എല്ലാ ഹൃദയാഘാതങ്ങളും പെട്ടെന്ന് ഉണ്ടാകുന്നതല്ല; ഈ ലക്ഷണങ്ങൾ ചില സൂചനകളാണ്
text_fieldsഎല്ലാ ഹൃദയാഘാതങ്ങളും പെട്ടെന്ന് ഉണ്ടാകുന്നവയല്ല. പല ഹൃദയാഘാതങ്ങളും സാവധാനത്തിൽ ചെറിയ ലക്ഷണങ്ങളോടെയാണ് തുടങ്ങുന്നത്. ഈ ലക്ഷണങ്ങൾ ചിലപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ അല്ലെങ്കിൽ ആഴ്ചകളോ നീണ്ടുനിന്നേക്കാം. പെട്ടെന്നുള്ള നെഞ്ചുവേദനയും തളർച്ചയുമാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളായി പൊതുവെ പറയാറുള്ളതെങ്കിലും എല്ലായ്‌പ്പോഴും അങ്ങനെയാകണമെന്നില്ല. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ ഭാരം, ഇറുക്കം, അല്ലെങ്കിൽ വേദന എന്നിവ അനുഭവപ്പെടുക. ഇത് കുറച്ച് മിനിറ്റുകൾ നീണ്ടുനിൽക്കുകയോ, പോവുകയും വീണ്ടും വരികയും ചെയ്യുന്നത്, ഒരു കൈയിലോ, രണ്ടുകൈകളിലോ, പുറത്തോ, കഴുത്തിലോ, താടിയെല്ലിലോ വയറിന്റെ മുകൾഭാഗത്തോ വേദനയോ അസ്വസ്ഥതയോ തോന്നുക, നെഞ്ചിൽ അസ്വസ്ഥത ഉണ്ടായതുകൊണ്ടോ അല്ലാതെയോ ശ്വാസംമുട്ടൽ അനുഭവപ്പെടുക, അമിതമായി വിയർക്കുക, തലകറക്കം, ഓക്കാനം, അകാരണമായ ക്ഷീണം എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം.
ഈ ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും പ്രത്യേകിച്ചും സ്ത്രീകളിൽ. സ്ത്രീകൾക്ക് നെഞ്ചുവേദനയെക്കാൾ കൂടുതൽ ക്ഷീണം, ഓക്കാനം, ശ്വാസംമുട്ടൽ, പുറം വേദന എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. സ്ത്രീകൾക്ക് ആർത്തവവിരാമം (ഏകദേശം 45-50 വയസ്സിൽ) സംഭവിക്കുമ്പോൾ അവരുടെ ഹൃദ്രോഗ സാധ്യത ഗണ്യമായി വർധിക്കുന്നു. അതുകൊണ്ട് എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഹൃദയാഘാതമാണോ എന്ന് ഉറപ്പില്ലെങ്കിൽ പോലും ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് വളരെ പ്രധാനമാണ്. വേഗത്തിലുള്ള ചികിത്സ ഹൃദയത്തിന് ഉണ്ടാകാവുന്ന കേടുപാടുകൾ കുറക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും.
സിഗരറ്റ്, സിഗാർ, പൈപ്പ് എന്നിവ ഉൾപ്പെടെയുള്ള പുകയില ഹൃദ്രോഗങ്ങൾക്കും കാൻസറിനും മറ്റ് നിരവധി രോഗങ്ങൾക്കും കാരണമാകുന്നു. സെക്കൻഡ് ഹാൻഡ് സ്മോക്ക് (പാസിവ് സ്മോക്കിങ്) അഥവാ മറ്റൊരാൾ പുകവലിക്കുമ്പോൾ സമീപത്തുള്ളവർക്ക് ശ്വാസം വഴി പുക ഉള്ളിലെത്തുന്നതും ദോഷകരമാണ്. നെഞ്ചുവേദന ഹൃദയാഘാതമാകില്ലെന്ന് സ്വയം വിശ്വസിക്കരുത്. അപകടസാധ്യതയുണ്ടെന്ന് തോന്നിയാൽ ഉടനടി വൈദ്യസഹായം തേടുക. ഹൃദയാഘാതത്തിനുള്ള ഫലപ്രദമായ ചികിത്സകൾ ആദ്യത്തെ 6-8 മണിക്കൂർ വളരെ നിർണായകമാണ്. ഈ സമയത്തിനുള്ളിൽ ചികിത്സ ലഭിച്ചാൽ ഹൃദയത്തിന് സംഭവിക്കുന്ന തകരാറുകൾ കുറക്കാനും ജീവൻ രക്ഷിക്കാനും സാധിക്കും.
ഹൃദയപേശികളിലേക്ക് ആവശ്യമായ രക്തം എത്താതിരിക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയത്തിലെ രക്തക്കുഴലുകളായ കൊറോണറി ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഇത് സാധാരണയായി ഉണ്ടാകുന്നത്. ഈ അവസ്ഥക്ക് കൊറോണറി ആർട്ടറി ഡിസീസ് (CAD) എന്ന് പറയുന്നു. ഹൃദയാഘാതത്തിന് കാരണമാകുന്ന പല ഘടകങ്ങളുമുണ്ട്. ആരോഗ്യകരമല്ലാത്ത ജീവിതശൈലി ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നു. അമിതമായ മാനസിക സമ്മർദം ഹൃദയമിടിപ്പ് കൂട്ടാനും രക്തസമ്മർദം ഉയർത്താനും ഇടയാക്കും. ഹൃദ്രോഗത്തിന്‍റെ പാരമ്പര്യമുള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. പുരുഷന്മാരിൽ 45 വയസ്സിന് മുകളിലും സ്ത്രീകളിൽ 55 വയസ്സിന് മുകളിലും ഹൃദയാഘാത സാധ്യത കൂടുന്നു.