അഞ്ച് വൃക്കകളുള്ള ശാസ്ത്രജ്ഞൻ, അസാധാരണമായൊരു അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ കഥ
text_fieldsഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിലെ (ഡി.ആർ.ഡി.ഒ) ശാസ്ത്രജ്ഞനായ ദേവേന്ദ്ര ബാർലേവാർ ജനുവരി എട്ടിന് ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിൽ നാല് മണിക്കൂർ നീണ്ട വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി. ഇന്ത്യൻ വൈദ്യശാസ്ത്ര രംഗത്തെ സുപ്രധാന നാഴികക്കല്ല് കൂടിയായിരുന്നു അത്. 45 കാരനായ ദേവേന്ദ്ര ബാർലേവാർ അഞ്ച് വൃക്കകളുമായി ജീവിക്കുന്ന അപൂർവ വ്യക്തിയുമായി. മാരക രോഗങ്ങളിൽ മാനസികമായി തളർന്നുപോകുന്നവർക്കും ചികിത്സാ വഴികളിൽ വെല്ലുവിളികൾ നേരിടുന്നവർക്കും പ്രചോദനമാണ് മനസാന്നിധ്യം വീണ്ടെടുത്ത് വീണ്ടും വീണ്ടും പോരാടിയ ബാർലേവാറിന്റെ ജീവിതകഥ.
15 വർഷംമുമ്പ്, 2008ൽ രക്ത സമ്മർദം മൂർച്ഛിച്ചതോടെയാണ് ബാർലേവാറിന്റെ രോഗാവസ്ഥ ആരംഭിച്ചത്. ഇത് പിന്നീട് വിട്ടുമാറാത്ത വൃക്കരോഗത്തിലെത്തിച്ചു. കാലക്രമേണ ആരോഗ്യ നില വഷളായി. രണ്ട് വൃക്കകളും പ്രവർത്തനരഹിതമായതോടെ 2010 ൽ ആദ്യ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ. പക്ഷേ, പരാജയപ്പെട്ടു. 2012ൽ രണ്ടാമതും ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും അതിനും ആദ്യ ശസ്ത്രക്രിയയുടെ വിധിതന്നെയായിരുന്നു ഫലം. 2022ൽ ഒരു തവണ കൂടി ശസ്ത്രക്രിയക്കൊരുങ്ങിയെങ്കിലും കോവിഡ്-19 മഹാമാരി വിതച്ച സാഹചര്യങ്ങൾ അത് അസാധ്യമാക്കി.
ജനുവരി എട്ടിനാണ് ആ ശസ്ത്രക്രിയ വീണ്ടും നടന്നത്. മൂന്നാമത്തെ വൃക്ക മാറ്റിവെക്കൽ വിജയം കണ്ടു. രോഗം നശിപ്പിച്ച രണ്ട് വൃക്കകളും ശസ്ത്രക്രിയകളിലായി ലഭിച്ച മറ്റ് രണ്ട് വൃക്കകളും പ്രവർത്തനക്ഷമമായ ഒരു പുതിയ വൃക്കയും ഉൾപ്പെടെ അഞ്ച് വൃക്കകളാണ് ഇന്ന് അദ്ദേഹത്തിന്റെ ശരീരത്തിലുള്ളത്. പത്ത് ദിവസത്തിനുള്ളിൽ, വൃക്കകളുടെ പ്രവർത്തനം സുസ്ഥിരമായി എന്നുറപ്പിച്ച് ബാർലേവാർ ആശുപത്രി വിട്ടു. രണ്ടാഴ്ചക്കുള്ളിൽ രക്തത്തിലെ ക്രിയാറ്റിനിൻ അളവ് സാധാരണ നിലയിലാവുകയും ചെയ്തു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അസാമാന്യമായ വൈദഗ്ധ്യത്തിന്റെയും അപ്രതീക്ഷിത പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് നീങ്ങിയതിന്റെയും തെളിവാണ് ദേവേന്ദ്ര ബാർലേവാറിന്റെ ജീവിതം.