ചായക്ക് ചൂട് കൂടുതലാണോ, എന്നാൽ അന്നനാളം സേഫല്ല
text_fieldsനല്ല ചൂട് ചായ അല്ലെങ്കിൽ കാപ്പി കുടിക്കാൻ താൽപര്യമില്ലാത്തവർ കുറവായിരിക്കും. ഇത്തരം പാനീയങ്ങൾ നല്ല ചൂടോടെ കുടിച്ചില്ലെങ്കിൽ സമാധാനം കിട്ടാത്തവരാണ് നിങ്ങളെങ്കിൽ ഒരു കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം. അന്നനാള അർബുദമാണ് വിളിച്ചുവരുത്തുന്നത് എന്ന്. വായിൽനിന്ന് ഭക്ഷണത്തെ ആമാശയത്തിലെത്തിക്കുന്ന പേശീ നിർമിത കുഴലാണ് അന്നനാളം. വായിൽനിന്ന് ഭക്ഷണവും ദ്രാവകങ്ങളും ആമാശയത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് ഇതിന്റെ പ്രാഥമിക ധർമം.
65 ഡിഗ്രി സെൽഷ്യസ് (149°F)നെക്കാൾ കൂടിയ താപനിലയിൽ പാനീയങ്ങൾ കുടിക്കുന്നത് അന്നനാളത്തിലെ സുരക്ഷാപാളിക്ക് കേടുവരുത്തുകയും അവിടത്തെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഗ്ലോബൽ സ്റ്റഡീസിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. പതിവായി ഇത്തരത്തിൽ ചൂടേറിയ പാനീയങ്ങൾ കുടിക്കുന്നത് കാലക്രമേണ അന്നനാള അർബുദത്തിലേക്കും നയിക്കുന്നു.
ചൂടാണ് പ്രശ്നം
ഇവിടെ കുടിക്കുന്ന പാനീയമല്ല പ്രശ്നം. മറിച്ച് അത് കുടിക്കുന്ന ഉയർന്ന താപനിലയാണ്. ചായയും കാപ്പിയും സൂപ്പും മാത്രമല്ല, നല്ല ചൂടോടുകൂടി സ്ഥിരമായ് വെള്ളം കുടിക്കുന്നതുപോലും അർബുദത്തിന് കാരണമായേക്കാം.
ഒറ്റയടിക്ക് വലിയ അളവിൽ പാനീയങ്ങൾ കുടിക്കുന്നതിന് പകരം ചൂട് അൽപമൊന്ന് തണുത്തശേഷം സാവധാനം ആസ്വദിച്ച് കഴിക്കുക എന്നതാണ് ഇതിനൊരു പോംവഴി. ഒരു അഞ്ച് മിനിറ്റ് കൊണ്ടുതന്നെ പാനീയങ്ങളുടെ താപനില 10-15°C വരെ കുറയുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.