ഹെയർ സിറം കൊഴിഞ്ഞു പോയ മുടി ഇരുപത് ദിവസം കൊണ്ട് വളരാൻ സഹായിക്കുമോ?
text_fieldsഅഞ്ച് ദിവസം കൊണ്ട് ശരീര ഭാരം കുറക്കാം, 10 ദിവസം കൊണ്ട് മുടി പൊടിപ്പിക്കാം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ നൽകുന്ന തലക്കെട്ടുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി നാം കാണാറുണ്ട്. 20 ദിവസം കൊണ്ട് സെറം തേച്ച് കൊഴിഞ്ഞു പോയ മുടി തിരികെ പിടിക്കാമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന് നാഷനൽ തായ്വവാൻ യൂനിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.
ചർമത്തിനടിയിലെ കൊഴുപ്പ് കോശങ്ങൾ ഉത്പ്പാദിപ്പിക്കുന്ന ഫാറ്റി ആസിഡുകൾ മുടിയുടെ സ്റ്റെം സെല്ലുകളെ ഉത്തേജിപ്പിച്ച് മുടിവളരാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. ചർമത്തിൽ മുറിവുണ്ടാകുമ്പോൾ അവിടുത്തെ കൊഴുപ്പ് കോശങ്ങൾ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ പുറത്തു വിടുന്നു. ഇത് നിദ്രയിലായിരിക്കുന്ന രോമ കൂപങ്ങൾക്ക് വളരാനുള്ള ഉത്തേജനം നൽകും. ഇതേ ഫാറ്റി ആസിഡുകൾ എലിയുടെ ശരീരത്തിൽ തേച്ചപ്പോൾ ഇരുപത് ദിവസം കൊണ്ട് രോമം വളർന്നുവെന്നാണ് ഗവേഷകർ പറയുന്നത്.
നിലവിൽ ഈ പഠനം എത്രത്തോളം വിജയകരമാണെന്ന് പറയാൻ കഴിയില്ല. കാരണം എലികളിലെ രോമ വളർച്ചയുടെ സമയം മനുഷ്യനെക്കാൾ കുറവാണ്. അത് പോലെ കഷണ്ടി ബാധിച്ചവരെ എങ്ങനെ ഇത് ബാധിക്കുമെന്നതിലും തീർച്ചയില്ല. എന്നാൽ തന്‍റെ കാലിൽ ഈ സിറം ഫോർമുല തേച്ചപ്പോൾ രോമം വളർന്നുവെന്നാണ് ഒരു ഗവേഷകൻ പറഞ്ഞത്. എന്നാൽ ഇതൊരു വിശ്വാസയോഗ്യമായ തെളിവല്ല. എന്തായാലും നിലവിൽ ഗവേഷകരുടെ കണ്ടെത്തൽ വിജയകരമാണെങ്കിൽ അത് വലിയൊരു നേട്ടമായിരിക്കും.


