ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; വേണം ജാഗ്രത
text_fieldsവേങ്ങര: ജില്ലയിൽ ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം പടരുന്നു. കണ്ണമംഗലം പഞ്ചായത്ത് പഴയ ആറാം വാർഡ് കാപ്പിലാണ് ആഗസ്റ്റ് ആദ്യം ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. ജ്വരം ബാധിച്ച 52 വയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അതിനുശേഷം തേഞ്ഞിപ്പലം പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും അസുഖം ബാധിച്ചവരുടെ കേസ് റിപ്പോർട്ട് ചെയ്തു. തേഞ്ഞിപ്പലത്ത് 11 വയസ്സുകാരിയും ചേലേമ്പ്രയിൽ 49 വയസ്സുകാരനും വണ്ടൂരിൽ 55 വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാലിന്യം കലർന്ന തോടുകളിലും കുളങ്ങളിലും കുളിക്കുന്നവരിലാണ് പൊതുവെ രോഗം കാണപ്പെടുന്നത്. പകരാൻ സാധ്യതയുള്ള അമീബിക് ജ്വരം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകുന്നത് രോഗത്തിന്റെ കാഠിന്യം കുറക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, കണ്ണമംഗലം കാപ്പിൽ പ്രദേശത്തെ തോടുകളും പൊതുകുളങ്ങളും കുളിക്കാനോ മറ്റു ആവശ്യങ്ങൾക്കോ പൊതുജനം ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മറ്റു പഞ്ചായത്തുകളിലും തോടുകളും കുളങ്ങളും ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ടുവർഷം; രോഗം ബാധിച്ചത് ഒമ്പത് പേർക്ക്
കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ജില്ലയിൽ ഒമ്പത് പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരച്ചിട്ടുണ്ട്. അമീബ ജില്ലയിൽ സമീപകാലത്ത് ആദ്യം ജീവനെടുത്തത് ആറു വർഷം മുമ്പാണ്. 2019 മേയിൽ പെരിന്തിൽമണ്ണ ഭാഗത്ത് രോഗം ബാധിച്ച് 10 വയസ്സുകാരിയാണ് മരിച്ചത്. അക്കാലത്ത് ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനവും പരിശോധന സാമ്പിൾ ശേഖരണ സംവിധാനവുമൊക്കെ ഏർപ്പെടുത്തി പ്രതിരോധം ശക്തമാക്കിയിരുന്നു.
എന്നാൽ, തൊട്ടടുത്ത വർഷം ജൂണിൽ കോട്ടക്കൽ സ്വദേശിയായ 12 വയസ്സുകാരനും അസുഖം ബാധിച്ചു മരിച്ചു. ഇപ്പോൾ വീണ്ടും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ആറു വർഷം മുമ്പ് നടത്തിയതിനെക്കാൾ ശക്തമായ പ്രതിരോധവും ജാഗ്രതയും ബോധവത്കരണവും ഇപ്പോൾ വേണമെന്നാണ് കണക്കുകൾ കാണിക്കുന്നത്. പിന്നീട് 2024 മേയിൽ മൂന്നിയൂരിലാണ് അഞ്ച് വയസ്സുകാരി രോഗം ബാധിച്ച് മരിച്ചത്. ഒഴുക്കുനിലച്ച പുഴയിൽ കുളിച്ചപ്പോഴാകാം അമീബ ബാധയെന്നായിരുന്നു നിഗമനം. അക്കാലത്ത് നാലു കുട്ടികൾകൂടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരു ന്നെങ്കിലും നെഗറ്റീവ് ആയതിനെ തുടർന്ന് മടങ്ങിയിരുന്നു.
രോഗ ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം.
കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങൾ:
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ. രോഗം ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കാണാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടന്ന വെള്ളത്തിൽ കുളിച്ചവർ ആ വിവരം ഡോക്ടറെ അറിയിക്കണം.
പ്രതിരോധ മാർഗങ്ങൾ
കെട്ടിക്കിടന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം. മലിനമായ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും, ശുദ്ധമല്ലാത്ത വെള്ളത്തിൽ മുഖവും വായും കഴുകുന്നതും പൂർണമായും ഒഴിവാക്കണം.
നീന്തൽക്കുളങ്ങളിൽ പാലിക്കേണ്ട നിർദേശം
ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയണം. സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം. പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കണം. നീന്തൽ കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കണം. പുതുതായി നിറക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിനുശേഷം ഉപയോഗിക്കണം. വെള്ളത്തിന്റെ അളവിനനുസരിച്ച് 5 ഗ്രാം ക്ലോറിൻ/ 1000 ലിറ്റർ വെള്ളത്തിന് ആനുപാതികമായി ക്ലോറിനേറ്റ് ചെയ്യണം. ക്ലോറിൻ ലെവൽ 0.5 പി.പി.എം മുതൽ 3 പി.പി.എം ആയി നിലനിർത്തണം.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല.
മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.