പനിയില്ലാതെ തൊണ്ട വേദനയുണ്ടോ? അത് ഇൻഫെക്ഷനായിരിക്കില്ല, ആസിഡ് റിഫ്ലക്സ് ആയിരിക്കും
text_fieldsന്യൂഡൽഹി: ഇൻഫെക്ഷനാണെന്ന് കരുതി തൊണ്ട വേദനക്ക് ആന്‍റിബയോട്ടിക് കഴിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന തൊണ്ട വേദനക്ക് കാരണം ഇൻഫെക്ഷൻ മാത്രമായിരിക്കില്ലെന്നും ആസിഡ് റിഫ്ലക്ഷനും ഇതിനു കാരണമാകുന്നുണ്ടെന്നുമാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. 20വയസ്സിനും 30 വയസ്സിനും ഇടയിലുള്ള യുവാക്കളിലാണ് ആസിഡ് റിഫ്ലക്സ് മൂലമുള്ള തൊണ്ട വേദന കൂടുതലായി കണ്ടുവരുന്നത്. വയറിൽ നിന്നുണ്ടാകുന്ന ആസിഡ് മൂലം തൊണ്ടയിലും വോക്കൽ കോഡിലും അസ്വസ്ഥത ഉണ്ടാക്കുന്ന 'ലാറിംഗോഫറിഞ്ചിയൽ' എന്ന അവസ്ഥയാണിത്. മറ്റ് ആസിഡ് റിഫ്ലക്സ് പോലെ നെഞ്ചെരിച്ചിൽ ഉണ്ടാകില്ല ഇതിന്.
ആസിഡ് റിഫ്ലക്സിന്‍റെ ലക്ഷണങ്ങൾ
നീണ്ടുനിൽക്കുന്ന തൊണ്ട വേദന, തൊണ്ടയിൽ എന്തോ വസ്തു ഉണ്ടെന്ന തോന്നൽ, പരുഷമായ ശബ്ദം, കൂടുതൽ ഗുരുതരമായാൽ ശക്തമായ തൊണ്ട വേദന ഇതാണ് പ്രധാന ലക്ഷണങ്ങൾ. മൂക്കൊലിപ്പ്, ജലദോഷം, ശരീര വേദന എന്നിങ്ങനെ അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരിക്കില്ല. ഭക്ഷണം കഴിച്ച ശേഷം രാത്രിയിലോ അതിരാവിലെയോ പ്രത്യേകിച്ച് ഭക്ഷണം കഴിച്ച് ഉടൻ കിടക്കുമ്പോഴുമാണ് ആസിഡ് റിഫ്ലക്സ് ഉണ്ടാകുന്നത്.
എന്തുകൊണ്ട്?
ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് യുവാക്കളിലെ ആസിഡ് റിഫ്ലക്സിന് കാരണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തതും വൈകി ഭക്ഷണം കഴിക്കുന്നതും എരിവുള്ള ഭക്ഷണം ധാരാളമായി കഴിക്കുന്നതും സമ്മർദ്ദവും ഇത് ഗുരുതരമാക്കുന്നു. ആവശ്യത്തിന് ഉറക്കം കിട്ടാത്തതും ദീർഘ നേരം സ്ക്രീനിൽ നോക്കി ഇരിക്കുന്നതും മറ്റൊരു കാരണമാണ്.
ആന്‍റിബയോട്ടിക് കഴിക്കുന്നതിന് പകരം ജീവിത ശൈലിയും ഭക്ഷണ ശൈലിയും മാറ്റുക എന്നതാണ് ഇതിനുള്ള പോം വഴി. അത്യാവശ്യമായി വരുമ്പോൾ ആന്‍റി റിഫ്ലക്സ് മരുന്നുകളും ഉപയോഗിക്കാം.


