Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightകുറവുകളല്ല, കഴിവുകളെ...

കുറവുകളല്ല, കഴിവുകളെ കാണാം; ഓട്ടിസം ബോധവൽക്കരണത്തിൽ നിന്നും അംഗീകാരത്തിലേക്ക്

text_fields
bookmark_border
കുറവുകളല്ല, കഴിവുകളെ കാണാം; ഓട്ടിസം ബോധവൽക്കരണത്തിൽ നിന്നും അംഗീകാരത്തിലേക്ക്
cancel
camera_alt

പ്രതീകാത്മക ചിത്രം

ഓട്ടിസം എന്നത് ചികിത്സിച്ചു മാറ്റേണ്ട ഒരു രോഗമല്ല, മറിച്ച് മനുഷ്യന്റെ മസ്തിഷ്ക വികാസത്തിലുണ്ടാകുന്ന സ്വാഭാവികമായ ഒരു വൈവിധ്യമാണ്.

എന്താണ് ന്യൂറോഡൈവേഴ്സിറ്റി?

മനുഷ്യരുടെ രൂപത്തിലും ഭാവത്തിലും നിറത്തിലും ഉള്ള വൈവിധ്യങ്ങൾ പോലെ തന്നെ സ്വാഭാവികമാണ് മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളിലെ വൈവിധ്യങ്ങളും. ഇതിനെയാണ് 'ന്യൂറോഡൈവേഴ്സിറ്റി' എന്ന് വിളിക്കുന്നത്. ഓട്ടിസം, എ.ഡി.എച്ച്.ഡി, ലേണിങ് ഡിസെബിലിറ്റികൾ തുടങ്ങിയവയെല്ലാം ഈ വൈവിധ്യത്തിന്റെ ഭാഗമാണ്. ഒരു കുട്ടി ലോകത്തെ കാണുന്നതും, അനുഭവിക്കുന്നതും, പ്രതികരിക്കുന്നതും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിട്ടായിരിക്കാം. ഈ വ്യത്യാസങ്ങളെ ഒരു കുറവായി കാണാതെ, മനുഷ്യസമൂഹത്തിന്റെ വൈവിധ്യമായി അംഗീകരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്.

ബോധവൽക്കരണത്തിൽ നിന്ന് അംഗീകാരത്തിലേക്ക്

കഴിഞ്ഞ കുറച്ചു ദശകങ്ങളായി ഓട്ടിസത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഓട്ടിസം എന്താണെന്ന് ഇന്ന് ഭൂരിഭാഗം ആളുകൾക്കുമറിയാം. എന്നാൽ, ഈ അറിവ് കൊണ്ട് മാത്രം ഒരു ഓട്ടിസ്റ്റിക് കുട്ടിയുടെ ജീവിതത്തിൽ മാറ്റമുണ്ടാകണമെന്നില്ല. ഇനി നമ്മൾ ചുവടുവെക്കേണ്ടത് 'അംഗീകാര'ത്തിലേക്കാണ്.

കുറവുകളല്ല, കഴിവുകളെ കാണുക: ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ആശയവിനിമയത്തിലോ സാമൂഹിക ഇടപെടലുകളിലോ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എന്നാൽ അതിനർത്ഥം അവർക്ക് കഴിവുകളില്ല എന്നല്ല. പല കുട്ടികൾക്കും അസാധാരണമായ ഓർമ്മശക്തി, ഗണിതം, സംഗീതം, ചിത്രരചന, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ മികച്ച കഴിവുകൾ ഉണ്ടാകാറുണ്ട്. അവരുടെ പരിമിതികളെ ഫോക്കസ് ചെയ്യുന്നതിന് പകരം, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

സഹതാപമല്ല, തുല്യാവസരമാണ് ആവശ്യം: ഓട്ടിസം ഉള്ള കുട്ടികളോട് സഹതാപം കാണിക്കുന്നതിനേക്കാൾ പ്രധാനം അവർക്ക് തുല്യമായ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ്. സാധാരണ സ്കൂളുകളിൽ അവർക്ക് അനുയോജ്യമായ രീതിയിൽ വിദ്യാഭ്യാസം ഉറപ്പാക്കുക, പൊതുസ്ഥലങ്ങളിലും പാർക്കുകളിലും അവർക്ക് സുരക്ഷിതമായി ഇടപെടാനുള്ള സാഹചര്യം ഒരുക്കുക എന്നിവയെല്ലാം ഇതിൽപ്പെടുന്നു.

അവരുടെ രീതികളെ മാനിക്കുക: ഓട്ടിസ്റ്റിക് കുട്ടികൾ ചിലപ്പോൾ ഒരേ വാക്കുകൾ ആവർത്തിച്ചു പറയുകയോ, ആവർത്തിച്ചുള്ള കൈകളുടെ ചലനങ്ങളോ(ഹാൻഡ് ഫ്ലാപ്പിംഗ്), കളിപ്പാട്ടങ്ങൾ നിരനിരയായി അടക്കിവെക്കുകയോ പോലുള്ളവ ചെയ്തേക്കാം. അത് അവരുടെ സമ്മർദം കുറക്കാനും ആശയവിനിമയം നടത്താനുമുള്ള വഴികളാണ്. അതിനെ വിചിത്രമായി കാണാതെ, അവരുടെ ആ പ്രത്യേകതകളെ മനസ്സിലാക്കുകയും മാനിക്കുകയും ചെയ്യുക.

കുടുംബത്തിന്റെയും സമൂഹത്തിന്റെയും പങ്ക്

ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ടത് കുടുംബത്തിന്റെ പിന്തുണയാണ്. കുട്ടിയുടെ പ്രത്യേകതകളെ മാതാപിതാക്കൾ ആദ്യം തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം. മറ്റുള്ള കുട്ടികളുമായി അവരെ താരതമ്യം ചെയ്യാതിരിക്കുക. അതുപോലെ തന്നെ പ്രധാനമാണ് സമൂഹത്തിന്റെ പങ്കും. അയൽക്കാരും അധ്യാപകരും സഹപാഠികളും ഈ കുട്ടികളെ ഉൾക്കൊള്ളാൻ തയാറാകണം. വിദ്യാലയങ്ങളിൽ മറ്റ് കുട്ടികൾക്ക് 'ന്യൂറോഡൈവേഴ്സിറ്റി'യെക്കുറിച്ച് ലളിതമായ രീതിയിൽ പറഞ്ഞുകൊടുക്കുന്നത് വഴി ഓട്ടിസം ഉള്ള കുട്ടികളോട് കാരുണ്യത്തോടും സൗഹൃദത്തോടും കൂടി പെരുമാറാൻ അവർക്ക് സാധിക്കും.

വ്യത്യസ്തനായിരിക്കുക എന്നത് ഒരു കുറവല്ല, മറിച്ച് അതൊരു സവിശേഷതയാണ്. ബോധവൽക്കരണത്തിന്റെ നാളുകൾ കഴിഞ്ഞു, ഇനി നമുക്ക് വേണ്ടത് പ്രവർത്തിയാണ്. ഓരോ കുട്ടിയുടെയും സവിശേഷതകളെ അംഗീകരിക്കുന്ന, അവർക്ക് തുല്യനീതിയും സ്നേഹവും ഉറപ്പാക്കുന്ന ഒരു നല്ല നാളെക്കായി നമുക്ക് കൈകോർക്കാം. നമ്മുടെ വിദ്യാലയങ്ങളും പൊതുയിടങ്ങളും ചിന്താഗതികളും ഈ കുട്ടികൾക്കായി കൂടുതൽ വിശാലമാക്കാം.

(തയാറാക്കിയത് : ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകൻ)

Show Full Article
TAGS:Autism awareness wellness Mental Health Children 
News Summary - Beyond Awareness: Embracing Autism
Next Story