ചെറിയ പനിയല്ലേ ഒരു പാരസെറ്റമോൾ കഴിച്ചാൽ മതി! വെറും വയറ്റിൽ പാരസെറ്റമോൾ കഴിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് എന്ത്?
text_fieldsപലപ്പോഴും നമ്മളിൽ പലരും ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പോലും പാരസെറ്റമോളിനെ അമിതമായി ആശ്രയിക്കുന്നവരാണ്. എളുപ്പത്തിൽ ലഭ്യമാണ് എന്ന് മാത്രമല്ല വിലകുറവുമാണ്. എന്നാൽ അമിതമായി പാരസെറ്റമോൾ കഴിച്ചാൽ ചില അപകടസാധ്യതകളും ഉണ്ടാകാം. പാരസെറ്റമോൾ മരുന്നുകൾ കൗണ്ടറിൽ നിന്ന് ലഭിക്കുന്നതിനാൽ പൂർണമായും നിരുപദ്രവകരമാണെന്ന് കരുതി ആളുകൾ അത് കഴിക്കാൻ പ്രവണത കാണിക്കുന്നു. എന്നാൽ പതിവായി കഴിക്കുന്നത് കരളിനെ നിശബ്ദമായി തകരാറിലാക്കുകയും വൃക്കകളെ ബുദ്ധിമുട്ടിക്കുകയും രക്തസമ്മർദം പോലും തകരാറിലാക്കുകയും ചെയ്യും.
ചെറിയ പനിയല്ലേ ഒരു പാരസെറ്റമോൾ കഴിച്ചാൽ മതിയെന്ന് പറഞ്ഞ് കേൾക്കാത്തവരായി ആരും കാണില്ല. പനിയോ തലവേദനയോ വന്നാൽ ഉടനെ നമ്മളിൽ പലരും ആശ്രയിക്കുന്നത് പാരസെറ്റമോളിനെയാണ്. ഡോക്ടറുടെ പോലും നിർദേശമില്ലാതെയാണ് കുട്ടികൾക്ക് വരെ മാതാപിതാക്കൾ പാരസെറ്റമോൾ കൊടുക്കുന്നത്. പനിയുള്ളപ്പോൾ വെറും വയറ്റിൽ പാരസെറ്റമോൾ കഴിക്കുന്നത് സാധാരണയായി ഒഴിവാക്കേണ്ടതാണ്. ഇതിന് കാരണം, ഭക്ഷണം കഴിച്ചതിനുശേഷം മരുന്ന് കഴിക്കുന്നതിനെ അപേക്ഷിച്ച് വെറും വയറ്റിൽ കഴിക്കുമ്പോൾ ശരീരത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
വെറും വയറ്റിൽ കഴിക്കുമ്പോൾ പാരസെറ്റമോൾ വേഗത്തിൽ ആഗിരണം ചെയ്യപ്പെടും. ഇത് മരുന്നിന്റെ ഫലം വേഗത്തിൽ നൽകുമെങ്കിലും ശരീരത്തിൽ ഒരുമിച്ച് കൂടുതൽ അളവ് എത്താൻ സാധ്യതയുണ്ട്. ഇത് ചിലപ്പോൾ പാർശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം. അമിത അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥത, ഓക്കാനം, ദഹനനാളത്തിന്റെ രക്തസ്രാവം എന്നിവക്ക് കാരണമാകുന്നു. വെറും വയറ്റിൽ ഇത് കഴിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
ചിലർക്ക് പാരസെറ്റമോൾ കഴിക്കുന്നത് അലർജിക്ക് കാരണമാകും. ചൊറിച്ചിൽ, ശരീരത്തിൽ ചുവന്ന പാട് പൊങ്ങി വരിക, ശ്വാസ തടസം എന്നിവ ഉണ്ടാകുന്നു. ഇതിന് ഉടനടി ചികിത്സ അവശ്യമാണ്. പാരസെറ്റമോൾ പതിവായി കഴിക്കുന്നത് ആസ്ത്മ, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവക്കും കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം കഴിക്കുമ്പോൾ, ആഹാരം ആമാശയത്തിലെ ആവരണത്തെ സംരക്ഷിക്കാൻ സഹായിക്കും. പാരസെറ്റമോൾ പ്രധാനമായും മെറ്റബോളിസ് ചെയ്യുന്നത് കരളിലാണ്. സാധാരണയായി കരൾ ഈ മരുന്നിനെ സുരക്ഷിതമായ ഉത്പന്നങ്ങളാക്കി മാറ്റുന്നു.
എന്നാൽ വെറും വയറ്റിൽ കഴിക്കുമ്പോൾ കരളിലേക്ക് മരുന്നിന്റെ അളവ് പെട്ടെന്ന് എത്തുന്നു. ഇത് ഒരു പരിധി വരെ കരളിന് സമ്മർദം ഉണ്ടാക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് അമിതമായി മരുന്ന് കഴിക്കുകയോ, കരൾരോഗം പോലുള്ള മുൻകാല അസുഖങ്ങളുള്ളവർ ശ്രദ്ധിക്കണം. വെറും വയറ്റിൽ പാരസെറ്റമോൾ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ ചെറിയ മാറ്റങ്ങൾക്ക് കാരണമാകാം. ഇത് പ്രമേഹരോഗികളിൽ ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണയായി ഡോക്ടർമാരും ആരോഗ്യവിദഗ്ധരും ഭക്ഷണം കഴിച്ചതിന് ശേഷം മാത്രം പാരസെറ്റമോൾ കഴിക്കാൻ നിർദേശിക്കാറുണ്ട്. ഇത് മരുന്ന് സാവധാനം ആഗിരണം ചെയ്യപ്പെടാനും വയറ്റിലെ അസ്വസ്ഥതകൾ കുറക്കാനും സഹായിക്കും. എന്നാൽ, കടുത്ത പനി പോലുള്ള സാഹചര്യങ്ങളിൽ വേഗത്തിൽ ഫലം ലഭിക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വെറും വയറ്റിൽ കഴിക്കാവുന്നതാണ്.
ഏറ്റവും ഉചിതമായ മാർഗം ഡോക്ടറുമായി സംസാരിച്ച് നിർദേശം തേടുക എന്നതാണ്. സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. പനിയുള്ളപ്പോൾ വെറും വയറ്റിൽ പാരസെറ്റമോൾ കഴിച്ചാൽ മരുന്നിന്റെ ഫലം വേഗത്തിൽ ലഭിക്കുമെങ്കിലും അത് വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കാനും, കരളിന് കൂടുതൽ സമ്മർദം നൽകാനും സാധ്യതയുണ്ട്. അതിനാൽ സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷം മാത്രം പാരസെറ്റമോൾ കഴിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ രീതി.