നോൺ-സ്റ്റിക്ക് പാത്രങ്ങളിലെ പുക ശ്വസിച്ചാൽ പനി വരും; അറിയണം ടെഫ്ലോൺ ഫ്ലൂവിനെ കുറിച്ച്...
text_fieldsനോൺ സ്റ്റിക് കുക് വെയറുകൾ വളരെ വേഗമാണ് ഇന്ത്യയിൽ പ്രചാരം നേടിയത്. ഏറ്റവും കുറച്ച് എണ്ണ മതി, പാചകം എളുപ്പമാക്കുന്നു, എളുപ്പം വൃത്തിയാക്കാനും കഴിയും എന്നീ കാര്യങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ ഗുണവും. 10 വർഷം മുമ്പത്തേതിനേക്കാൾ നോൺസ്റ്റിക് പാത്രങ്ങൾക്ക് ഇപ്പോൾ വില കുറവാണ്. എന്നാൽ നോൺസ്റ്റിക്ക് പാത്രങ്ങളിൽ നിന്നുള്ള വിഷ പുക ടെഫ്ലോൺ പനിക്ക് കാരണമാകും. 2023ൽ മാത്രം 250ലധികം അമേരിക്കക്കാരാണ് 'ടെഫ്ലോൺ ഫ്ലൂ', ശ്വസന രോഗം എന്നിവ കാരണം വൈദ്യചികിത്സ തേടിയതെന്ന് കണക്കുകൾ പറയുന്നു.
നോൺ-സ്റ്റിക്ക് പാത്രങ്ങൾ അമിതമായി ചൂടാകുമ്പോൾ ഉണ്ടാകുന്ന 'പോളിമർ ഫ്യൂം ഫീവർ' (Polymer Fume Fever) എന്ന അവസ്ഥയെയാണ് സാധാരണയായി ടെഫ്ലോൺ ഫ്ലൂ എന്ന് പറയുന്നത്. ഇത് ശ്വാസകോശ സംബന്ധമായ ഒരു രോഗമാണ്. നോൺ-സ്റ്റിക്ക് പാത്രങ്ങളുടെ കോട്ടിങിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് പോളിടെട്രാഫ്ലൂറോഎഥിലീൻ (PTFE), ഇത് സാധാരണയായി ടെഫ്ലോൺ എന്ന ബ്രാൻഡ് നാമത്തിലാണ് അറിയപ്പെടുന്നത്. ഈ പാത്രങ്ങൾ ഏകദേശം 260°C-ന് (500°F) മുകളിൽ ചൂടാകുമ്പോൾ ടെഫ്ലോൺ കോട്ടിങ് തകർന്ന് ദോഷകരമായ പുക പുറത്തുവിടും. ഈ പുക ശ്വസിക്കുന്നതിലൂടെയാണ് ടെഫ്ലോൺ ഫ്ലൂ ഉണ്ടാകുന്നത്.
ടെഫ്ലോൺ ഫ്ലൂവിന്റെ ലക്ഷണങ്ങൾ സാധാരണ പനിയുടേതിന് സമാനമായതിനാൽ പലപ്പോഴും ഇത് തിരിച്ചറിയാൻ പ്രയാസമാണ്. പനി, വിറയൽ, തലവേദന, ശരീരവേദന, നെഞ്ചിലെ ബുദ്ധിമുട്ട്, ചുമ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. പുക ശ്വസിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഈ ലക്ഷണങ്ങൾ സാധാരണയായി 12 മുതൽ 48 മണിക്കൂറിനുള്ളിൽ സ്വയം ഭേദമാകും. എങ്കിലും ചിലരിൽ ശ്വാസംമുട്ടൽ പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾ കണ്ടേക്കാം.
ടെഫ്ലോൺ ഫ്ലൂ സാധാരണയായി ഗുരുതരമായ ഒരു അവസ്ഥയല്ലെങ്കിലും ഇത് പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നോൺ-സ്റ്റിക്ക് പാത്രങ്ങൾ വളരെ ഉയർന്ന താപനിലയിൽ ഉപയോഗിക്കരുത്. ചെറുതോ ഇടത്തരമോ ആയ തീയിൽ മാത്രം പാചകം ചെയ്യുക. ഒഴിഞ്ഞ നോൺ-സ്റ്റിക്ക് പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുന്നത് വളരെ വേഗം താപനില ഉയരാൻ കാരണമാകും. അതുകൊണ്ട് പാചകം തുടങ്ങുന്നതിന് മുമ്പ് എണ്ണയോ വെണ്ണയോ ചേർക്കുക. അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുകയോ ജനലുകൾ തുറന്നിടുകയോ ചെയ്യുന്നത് പുക പുറത്തേക്ക് പോകാൻ സഹായിക്കും. നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ പോറലുകളോ കേടുപാടുകളോ ഉണ്ടായാൽ അത് ഉടൻ മാറ്റണം. പോറലുകളുള്ള പാത്രങ്ങൾ ചൂടാക്കുമ്പോൾ വിഷവസ്തുക്കൾ പുറത്തുവരാനുള്ള സാധ്യത കൂടുതലാണ്.