
ഓർമയില്ലേ 'ജനതാ കർഫ്യൂ'; വൈകീട്ടത്തെ പാത്രം കൊട്ടൽ, ഈച്ച പോലും പറക്കാത്ത ലോക്ഡൗണിന്‍റെ തുടക്കം, അഞ്ച് വർഷം മുമ്പ് ഇതേ ദിവസം
text_fields2020 മാർച്ച് 19 വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ട് മണിക്ക് ഒരു ആഹ്വാനം നടത്തി. കോവിഡ് എന്ന മഹാമാരി ലോകമെങ്ങും വ്യാപിച്ചുതുടങ്ങിയ കാലമായിരുന്നു അത്. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അന്ന് 200ന് മുകളിൽ മാത്രം. മോദി നടത്തിയ അഭ്യർഥനയിൽ ഇന്ത്യക്കാർ പുതിയൊരു വാക്ക് കേട്ടു, 'ജനതാ കർഫ്യൂ'. 2020 മാർച്ച് 22 ഞായറാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ 'ജനത കർഫ്യൂ' ആചരിക്കാനായിരുന്നു മോദിയുടെ ആഹ്വാനം. ജനത കർഫ്യൂ സമയത്ത് അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ടവരൊഴികെ മറ്റാരും വീടുകൾക്ക് പുറത്തിറങ്ങരുതെന്ന് മോദി അഭ്യർഥിച്ചു. ദിവസങ്ങളും മാസങ്ങളും നീണ്ടുനിന്ന കോവിഡ് ലോക്ക്ഡൗണിന്‍റെ ആരംഭമായ ജനതാ കർഫ്യൂവിന് ഇന്ന് അഞ്ച് വർഷം തികഞ്ഞിരിക്കുകയാണ്.
അത്യാവശ്യ സേവനങ്ങളായ പൊലീസ്, മെഡിക്കൽ സർവിസുകൾ, മീഡിയ, ഹോം ഡെലിവറി പ്രഫഷണലുകൾ, അഗ്നിശമന സേനാംഗങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാവരും ജനത കർഫ്യൂവിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. 22ന് വൈകീട്ട് അഞ്ച് മണിക്ക്, എല്ലാ പൗരന്മാരും അവരുടെ വാതിലുകൾ, ബാൽക്കണി, ജാലകങ്ങൾ എന്നിവയിൽ നിൽക്കാനും കൈയടിച്ചോ പാത്രങ്ങളിൽ മുട്ടിയോ മണി മുഴക്കിയോ ശബ്ദമുണ്ടാക്കാനും മോദി ആഹ്വാനം ചെയ്തിരുന്നു. ആരോഗ്യ സേവനങ്ങൾ നൽകുന്ന പ്രഫഷണലുകളെ അഭിനന്ദിക്കാനാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും പലയിടത്തും ആളുകൾ ഒത്തുചേർന്ന് കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ ലംഘിച്ച് 'വൈറസിനെ' കൊല്ലാനെന്ന പേരിൽ പാത്രം മുട്ടുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചു.
ജനതാ കർഫ്യൂ രാജ്യത്ത് സമ്പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടച്ചിട്ടു. ജനങ്ങൾ പുറത്തിറങ്ങാതെ വീടകങ്ങളിൽ തന്നെ കൂടി. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. പൊതുഗതാഗത സംവിധാനങ്ങളും പ്രവർത്തിച്ചില്ല. വൈകീട്ട് ആളുകൾ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം പാത്രംകൊട്ടിയും മണിമുഴക്കിയും ശബ്ദമുണ്ടാക്കി. എന്നാൽ, രാജ്യത്ത് പലയിടങ്ങളിലും ജനം പാത്രംകൊട്ടിയും ശബ്ദമുണ്ടാക്കിയും തെരുവിലിറങ്ങിയതോടെ ഉദ്ദേശിച്ചതിന്‍റെ നേർ വിപരീതമാണ് സംഭവിക്കുന്നതെന്ന് വ്യാപക വിമർശനമുണ്ടായി.
'ജനതാ കർഫ്യൂ' ഒരു തുടക്കം മാത്രമായിരുന്നു. കോവിഡിന്‍റെ തീവ്രമുഖം തുടർന്നുള്ള നാളുകളിൽ കണ്ടു. ജനതാ കർഫ്യൂവിന്‍റെ മൂന്നാംദിനം, 2020 മാർച്ച് 25ന്, രാജ്യത്ത് ഒന്നാംഘട്ട ലോക്ഡൗൺ നിലവിൽ വന്നു. ഏപ്രിൽ 14 വരെ 21 ദിവസമായിരുന്നു ലോക്ഡൗൺ. ഏപ്രിൽ 15 മുതൽ മേയ് മൂന്ന് വരെ രണ്ടാംഘട്ട ലോക്ഡൗണും, മേയ് നാല് മുതൽ 17 വരെ മൂന്നാംഘട്ട ലോക്ഡൗണും മേയ് 18 മുതൽ 31 വരെ നാലാംഘട്ട ലോക്ഡൗണും നടപ്പായി. 2020 ജൂൺ ഒന്ന് മുതലാണ് കർശന ലോക്ഡൗണിൽ ഘട്ടംഘട്ടമായി ഇളവുകൾ അനുവദിച്ചത്.
ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. 2020 ജനുവരി 27ന് തൃശൂർ ജനറൽ ആശുപത്രിയിൽ 20കാരിയായ വിദ്യാർഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൈനയിലെ കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് ജനുവരി 23ന് തിരിച്ചെത്തിയതായിരുന്നു വിദ്യാർഥി. ഇതിന് പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങി. ഏറ്റവുമൊടുവിലത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 5,33,664 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 4,45,10,964 പേർക്ക് രോഗം ബാധിച്ചു.
ലോകത്തെ കോവിഡിന് മുമ്പും ശേഷവും എന്ന് വേർതിരിക്കാനാകുന്ന വിധത്തിൽ വൻ ആഘാതം സൃഷ്ടിച്ചാണ് കോവിഡ് കടന്നുപോയത്. ലോകമാകമാനം 70,76,993 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നു. 77,69,47,553 പേർക്ക് അസുഖം ബാധിക്കുകയും ചെയ്തു. യു.എസിലാണ് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്. 12,19,487 പേർ. രണ്ടാമത് ഇന്ത്യയിൽ. ഫ്രാൻസ്, ജർമനി, ബ്രസീൽ, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി, യു.കെ, റഷ്യ എന്നിവയാണ് ഏറ്റവും കൂടുതൽ രോഗബാധയുണ്ടായ രാജ്യങ്ങൾ. ഇന്ത്യയിൽ കോവിഡിന്‍റെ മൂന്ന് തരംഗങ്ങളുണ്ടായതായാണ് കണക്കാക്കുന്നത്.