Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_right40കളിൽ...

40കളിൽ പ്രസവിക്കുന്നവരുടെ എണ്ണം കൂടുന്നു; സ്ത്രീകൾ വൈകിയുള്ള ഗർഭധാരണം തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

text_fields
bookmark_border
Late pregnancy
cancel

പല സ്ത്രീകളും മാതൃത്വത്തിലേക്ക് കാലെടുത്തുവെക്കുന്നതിന് മുമ്പ് വിദ്യാഭ്യാസം, കരിയർ, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവക്ക് മുൻഗണന നൽകുന്നു. ഉദാഹരണത്തിന് ദീപിക പദുക്കോൺ 38 വയസ്സുള്ളപ്പോഴാണ് മകൾക്ക് ജന്മം കൊടുത്തത്. 42-ാം വയസ്സിലാണ് കത്രീന അമ്മയാവാൻ ഒരുങ്ങുന്നത്. കുഞ്ഞ് ജനിച്ചാലുടൻ കത്രീന സിനിമയിൽനിന്ന് ദീർഘ അവധിയെടുക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമീപ വർഷങ്ങളിൽ വൈകിയുള്ള ഗർഭധാരണം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വിവിധ കാരണങ്ങളാൽ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ നാൽപ്പതുകളിലോ അതിനുശേഷമോ കുട്ടികളുണ്ടാകാൻ തിരഞ്ഞെടുക്കാറുണ്ട്.

​സെലിബ്രിറ്റികൾ അവരുടെ കരിയറിന് വലിയ പ്രാധാന്യം നൽകുന്നു. സിനിമ, സംഗീതം, ഫാഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കരിയറിന്റെ ഏറ്റവും നല്ല സമയം അവരുടെ ഇരുപതുകളിലും മുപ്പതുകളിലുമായിരിക്കും. ഈ സമയത്ത് ഗർഭധാരണം ചെയ്യുന്നത് കരിയറിന് തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് കരിയറിൽ ഒരു നിലയിലെത്തിയ ശേഷം മാത്രം കുട്ടികളുണ്ടാകാൻ അവർ ആഗ്രഹിക്കുന്നു.

​സെലിബ്രിറ്റികൾ സാധാരണയായി സാമ്പത്തികമായി സുരക്ഷിതരാണ്. എന്നിരുന്നാലും ഒരു കുട്ടിക്ക് ഏറ്റവും മികച്ച ജീവിതം നൽകാൻ അവർക്ക് കൂടുതൽ സമയം വേണം. സാമ്പത്തികമായി കൂടുതൽ മെച്ചപ്പെട്ട ശേഷം കുട്ടിക്ക് വേണ്ടി സമയം ചെലവഴിക്കാൻ തയ്യാറാകുന്നവരുമുണ്ട്. ​സെലിബ്രിറ്റികൾ അവരുടെ ശാരീരികക്ഷമതയിൽ വലിയ ശ്രദ്ധ ചെലുത്തുന്നു. അവർക്ക് ശരിയായ ഡയറ്റും വ്യായാമവും ചെയ്യാൻ ധാരാളം സമയമുണ്ട്. ഇത് ആരോഗ്യകരമായ ഗർഭധാരണത്തിന് സഹായിക്കുന്നു. കൂടാതെ മാനസികമായി കൂടുതൽ പക്വത നേടുമ്പോൾ കുട്ടികളെ വളർത്തുന്നത് എളുപ്പമാകുമെന്ന് ചിന്തിക്കുന്നവരുമുണ്ട്.

അപകടസാധ്യതകൾ

സാമൂഹിക സ്വീകാര്യതയും വൈദ്യശാസ്ത്ര പുരോഗതിയും ഈ മാറ്റത്തെ പിന്തുണച്ചിട്ടുണ്ടെങ്കിലും പ്രായം ചില ആരോഗ്യ വെല്ലുവിളികൾ കൊണ്ടുവരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വൈകിയുള്ള ഗർഭധാരണത്തിന്റെ പ്രധാന ആശങ്കകളിലൊന്ന് പ്രത്യുൽപാദന ശേഷി കുറയുന്നതാണ്. ഒരു സ്ത്രീക്ക് പ്രായമാകുമ്പോൾ അവളുടെ അണ്ഡാശയ ശേഖരം കുറയുകയും അണ്ഡങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായി ഗർഭം ധരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ഗർഭം അലസൽ, ഡൗൺ സിൻഡ്രോം പോലുള്ള ക്രോമസോം തുടങ്ങി വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

കുടുംബാസൂത്രണത്തെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുന്നതിൽ ഇന്നത്തെ സ്ത്രീകൾ കൂടുതൽ വിവരമുള്ളവരും സ്വതന്ത്രരുമാണ്. 30കളുടെ മധ്യത്തിലോ 40കളിലോ പ്രസവം വൈകിപ്പിക്കുന്നത് ഇപ്പോൾ അസാധാരണമല്ലെന്ന് ഏഷ്യൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്-ഒബ്സ്റ്റട്രിക്സ്-ഗൈനക്കോളജി ആൻഡ് റോബോട്ടിക് സർജറി ഡോ. ഉഷ പ്രിയംബദ പറയുന്നു. എന്നിരുന്നാലും വൈദ്യശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ അംഗീകരിക്കുകയും സ്ത്രീകൾക്ക് ശരിയായ മാർഗനിർദ്ദേശവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം ഡോ. ഉഷ കൂട്ടിച്ചേർത്തു.

വൈകിയുള്ള ഗർഭധാരണം ഗർഭകാല പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പ്രീക്ലാമ്പ്സിയ, പ്ലാസന്റ പ്രീവിയ, സിസേറിയൻ പ്രസവം എന്നിവയുൾപ്പെടെയുള്ള ചില സങ്കീർണതകൾക്കുള്ള സാധ്യത കൂടുതലാണ്. ഈ അവസ്ഥകൾ അമ്മക്കും കുഞ്ഞിനും ഒരുപോലെ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. വൈകിയുള്ള ഗർഭധാരണം മാസം തികയാതെയുള്ള പ്രസവത്തിനും കുറഞ്ഞ ജനന ഭാരത്തിനും സാധ്യത വർധിപ്പിക്കുന്നു. ഈ ഘടകങ്ങൾ കുഞ്ഞിന് ശ്വസന പ്രശ്നങ്ങൾ, ഭക്ഷണ ബുദ്ധിമുട്ടുകൾ, വികസന കാലതാമസം എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഗർഭിണികൾ വൈദ്യോപദേശം പാലിക്കേണ്ടതും കുഞ്ഞിന്റെ വളർച്ചയും വികാസവും നിരീക്ഷിക്കുന്നതിന് പതിവായി പ്രസവത്തിനു മുമ്പുള്ള പരിശോധനകൾക്ക് വിധേയരാകേണ്ടതും പ്രധാനമാണ്.

ശരിയായ വൈദ്യ പരിചരണമുണ്ടെങ്കിൽ 30കളിലും 40കളിലും സ്ത്രീകൾക്ക് ആരോഗ്യകരമായ ഗർഭധാരണവും സാധ്യമാണ്. വെല്ലുവിളികളെക്കുറിച്ച് ബോധവാന്മാരായിരിക്കുക, ആരോഗ്യ സംരക്ഷണ ദാതാക്കളുമായി അടുത്ത് പ്രവർത്തിക്കുക എന്നിവയാണ് പ്രധാനം. അപകടസാധ്യതകൾ ഉണ്ടെങ്കിലും വൈകിയുള്ള മാതൃത്വത്തിന്റെ ഗുണങ്ങൾ ഡോക്ടർമാർ സൂചിപ്പിക്കുന്നുണ്ട്. വൈകി അമ്മമാരാകുന്ന സ്ത്രീകൾ പലപ്പോഴും സാമ്പത്തികമായി കൂടുതൽ സ്ഥിരതയുള്ളവരും, വൈകാരികമായി തയ്യാറുള്ളവരും, ഒരു കുട്ടിയെ വളർത്തുന്നതിനായി സ്വയം സമർപ്പിക്കാൻ തയ്യാറുള്ളവരുമായിരിക്കും. ഐ.വി.എഫ്. (IVF), ഫ്രോസൺ എഗ്ഗ് സാങ്കേതികവിദ്യ (Egg Freezing) പോലുള്ള നൂതന ചികിത്സാ രീതികൾ ഇപ്പോൾ ലഭ്യമാണ്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രായം വൈകിയാലും ഗർഭം ധരിക്കാനും ആരോഗ്യകരമായ കുട്ടികളെ പ്രസവിക്കാനും സാധിക്കും.

Show Full Article
TAGS:women pregnancy pregnancy care Risks motherhood 
News Summary - Why More Women Are Choosing To Get Pregnant Later In Life
Next Story