ഇതുവരെ അർബുദ പരിശോധന നടത്തിയില്ലേ?
text_fieldsഒരോ വർഷവും 14 ലക്ഷം കാൻസർ രോഗങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ മിക്കവയും രോഗത്തിന്‍റെ മൂർധന്യാവസ്ഥയിലാണ് തിരിച്ചറിയുന്നതും. അർബുദ പരിശോധന വൈകിപ്പിക്കുന്നത് തന്നെയാണ് പ്രധാന കാരണം. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ അർബുദ പൂർവ മാറ്റങ്ങളോ പ്രാരംഭ ഘട്ടത്തിലുള്ള കാൻസറുകളോ തിരിച്ചറിയുന്നത് മരണനിരക്ക് കുറക്കും.
വിഷ്വൽ ഓറൽ പരിശോധനകൾ, പാപ്സ്മിയർ തുടങ്ങിയ ലളിതവും ചെലവുകുറഞ്ഞതുമായ പരിശോധനകൾ ഇന്ത്യയിലെ ഏറ്റവും കൂടുതലായി കണ്ടുവരുന്ന വായിലെ കാൻസർ, സെർവിക്കൽ കാൻസർ എന്നിവ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
രോഗം ചികിത്സക്കുമപ്പുറം ആകുന്നതിലും നല്ലത് അതിനെ മുളയിലേ നുള്ളിയെടുക്കുന്നതാണ് എന്നുകൂടി ഓർത്താൽ നല്ലത്. സാംക്രമികേതര രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ദേശീയ പരിപാടി (എൻ.പി-എൻ.സി.ഡി) ശിപാർശ ചെയ്യുന്ന പരിശോധനകൾ താഴെ നൽകിയിരിക്കുന്നു.
വായിലെ കാൻസർ
30 വയസ്സ് കഴിഞ്ഞവർ നിർബന്ധമായും പരിശോധന നടത്തണം. അസറ്റിക് ആസിഡ് അല്ലെങ്കിൽ ലുഗോൾസ് അയോഡിൻ ഉപയോഗിച്ചുള്ള ദൃശ്യ പരിശോധനയിലൂടെ രോഗനിർണയം സാധ്യമാണ്.
സെർവിക്കൽ കാൻസർ
21-29 പ്രായമുള്ള സ്ത്രീകൾക്ക് മൂന്ന് വർഷത്തിലൊരിക്കൽ പാപ്പ് പരിശോധനയും 30-65 വയസ്സുള്ളവർക്ക് അഞ്ചുവർഷത്തിലൊരിക്കൽ പാപ്പ്, എച്ച്.പി.വി പരിശോധനകളോ, അല്ലെങ്കിൽ മൂന്നുവർഷത്തിലൊരിക്കൽ പാപ്പ് പരിശോധന മാത്രമായോ നടത്തണം.
സ്തനാർബുദം
30 വയസ്സിനു മുകളിലുള്ള സ്ത്രീകൾ സ്തനപരിശോധന നടത്തുന്നത് നല്ലതാണ്. മാമോഗ്രഫി അല്ലെങ്കിൽ ബ്രെസ്റ്റ് അൾട്രാസൗണ്ട് (ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് എം.ആർ.ഐ) എന്നിവയും നിർദേശിക്കുന്നു. 40 വയസ്സിനുശേഷം ഓരോ ഒന്നുമുതൽ രണ്ടുവർഷം കൂടുമ്പോഴും പരിശോധനക്ക് തയാറാവണം.
വൻകുടൽ കാൻസർ
കൊളോനോസ്കോപ്പി, സിഗ്മോയിഡോസ്കോപ്പി, മലം അടിസ്ഥാനമാക്കിയുള്ള പരിശോധനകൾ എന്നിവ ഉൾപ്പെടുന്ന കൊളോറെക്റ്റൽ കാൻസർ സ്ക്രീനിങ്, 45 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക് ശിപാർശ ചെയ്യുന്നു. അഞ്ചുമുതൽ പത്തുവർഷം വരെ ഇടവേളകളിൽ പരിശോധന നടത്തണം.
ശ്വാസകോശ അർബുദം
സി.ടി സ്കാനുകൾ ഉപയോഗിച്ചുള്ള ശ്വാസകോശ അർബുദ പരിശോധന 55-80 വയസ്സ് പ്രായമുള്ള പുകവലിക്കാർ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾ മാത്രം നടത്തിയാൽ മതിയാകും.
പ്രോസ്റ്റേറ്റ് കാൻസർ
50 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് പി.എസ്.എ രക്തപരിശോധനയും ഡിജിറ്റൽ റെക്ടൽ പരിശോധനയും ഉൾപ്പെടുന്ന പ്രോസ്റ്റേറ്റ് കാൻസർ പരിശോധനയാണ് നിർദേശിക്കപ്പെടുന്നത്.


