Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമുപ്പതുകളിലെ സന്ധിവേദന...

മുപ്പതുകളിലെ സന്ധിവേദന വെറുമൊരു ക്ഷീണമല്ല; ചെറുപ്പക്കാരെ ബാധിക്കുന്ന ആർത്രൈറ്റിസ്

text_fields
bookmark_border
Arthritis
cancel
camera_alt

പ്രതീകാത്മക ചിത്രം

സന്ധിവാതം എന്നാൽ പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന തെറ്റായ ധാരണയാണ് പൊതുവേ സമൂഹത്തിലുള്ളത്. എന്നാൽ ഇന്ന് കംപ്യൂട്ടറിനു മുന്നിലും ഡെസ്കുകളിലും മണിക്കൂറുകളോളം ജോലിയെടുക്കുന്ന മുപ്പതുകളിലെയും ഇരുപതുകളിലെയും ചെറുപ്പക്കാരെയാണ് പലതരം സന്ധിവാതങ്ങൾ നിശബ്ദമായി കീഴ്പെടുത്തുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നതുമായ ഒന്നാണ് ആക്സിയൽ സ്പോണ്ടിലോ ആർത്രൈറ്റിസ് (Axial Spondyloarthritis).

പ്രധാനമായും 45 വയസ്സിൽ താഴെയുള്ള യുവജനങ്ങളെയാണ് ഈ രോഗാവസ്ഥ ഗുരുതരമായി ബാധിക്കുന്നത്. പ്രായത്തിന്റെ ചെറുപ്പവും ഊർജ്ജവുമുള്ളതുകൊണ്ട് പലരും ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളെ വെറും നടുവേദനയായോ ശരീരവേദനയായോ കരുതി അവഗണിക്കുകയാണ് പതിവ്.

എന്താണ് ആക്സിയൽ സ്പോണ്ടിലോ ആർത്രൈറ്റിസ്?

ശരീരത്തിന്റെ പ്രധാന അച്ചുതണ്ടായ നട്ടെല്ലിനെയും നിതംബ ഭാഗത്തുള്ള സാക്രോഇലിയാക് ജോയിന്റിനെയും ബാധിക്കുന്ന ഒരുതരം ഇൻഫ്ലമേറ്ററി സന്ധിവാതമാണിത്. സാധാരണ നടുവേദനകളിൽനിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്.

പ്രതിരോധവ്യവസ്ഥയിലെ തകരാറുകൾ മൂലം നട്ടെല്ലിലെ സന്ധികളിൽ കടുത്ത നീർക്കെട്ട് ഉണ്ടാകുകയും, പിന്നീട് അത് നട്ടെല്ലിന്റെ ചലനശേഷി നഷ്ടപ്പെടുത്തി ഒന്നിച്ച് ഉറച്ചുപോകുന്ന അവസ്ഥയിലേക്ക് (Ankylosing Spondylitis) നയിക്കുകയും ചെയ്യാം.

തിരിച്ചറിയാം, ലക്ഷണങ്ങൾ

ചെറുപ്പക്കാരിലെ ഈ സന്ധിവാതത്തിന് ചില പ്രത്യേക ലക്ഷണങ്ങളുണ്ട്.

  1. രാവിലെ ഉറക്കമുണരുമ്പോൾ നടുഭാഗത്തും നിതംബത്തിലും കഠിനമായ വേദനയും അനക്കാൻപോലും പറ്റാത്തവിധം ശരീരത്തിന് കാഠിന്യവും അനുഭവപ്പെടുക.
  2. സാധാരണ നടുവേദന വിശ്രമിക്കുമ്പോൾ കുറയുമെങ്കിൽ, ഈ രോഗത്തിന്റെ പ്രത്യേകത അല്പം നടന്ന് വ്യായാമം ചെയ്യുമ്പോൾ വേദന പടിപടിയായി കുറയുകയും ശരീരത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും എന്നതാണ്.
  3. വിശ്രമ വേളകളിലോ രാത്രി കിടക്കുമ്പോഴോ ദീർഘനേരം ഇരിക്കുമ്പോഴോ വേദനയും അസ്വസ്ഥതയും വീണ്ടും വർദ്ധിക്കും.
  4. മറ്റ് ലക്ഷണങ്ങൾ: സന്ധിവേദനയോടൊപ്പം കടുത്ത ക്ഷീണം, കണ്ണുകളിൽ ചുവപ്പും വേദനയും വരുന്ന അവസ്ഥ (Uveitis), വിരലുകളിലോ ഉപ്പൂറ്റിയിലോ ഉണ്ടാകുന്ന നീർക്കെട്ട് എന്നിവയും ഇതിന്റെ ഭാഗമായി കണ്ടേക്കാം.

വില്ലനാകുന്ന ജീവിതശൈലി

ചെറുപ്പക്കാരിൽ ഈ രോഗം വഷളാകുന്നതിന് ഇന്നത്തെ ആധുനിക ജീവിതശൈലിക്ക് വലിയ പങ്കുണ്ട്.

നീണ്ട നേരത്തെ ഇരിപ്പ് : കസേരയിൽ മണിക്കൂറുകളോളം ഒരേ ഇരുപ്പിൽ ജോലി ചെയ്യുന്നത് നട്ടെല്ലിനും സന്ധികൾക്കും അമിത ഭാരവും ആയാസവും ഉണ്ടാക്കുന്നു.

വ്യായാമക്കുറവ്: ശരീരത്തിന് ആവശ്യമായ അനക്കമോ വ്യായാമമോ ഇല്ലാതിരിക്കുന്നത് സന്ധികളുടെ വഴക്കം കുറയ്ക്കുന്നു.

മാനസിക സമ്മർദവും പുകവലിയും: ശരീരത്തിലെ നീർക്കെട്ട് വർദ്ധിപ്പിക്കാൻ ഇവ പ്രധാന കാരണമാകുന്നുണ്ട്.

പ്രതിരോധവും ചികിത്സയും

നട്ടെല്ലിന്റെ ചലനശേഷി എന്നന്നേക്കുമായി നഷ്ടപ്പെടാൻ ഈ രോഗം ഇടയാക്കുമെന്നതിനാൽ തുടക്കത്തിലെ കണ്ടെത്തൽ അത്യന്താപേക്ഷിതമാണ്. ലക്ഷണങ്ങൾ ഏതാനും ആഴ്ചകളിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു റൂമറ്റോളജിസ്റ്റിന്റെ സേവനം തേടേണ്ടതാണ്. എം.ആർ.ഐ സ്കാനിങ് അടക്കമുള്ള ആധുനിക പരിശോധനകളിലൂടെ രോഗം പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്താനാകും.

കൃത്യമായ മരുന്നുകളും ഒപ്പം ഫിസിയോതെറാപ്പിയും നൽകിയാൽ രോഗം പൂർണ്ണമായും നിയന്ത്രിച്ചുനിർത്താം. മുടങ്ങാതെ യോഗ, നീന്തൽ, സ്ട്രെച്ചിങ് വ്യായാമങ്ങൾ എന്നിവ ശീലമാക്കുന്നത് നട്ടെല്ലിന്റെ വഴക്കം നിലനിർത്താൻ സഹായിക്കും. ചെറുപ്പത്തിലെ സന്ധിവേദനയെ നിസാരമായി തള്ളിക്കളയാതിരിക്കുക. കാരണം സന്ധികളുടെ ആരോഗ്യമാണ് ഭാവിയിലെ ഊർജ്ജസ്വലമായ ജീവിതത്തിന്റെ അടിത്തറ.

(തയാറാക്കിയത്-ഡോ. ആനന്ദ് ശശിധരൻ, സീനിയർ സ്പെഷ്യലിസ്റ്റ് റുമറ്റോളജി, ആസ്റ്റർ മിംസ് കോട്ടക്കൽ )

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Joint Pain youth Arthritis back pain rheumatology 
News Summary - Young Age Arthritis Isn't Fatigue
Next Story