിക്കാം.
- മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ
റിഹാബിലിറ്റേഷന്റെ പ്രധാന ഘടകങ്ങൾ
- വിശദമായ പരിശോധനയും രോഗനിർണയവും: കൈകാലുകളുടെ ബലവും ശക്തിയും മുതൽ വൈജ്ഞാനിക വൈകാരികമായ അവസ്ഥ വരെ വിശദമായി പരിശോധിക്കുന്നു.
- വ്യക്തിഗതമായ ചികിത്സാ പ്ലാൻ തയാറാക്കുന്നു: മൾട്ടി ഡിസിപ്ലിനറി ടീം ആണ് ഇത് ചെയ്യുന്നത്. രോഗിയെ ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള അവസ്ഥയിൽ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.
- രോഗിയുടെ അവസ്ഥ അനുസരിച്ച് വിവിധ തെറപ്പി (ഫിസിക്കൽ തെറപ്പി, ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, swallow therapy, സൈക്കോതെറപ്പി) കൂടാതെ പലതരം മരുന്നുകളും പുനരധിവാസത്തിന്റെ ഭാഗമായി വേണ്ടിവരും.
- റോബോട്ടിക് ട്രീറ്റ്മെന്റ്, വെർച്വൽ റിയാലിറ്റി വഴിയുള്ള തെറപ്പി തുടങ്ങിയവ
- കുടുംബത്തെ കൂടെ ഉൾപ്പെടുത്തിയുള്ള ചികിത്സ ഫലപ്രദവും രോഗിക്ക് വൈകാരികമായി ഉപയോഗപ്പെടുന്നതുമാണ്.