Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightപൈലറ്റുമാരിലും കാബിൻ...

പൈലറ്റുമാരിലും കാബിൻ ക്രൂവിലും റേഡിയേഷൻ അർബുദ സാധ്യത കൂടുതലെന്ന് പഠനം

text_fields
bookmark_border
പൈലറ്റുമാരിലും കാബിൻ ക്രൂവിലും റേഡിയേഷൻ അർബുദ സാധ്യത കൂടുതലെന്ന്   പഠനം
cancel
camera_alt

പ്രതീകാത്മക ചിത്രം

നീണ്ട കാലം ആകാശത്ത് ജോലി ചെയ്യുന്ന വിമാന ജീവനക്കാർ നേരിടുന്ന ഗുരുതരമായ ഒരു ആരോഗ്യഭീഷണിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്. ലോകമെമ്പാടുമുള്ള പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റുകളും റേഡിയേഷൻ മൂലമുള്ള അർബുദ ബാധയേറ്റ് മരിക്കാനുള്ള സാധ്യത മറ്റ് ജോലിക്കാരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് ഹാർവാർഡ് മെഡിക്കൽ സ്കൂൾ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നത്. 500ലധികം തൊഴിൽ മേഖലകളെ വിലയിരുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്.

അമേരിക്കയിൽ 2020നും 2024നും ഇടയിൽ മരണപ്പെട്ട ഏകദേശം 12.7 ദശലക്ഷം ആളുകളുടെ മരണസർട്ടിഫിക്കറ്റ് ഡാറ്റയാണ് ഗവേഷകർ ഇതിനായി വിശകലനം ചെയ്തത്. ആകെ 503 തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയ ഈ പഠനത്തിൽ, റേഡിയേഷൻ എക്സ്പോഷറുമായി ബന്ധപ്പെടുത്താൻ കഴിയുന്ന അർബുദ മരണങ്ങളാണ് പ്രധാനമായും താരതമ്യം ചെയ്തത്. ഒന്നാം സ്ഥാനത്തും പൈലറ്റുമാർ രണ്ടാം സ്ഥാനത്തുമാണ്.

മറ്റ് തൊഴിൽ വിഭാഗങ്ങളുമായി (ന്യൂക്ലിയർ മെഡിസിൻ രംഗത്ത് പ്രവർത്തിക്കുന്നവർ ഉൾപ്പെടെ) താരതമ്യം ചെയ്യുമ്പോൾ, ഈ രണ്ട് വിഭാഗങ്ങളിലും റേഡിയേഷൻ സംബന്ധമായ കാൻസർ മരണങ്ങളുടെ അനുപാതം വളരെ കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.

മറ്റ് തൊഴിൽ ഗ്രൂപ്പുകളെ അപേക്ഷിച്ച് ഫ്ലൈറ്റ് അറ്റൻഡന്റുകൾക്ക് റേഡിയേഷൻ സംബന്ധമായ കാൻസർ മരണനിരക്കിൽ ഏകദേശം 50 ശതമാനത്തോളം ഉയർന്ന റിസ്കാണുള്ളത്. പൈലറ്റുമാരുടെ കാര്യത്തിൽ ഇത് ഏകദേശം 36 ശതമാനമാണ്.

ഈ ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന വില്ലൻ കോസ്മിക് റേഡിയേഷനാണ്. ബഹിരാകാശത്തുനിന്ന് വരുന്ന അതിശക്തമായ ഊർജ്ജ കണങ്ങളിൽ നിന്ന് ഭൂമിയുടെ അന്തരീക്ഷം സാധാരണയായി മനുഷ്യർക്ക് സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ വാണിജ്യ വിമാനങ്ങൾ പറക്കുന്ന ഉയർന്ന ഉയരങ്ങളിൽ എത്തുമ്പോൾ ഈ സംരക്ഷണം വളരെ ദുർബലമാകുന്നു. വിമാനത്തിന്റെ യാത്രാ സമയം, ഫ്ലൈറ്റ് പാത്ത്, അക്ഷാംശം എന്നിവയെ ആശ്രയിച്ച് റേഡിയേഷൻ എക്സ്പോഷറിന്റെ അളവിൽ വ്യത്യാസമുണ്ടാകാം.

വിമാന ജീവനക്കാർക്ക് പ്രതിവർഷം 3 മുതൽ 6 മില്ലിസീവർട്ട് വരെ കോസ്മിക് റേഡിയേഷൻ ലഭിക്കുന്നുണ്ടെന്നാണ് അനുമാനിക്കുന്നത്. ഇത് വർഷത്തിൽ 10 തവണ ദീർഘദൂര വിമാന യാത്രകൾ നടത്തുന്ന ഒരു സാധാരണ യാത്രക്കാരന് ലഭിക്കുന്ന 0.4 മില്ലിസീവർട്ടിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

കോസ്മിക് റേഡിയേഷൻ മാത്രമാണ് ഈ കാൻസർ മരണങ്ങൾക്ക് കാരണമെന്ന് ഈ പഠനം പൂർണ്ണമായി സ്ഥിരീകരിക്കുന്നില്ല. മറ്റ് ചില ഘടകങ്ങളും കാൻസർ സാധ്യത വർധിപ്പിക്കാൻ കാരണമാകാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. വിമാനത്തിന്റെ ജനലുകളിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന അൾട്രാ വയലറ്റ് രശ്മികളും ജീവനക്കാരുടെ ആരോഗ്യത്തെ ബാധിക്കാം. രാത്രി ജോലിയും ഷിഫ്റ്റ് ഡ്യൂട്ടിയും കാരണം ശരീരത്തിന്റെ ജൈവഘടികാരത്തിലുണ്ടാകുന്ന തകരാറുകളും മറ്റൊരു കാരണമാണ്.

വിമാന ജീവനക്കാർക്ക് റേഡിയേഷൻ എക്സ്പോഷറിനെതിരെ കൂടുതൽ ശക്തമായ തൊഴിൽപരമായ സംരക്ഷണം നൽകേണ്ടതുണ്ടോ എന്ന ഗൗരവമേറിയ ചോദ്യമാണ് ഈ പഠന ഫലങ്ങൾ ഉയർത്തുന്നത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) വിമാന ജീവനക്കാരെ അയോണൈസിങ് റേഡിയേഷന് വിധേയരാകുന്നവരായി ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും, യു.എസ് ജീവനക്കാർക്ക് ഫെഡറൽ ഡോസ് പരിധികളോ കർശന നിരീക്ഷണ വ്യവസ്ഥകളോ നിലവിലില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

ആകാശത്ത് ആയിരക്കണക്കിന് മണിക്കൂറുകൾ ചെലവഴിക്കുന്ന ജീവനക്കാരുടെ സുരക്ഷക്കായി മികച്ച നിരീക്ഷണവും പതിവ് ആരോഗ്യ പരിശോധനകളും നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകർ ഓർമിപ്പിക്കുന്നു.

Show Full Article
TAGS:Health Alert Pilot flight attendants Radiation cancer death 
News Summary - Aircrew Face Highest Radiation Cancer Risk Study
Next Story