Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഭക്ഷണം കഴിക്കുമ്പോൾ...

ഭക്ഷണം കഴിക്കുമ്പോൾ തരിപ്പിൽ പോയാൽ ഉടൻ ചെയ്യേണ്ടത്...

text_fields
bookmark_border
ഭക്ഷണം കഴിക്കുമ്പോൾ തരിപ്പിൽ പോയാൽ ഉടൻ ചെയ്യേണ്ടത്...
cancel

ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സത്തെയാണ് സാധാരണയായി 'തരിപ്പിൽ പോവുക' അഥവാ തൊണ്ടയിൽ കുടുങ്ങുക എന്ന് പറയുന്നത്. ഇത് സംഭവിക്കുന്നത് ഭക്ഷണം ശ്വാസനാളത്തിലേക്ക് തെറ്റിക്കയറുമ്പോഴാണ്. ഇത്തരമൊരു സാഹചര്യമുണ്ടായാൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകളുണ്ട്. തൊണ്ടയിൽ ഭക്ഷണക്കുഴലും ശ്വാസനാളവും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ഭക്ഷണം വിഴുങ്ങുമ്പോൾ 'എപിഗ്ലോട്ടിസ്' എന്ന ചെറിയൊരു വാൽവ് ശ്വാസനാളം അടച്ചുപിടിക്കും. എന്നാൽ ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുമ്പോൾ ഈ വാൽവ് കൃത്യമായി അടയാതിരിക്കുകയും ഭക്ഷണം ശ്വാസനാളത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഇതാണ് തരിപ്പിൽ പോകാൻ കാരണം.

ചിലർക്ക് എപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ തരിപ്പിൽ പോകാറുണ്ട്. ഇത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശീലിക്കാം. ഭക്ഷണം കഴിക്കുമ്പോൾ നട്ടെല്ല് നിവർത്തി നേരെ ഇരിക്കുക. കിടന്നുകൊണ്ടോ ചായഞ്ഞു കിടന്നോ ഭക്ഷണം കഴിക്കരുത്. വലിയ ഉരുളകൾ ഒഴിവാക്കി ചെറിയ അളവിൽ മാത്രം ഭക്ഷണം വായയിൽ വെക്കുക. ദാഹമുണ്ടെന്ന് കരുതി വേഗത്തിൽ വെള്ളം കുടിക്കരുത്. അല്പം അല്പമായി കുടിക്കുക. ടിവി കാണുകയോ മൊബൈൽ നോക്കുകയോ ചെയ്യുന്നത് ഒഴിവാക്കി ഭക്ഷണത്തിൽ മാത്രം ശ്രദ്ധിക്കുക. ഇത് വിഴുങ്ങുന്ന പ്രക്രിയ സുഗമമാക്കും.

തരിപ്പിൽ പോയാൽ ഉടൻ ചെയ്യേണ്ടത്

ശക്തമായി ചുമക്കുക: തരിപ്പിൽ പോയാൽ ശരീരം തനിയെ ചുമക്കാൻ ശ്രമിക്കും. ഇത് തടയരുത്, മറിച്ച് ആഞ്ഞു ചുമച്ച് ശ്വാസനാളത്തിലെ തടസ്സം നീക്കം ചെയ്യാൻ ശ്രമിക്കുക.

വെള്ളം കുടിക്കാൻ ധൃതി കാണിക്കരുത്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നിൽക്കുമ്പോൾ പെട്ടെന്ന് വെള്ളം കുടിക്കുന്നത് ചിലപ്പോൾ സ്ഥിതി വഷളാക്കാം. ചുമച്ച് ശ്വാസം നേരെയായ ശേഷം മാത്രം കുറച്ചു വെള്ളം കുടിക്കുക.

സംസാരിക്കാൻ ശ്രമിക്കരുത്: ഈ സമയത്ത് സംസാരിക്കാൻ ശ്രമിക്കുന്നത് ശ്വാസതടസ്സം കൂട്ടും.

കൂടെയുള്ളവർ എന്ത് ചെയ്യണം?

തരിപ്പിൽ പോയ ആളെ അല്പം മുന്നോട്ട് കുനിച്ച് നിർത്തി, കൈപ്പത്തി കൊണ്ട് മുതുകിന്റെ നടുവിൽ അഞ്ചോ ആറോ തവണ ശക്തമായി തട്ടുക. ശ്വാസതടസ്സം മാറുന്നില്ലെങ്കിൽ രോഗിയുടെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച്, വയറിന്റെ മുകൾ ഭാഗത്ത് (നെഞ്ചിന് തൊട്ടുതാഴെ) അകത്തേക്കും മുകളിലേക്കും ആഞ്ഞു അമർത്തുക. ഈ രീതിയാണ് ഹൈംലിക് മന്യൂവർ.

പെട്ടെന്ന് ബ്ലാക്ക് ഔട്ടായാൽ

തരിപ്പിൽ പോയാൽ ബോധക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്. ഭക്ഷണം ശ്വാസനാളത്തിൽ പൂർണ്ണമായി തടസ്സമുണ്ടാക്കിയാൽ ശ്വാസകോശത്തിലേക്ക് വായു എത്തുന്നത് നിലക്കും. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം ഏതാനും നിമിഷങ്ങൾ തടസ്സപ്പെട്ടാൽ തന്നെ ശരീരം തളരുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്യും. പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സവും പരിഭ്രാന്തിയും കാരണം രക്തസമ്മർദ്ദവും ഹൃദയമിടിപ്പും പെട്ടെന്ന് കുറയാം. ഇതും ബോധം മറയാൻ കാരണമാകും. സംസാരിക്കാൻ കഴിയാതെ വരിക, ശ്വാസം എടുക്കാൻ ആഞ്ഞു ശ്രമിച്ചിട്ടും ശബ്ദം പുറത്തുവരാതിരിക്കുക, മുഖവും ചുണ്ടും നീല നിറമാകുക, പരിഭ്രാന്തിയോടെ തൊണ്ടയിൽ കൈവെക്കുക ഇതൊക്കെ ലക്ഷണങ്ങളാണ്.

ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണം കഴിക്കുമ്പോൾ ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നത് ഭക്ഷണം ശ്വാസനാളത്തിലേക്ക് പോകാൻ കാരണമാകും. ഭക്ഷണം നന്നായി ചവച്ചരച്ച് ചെറിയ ഉരുളകളായി മാത്രം ഇറക്കുക. തിരക്കുപിടിച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കിടന്നുകൊണ്ടോ നടന്നുകൊണ്ടോ ഭക്ഷണം കഴിക്കുന്നത് തരിപ്പിൽ പോകാൻ ഇടയാക്കും. ചുമച്ചതിന് ശേഷവും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ശബ്ദം മാറുകയോ സംസാരിക്കാൻ പ്രയാസം തോന്നുകയോ ചെയ്താൽ, ഭക്ഷണം ഉള്ളിൽ കുടുങ്ങിപ്പോയതുപോലെ തോന്നുംവിധം വേദനയുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണിക്കണം.

Show Full Article
TAGS:Health Alert Faints Health News 
News Summary - What to do immediately if you get dizzy while eating
Next Story