10 സെക്കന്‍റ് ഒറ്റക്കാലിൽ നിൽക്കൂ, 7 വർഷം വരെ ആയുസ് കൂടും; ഹാർവാർഡ് കാർഡിയോളജിസ്റ്റ് പറയുന്നു
text_fieldsനിങ്ങൾക്ക് ഒറ്റക്കാലിൽ എത്ര നേരം നിൽക്കാൻ കഴിയുമെന്ന് എപ്പോഴെങ്കിലും ചെയ്തു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി ഒന്ന് പരീക്ഷിച്ചു നോക്കാം. ഇങ്ങനെ ഒറ്റക്കാലിൽ നിൽക്കൽ ആയുർ ദൈർഘ്യം വർധിപ്പിക്കുമെന്ന് പറയുകയാണ് ഹാർവാർഡ് യൂനിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ ഹഫീസാ ഖാൻ. ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ 2022ൽ പ്രസിദ്ധീകരിച്ച ജേണലിനെ ഉദ്ദരിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഈ വിവരമുള്ളത്.
50നും 70 വയസ്സിനും ഇടയിലുള്ള 1700 പേരിൽ 10 വർഷം നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് ജേണലിലുള്ളത്. 10 സെക്കന്‍റ് ഒറ്റക്കാലിൽ നിന്ന മധ്യ വയസ്കരിലും പ്രായമായവരിലും ആയുർ ദൈർഘ്യത്തിൽ എന്തു മാറ്റമുണ്ടായെന്ന് പഠനത്തിൽ പറയുന്നു. കണ്ണ് തുറന്ന് കുറഞ്ഞത് 10 സെക്കന്‍റ് എങ്കിലും ഒറ്റക്കാലിൽ നിന്നവർക്ക് ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴു വർഷം വരെ ആയുസ്സ് വർധിക്കാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കണ്ണുകൾ തുറന്ന് എത്ര നേരം വരെ ഒറ്റക്കാലിൽ നിൽക്കാൻ കഴിയും എന്നത് കണക്ക് കൂട്ടിയാണ് ആയുർദൈർഘ്യം പ്രചിക്കുന്നത്. ഓരോരുത്തരും എത്ര നേരം ഒറ്റക്കാലിൽ നിൽക്കണമെന്നത് നിശ്ചയിക്കേണ്ടത് അവരുടെ പ്രായം കണക്കാക്കിയാണ്. ഉദാഹരണത്തിന് 50 വയസ്സുള്ളൊരാൾ 40 സെക്കന്‍റ് നിൽക്കണം. 60കളിലുള്ളൊരാൾ 20 സെക്കന്‍റും 70 കളിലുള്ളൊരാൾ 10 സെക്കന്‍റും.
ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവ് നാഡീ സംബന്ധമായ പ്രശ്നങ്ങൾ, സന്ധി രോഗങ്ങൾ കാഴ്ച, ഉദാസീനമായ ജീവിത ശൈലി ഇവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഒറ്റക്കാലിൽ നിൽക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ ആരോഗ്യ നില ഉറപ്പായും പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.