മഴ വെള്ളം കുടിക്കാമോ?
text_fieldsപ്രതീകാത്മക ചിത്രം
മൺസൂൺ കാലത്തെ ആദ്യ മഴ നൽകുന്ന സംതൃപ്തി മറ്റൊന്നിനുമുണ്ടാകില്ല. കടുത്ത വേനലിന് ശേഷമുള്ള ആദ്യ മഴയിൽ നനയാനും കൂടെ മഴവെള്ളം ഒന്ന് രുചിച്ചുനോക്കാനും ഇഷ്ടപ്പെടുന്നർ ഒരുപാടുണ്ട്. പ്രകൃതിയുടെ ഏറ്റവും ശുദ്ധമായ രൂപങ്ങളിലൊന്നാണ് മഴ. എന്നാൽ, മഴവെള്ളം നേരിട്ട് കുടിക്കുന്നത് ആരോഗ്യത്തിന് സുരക്ഷിതമല്ല. അന്തരീക്ഷ മലിനീകരണംതന്നെയാണ് കാരണം.
നമ്മൾ ശേഖരിക്കുന്ന മഴവെള്ളം വളരെ ശുദ്ധമാണെന്ന് തോന്നുമെങ്കിലും അന്തരീക്ഷത്തിന്‍റെ വിവിധ പാളികൾ കടന്ന് താഴെയെത്തുന്ന മഴവെള്ളം ആരോഗ്യത്തിന് ഹാനികരമായ പല കണികകളും കലർന്ന് മലിനമായിട്ടുണ്ടാകുമെന്ന് ഡൽഹിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൽട്ടന്റ് ഡോ. രാധിക മേനോൻ പറയുന്നു. ഇതിൽ ഫോറെവർ കെമിക്കൽസ് എന്നും വിളിപ്പേരുള്ള പി.എഫ്.എ.എസ് എന്ന രാസവസ്തുവും അടങ്ങിയിട്ടുണ്ടാകും. മലിനീകരണം കൂടുതലുള്ള നഗര പ്രദേശങ്ങളിൽ സ്ഥിതി കൂടുതൽ ദയനീയമാണ്.
സീസണിലെ ആദ്യത്തെ മഴയിലാണ് കൂടുതൽ വിഷാംശമുള്ളത്. മാസങ്ങളായി അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ഇതിന്‍റെ ഭാഗമാകുന്നു എന്നതുതന്നെയാണ് കാരണം. ഈ വെള്ളം നേരിട്ട് കുടിക്കുന്നത് ദഹന വ്യവസ്ഥയിലെ അണുബാധ, വയറിളക്കം, രാസവസ്തുക്കളുടെ സമ്പർക്കംമൂലമുണ്ടാകുന്ന ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകുമെന്നും ഡോ. രാധിക കൂട്ടിച്ചേർക്കുന്നു. എന്നാൽ, മഴവെള്ളം പൂർണമായും അപകടകാരിയാണെന്നും കരുതേണ്ട. തിളപ്പിക്കുകയോ ആധുനിക മാർഗങ്ങളിലൂടെ അരിച്ചെടുക്കുകയോ ചെയ്യുന്നതിലൂടെ മഴവെള്ളം സുരക്ഷിതമായി കുടിക്കാൻ ഉപയോഗിക്കാൻ കഴിയും. കൂടാതെ, മഴവെള്ളക്കൊയ്ത്തിലൂടെ ശേഖരിക്കുന്ന വെള്ളം മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും.