അസ്ഥിരോഗങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ചിലത്
text_fieldsപ്രായഭേദമന്യേ ആളുകളിൽ കണ്ടുവരുന്ന നടുവേദന, കഴുത്തുവേദന എന്നിവയെല്ലാം ജീവിതരീതിയുടെ ഫലമായി ബാധിക്കുന്ന അസുഖങ്ങളാണ്. ഇതിന് പ്രധാന കാരണമാകുന്നത് ഇടവേളകളില്ലാത്ത മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗമാണ്. ജോലിസ്ഥലത്തായാലും വീട്ടിലായാലും കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗത്തിനിടയിൽ ഇടവേളകൾ അനുവദിക്കുക എന്നതാണ് ഇതിനുള്ള പ്രധാന പോംവഴികളിലൊന്ന്.
ഇനി, പ്രായമുള്ളവരിലാകട്ടെ അസ്ഥിബലക്ഷയമാണ് (ഓസ്റ്റിയോപൊറോസിസ്) പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. സന്ധിവാതത്തെ കൃത്യമായി ചികിത്സിക്കാത്തവരില് അസ്ഥിബലക്ഷയത്തിന് സാധ്യത കൂടുതലാണ്. പ്രായമേറുമ്പോള്‍ അസ്ഥികളുടെ ബലം കുറയും. പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് ബലക്ഷയം വര്‍ധിക്കുകയും ചെറിയ പരിക്കുകള്‍ പോലും അസ്ഥികള്‍ ഒടിയുന്ന, രോഗി കിടപ്പിലാകുന്ന അവസ്ഥയിലേക്കും ചെന്നെത്താനിടയാവും. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിനുശേഷം സ്ത്രൈണ ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനം മൂലം അസ്ഥികളുടെ ബലം കുറയുന്നത് കൂടുതലായി കാണാറുണ്ട്.
എല്ലുകളെ ശക്തിപ്പെടുത്താൻ...
18നും 50നുമിടയിൽ പ്രായമുള്ള സ്ത്രീ/പുരുഷന്മാർക്ക് പ്രതിദിനം ആയിരം മില്ലിഗ്രാം കാൽസ്യം ആവശ്യമാണ്. ധാന്യങ്ങളും ഇലക്കറികളും ടോഫു പോലുള്ള സോയ ഉൽപന്നങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങൾ, ഓറഞ്ച് ജ്യൂസ് എന്നിവയിലെല്ലാം ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം അത്യാവശ്യം തന്നെ. വൈറ്റമിന്‍ ഡി ഇതിനാവശ്യമാണ്.
സൂര്യപ്രകാശം വേണ്ടത്ര ലഭിക്കാത്ത സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വൈറ്റമിൻ ഡിയുടെ കുറവ് അനുഭവപ്പെട്ടേക്കാം. ഭക്ഷണം മാത്രമല്ല വൈറ്റമിന്‍ ഡിയുടെ സ്രോതസ്. സൂര്യപ്രകാശത്തില്‍നിന്നും അത് ലഭിക്കും. സൂര്യരശ്മികള്‍ നമ്മുടെ ത്വക്കിന്റെ അടിയിലെ കൊഴുപ്പുപാളികളില്‍ വീഴുന്നതിന്റെ ഫലമായി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാൻ സഹായിക്കുന്ന അനുബന്ധ മരുന്നുകളാണ്. സൂര്യപ്രകാശത്തിൽനിന്നും ഭക്ഷണത്തിൽനിന്നും സപ്ലിമെൻറുകളിൽനിന്നും വിറ്റാമിൻ ഡി ലഭിക്കും. വിറ്റാമിൻ ഡി സപ്ലിമെൻറുകൾ കഴിക്കുന്നതിലൂടെ ഈ കുറവ് പരിഹരിക്കാനാകും. എന്നാൽ, ഇത് കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് ഉപദേശം തേടുന്നതാണ് ഉചിതം.
നിത്യേന വ്യായാമം ചെയ്യുക
എല്ലുകൾക്ക് കൂടുതൽ ശക്തി ലഭിക്കാൻ വ്യായാമം സഹായിക്കും. ഭാരോദ്വഹനം, പടികൾ കയറുക, കാൽനടയാത്ര, വേഗത്തിലുള്ള നടത്തം എന്നിങ്ങനെയുള്ള ഭാരോദ്വഹന വ്യായാമങ്ങൾ അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കും.
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക
പുകവലിശീലം എല്ലുകളുടെ സാന്ദ്രതയും ശരീരത്തിന്റെ പ്രതിരോധശേഷിയും എല്ലുകളുടെ ബലവും കുറക്കുന്നു. അതിനാൽ പുകവലി ഉപേക്ഷിക്കുക. അതുപോലെ അമിതമായി മദ്യം കഴിക്കുന്നത് എല്ലുകളുടെ ബലം കുറയ്ക്കുന്നു. അസ്ഥികള്‍ക്ക് ബലക്ഷയം അനുഭവപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അസ്ഥിരോഗ വിദഗ്ധനെ സമീപിക്കണം. ഡോക്ടര്‍ നിർദേശിക്കുന്ന മരുന്നുകൾക്കൊപ്പം ജീവിതരീതികളും പാലിക്കുക. കൂടാതെ പ്രധാനമായ വ്യായാമങ്ങള്‍, ഭക്ഷണക്രമങ്ങൾ എന്നിവയെല്ലാം കൃത്യമായി നിലനിർത്തുകയും വേണം.