‘Must try’യിൽ തട്ടിവീഴല്ലേ...
text_fieldsഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഒരു പരീക്ഷണം, അല്ലെങ്കിൽ രുചി അറിയാൻ എന്നതരത്തിൽ പലതരം ഭക്ഷണങ്ങൾ ട്രൈ ചെയ്യുന്നവരാണ് ഏറെയും. എന്നാൽ, നമ്മൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് ഫുഡ് വ്ലോഗർമാർ തീരുമാനിക്കുന്നുണ്ടെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ? ഇല്ലെന്നാണ് സെലിബ്രിറ്റി ഷെഫും റസ്റ്റാറന്റ് ഉടമയുമായ വരുൺ ഇനാംദാർ പറയുന്നത്. നമ്മൾ പാചകം ചെയ്യുന്നതും ഓർഡർ ചെയ്യുന്നതും പുറത്തുപോയി കഴിക്കുന്നതും കഴിക്കാതെ ഒഴിവാക്കുന്നതുമായ ഭക്ഷണങ്ങൾ തീരുമാനിക്കുന്നതിൽ ഫുഡ് വ്ലോഗർമാരുടെ ‘മസ്റ്റ് ട്രൈ’ അല്ലെങ്കിൽ ‘ഡോണ്ട് ട്രൈ’ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
അതുകൊണ്ടുതന്നെ വൈറലായ മാരി മീ മഷ്റൂം റെസിപ്പിയും ഡാൽഗോണ കോഫിയും ഫുൾജാർ സോഡയുമെല്ലാം പരീക്ഷിച്ചു നോക്കണമെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല.
നേരത്തേ ഇത്തരം ഭക്ഷണ ട്രെൻഡ് വളരെ മന്ദഗതിയിൽ ആയിരുന്നു. യാത്രകളിലും ആഗ്രഹങ്ങളിലും മറ്റുള്ളവരിൽനിന്ന് പറഞ്ഞുകേട്ടുമായിരുന്നു മുന്നോട്ടുപോയിരുന്നത്. എന്നാൽ, ഇപ്പോൾ അൽഗോരിതങ്ങളാണ് ഇവ തീരുമാനിക്കുക. ഈ ട്രെൻഡിങ് പരീക്ഷണരീതി ആരോഗ്യത്തെയും ബാധിച്ചേക്കാമെന്നും പറയുന്നു. ഭക്ഷണം സെർവ് ചെയ്തത് സ്ക്രീനിൽ നന്നായി കാണാനായി പലതരം ചേരുവകൾ ചേർക്കുന്നതാകാം. കൂടാതെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവും കൂടുതലായിരിക്കാം. ഇത് ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുക. നേരത്തേ നമ്മുടെ വീടുകളിൽ പോഷകാഹാരങ്ങൾക്കാണ് പ്രധാന്യം നൽകിയിരുന്നതെങ്കിൽ ഇപ്പോൾ ട്രെൻഡിനൊപ്പമാണ് ഓരോ ദിവസത്തെ ഭക്ഷണവും തയാറാക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
അതേസമയം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നവരും സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് ആകാറുണ്ടെന്നും എന്നാൽ, പലപ്പോഴും കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് വൈറൽ ഭക്ഷണങ്ങളാണെന്നും അവർ പറയുന്നു.
സംസ്കാരം, ഭൂമിശാസ്ത്രം, കാലാവസ്ഥ, അലർജി, ആരോഗ്യ പ്രശ്നങ്ങൾ, ജോലി തുടങ്ങിയവ പരിഗണിച്ചായിരിക്കണം ഭക്ഷണം തെരഞ്ഞെടുക്കേണ്ടതെന്നും മറ്റു ഭക്ഷണരീതികൾ പിന്തുടരുന്നത് ആളുകളെ സമ്മർദത്തിലാക്കാൻ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.


