Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightകോവിഡിനുശേഷം ആരോഗ്യ...

കോവിഡിനുശേഷം ആരോഗ്യ ഭീഷണിയുയർത്തി സ്ക്രബ് ടൈഫസ്; തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ ബാധിക്കുന്നത് പത്ത് ശതമാനം പേരെ

text_fields
bookmark_border
കോവിഡിനുശേഷം ആരോഗ്യ ഭീഷണിയുയർത്തി സ്ക്രബ് ടൈഫസ്;   തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ ബാധിക്കുന്നത് പത്ത് ശതമാനം പേരെ
cancel

ചെന്നെ: ഇന്ത്യയിൽ ആ​രോഗ്യ ഭീഷണിയുയർത്തി സ്ക്രബ് ടൈഫസ് (ഒരു തരം ചെള്ളു രോഗം) വ്യാപിക്കുന്നു. പനിയുമായി ബന്ധപ്പെട്ട ആശുപത്രിവാസത്തിന് പ്രധാന കാരണമായ ബാക്ടീരിയ അണുബാധയായ ‘സ്‌ക്രബ് ടൈഫസി’നെക്കുറിച്ച് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. തമിഴ്‌നാട്ടിലെ ഗ്രാമീണ ജനസംഖ്യയുടെ 10 ശതമാനം പേരെയും വർഷം തോറും ഇത് ബാധിക്കുന്നതായി അവർ കണ്ടെത്തി.

ഏഷ്യയിലെ ഗ്രാമപ്രദേശങ്ങളിലെ പുല്ലിലും ചെടികളുടെ അവശിഷ്ടങ്ങളിലും മണ്ണിലും കാണപ്പെടുന്ന ‘ചിഗ്ഗേഴ്‌സ്’ എന്നറിയപ്പെടുന്ന രോഗബാധിതരായ ലാർവ മൈറ്റുകളുടെ കടിയേറ്റ് മനുഷ്യരിലേക്ക് പടരുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് സ്‌ക്രബ് ടൈഫസ്. ഇത് ജീവനുതന്നെ ഭീഷണിയാകാൻ സാധ്യതയുള്ളതാണ്.

തമിഴ്‌നാട്ടിലെ 37 ഗ്രാമങ്ങളിലായി രണ്ട് വർഷത്തിനിടെ 32,000 പേരെ നിരീക്ഷിച്ച വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (സി.എം.സി), ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ (എൽ.എസ്.എച്ച്.ടി.എം) എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതു സംബന്ധമായ വിവരങ്ങൾ പുറത്തുവിട്ടത്.

എന്നാൽ, അവരിൽ മിക്കവർക്കും രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. രോഗം ബാധിച്ചവരിൽ 8 ശതമാനം മുതൽ 15 ശതമാനം വരെ പേർക്ക് പനി ബാധിച്ചു. ഇതിന് മിക്ക​പ്പോഴും ആശുപത്രി പരിചരണം ആവശ്യമായെന്ന് ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനി’ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പനി, തലവേദന, ശരീരവേദന, ചുവന്ന തടിപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഡോക്സിസൈക്ലിൻ, അസിത്രോമൈസിൻ എന്നീ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ളതാണ് സാധാരണ ചികിത്സ. ചികിത്സ തേടിയില്ലെങ്കിൽ ശ്വസന തകരാറുകൾ, തലച്ചോറിൽ പഴുപ്പ്, വൃക്ക തകരാറ് എന്നിവയിലേക്ക് നയിച്ച് രോഗം ഗുരുതരമാവും.

‘കോവിഡിനുശേഷം തമിഴ്നാട്ടിലെ പനിയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം സ്‌ക്രബ് ടൈഫസ് ആയിരുന്നു. പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 30 ശതമാനവും ഇതിൽ ഉൾപ്പെടുന്നു’ -സി.എം.സിയിലെ പ്രധാന എഴുത്തുകാരിയും കമ്യൂണിറ്റി മെഡിസിൻ ഫിസിഷ്യനുമായ കരോൾ ദേവമണി പറഞ്ഞു.

‘കേസുകൾ സാധാരണവും ചികിത്സിക്കാവുന്നതുമാണ്. എന്നാൽ, പനി ബാധിച്ച രോഗികൾ പലപ്പോഴും സ്‌ക്രബ് ടൈഫസിനെ അതിന് സാധ്യതയുള്ള കാരണമായി കാണാറില്ല. എന്നാൽ, പ്രധാന ആശുപത്രികളിൽ രോഗനിർണയ പരിശോധനകൾ ലഭ്യമാണ്. പക്ഷേ എല്ലായിടത്തും ഇല്ല’- ഒരു വാർത്താക്കുറിപ്പിൽ അവർ പറഞ്ഞു.

2020 ആഗസ്റ്റ് മുതൽ 2022 ജൂലൈ വരെ ഗവേഷണ സംഘം ഓരോ ആറ് മുതൽ എട്ട് ആഴ്ച വരെ വീടുകൾ സന്ദർശിച്ച് രക്തസാമ്പിളുകൾ ശേഖരിക്കുകയും പരിശോധിച്ച് രേഖപ്പെടുത്തുകയും ചെയ്തു.

സ്‌ക്രബ് ടൈഫസിൽ നിന്നുള്ള അഞ്ച് മരണങ്ങൾ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഞങ്ങളുടെ പഠന ജനസംഖ്യയിൽ അഞ്ച് കേസുകൾ സ്‌ക്രബ് ടൈഫസ് ബാധിച്ച് മരിച്ചെങ്കിലും, ഇന്ത്യയിൽ കടുത്ത പനിയുടെ പ്രധാന കാരണങ്ങളായി സാധാരണയായി കരുതപ്പെടുന്ന മലേറിയ, ഡെങ്കി, ടൈഫോയ്ഡ് പനി എന്നിവയിൽ നിന്നുള്ള മരണങ്ങളൊന്നും ഞങ്ങൾ രേഖപ്പെടുത്തിയിട്ടില്ല’- എൽ.എസ്.എച്ച്.ടി.എമ്മിലെ പഠനത്തിന്റെ പ്രധാന അന്വേഷകനായ വുൾഫ് പീറ്റർ ഷ്മിഡ്റ്റ് പറഞ്ഞു.

Show Full Article
TAGS:Scrub Typhus Tamil Nadu rural health center diseases 
News Summary - Scrub typhus hidden cause of hospitalisation; 10 percentage of Tamil Nadu's rural population affected annually
Next Story