മഹാനിശ്ചലതയുടെ ഓർമകൾക്ക് അഞ്ചാണ്ട്
text_fieldsസെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുതാഴെ മാധ്യമങ്ങളെ കാണുന്നതിനായി പ്രത്യേകം തയാറാക്കിയ കോൺഫറൻസ് ഹാളിലായിരുന്നു ആ അപ്രതീക്ഷിത വാർത്തസമ്മേളനം. 2020 മാർച്ച് 23, അതായത് ഇന്നേക്ക് കൃത്യം അഞ്ചുവർഷം മുമ്പ്. കേരളം അടച്ചുപൂട്ടുന്നുവെന്ന പ്രഖ്യാപനത്തിനായിരുന്നു മുഖ്യമന്ത്രിയെത്തിയത്. ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനമെന്നത് മാത്രമല്ല, രാജ്യത്ത് ആദ്യമായി ലോക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനമായും കേരളം മാറി. സർവസ്വവും അടച്ചുപൂട്ടപ്പെട്ട നാളുകൾ. നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്പർക്കവിലക്കുമൊക്കെയായി കടന്നുപോയ ആ നാളുകൾ കേരളം മറക്കില്ല.
വിദേശരാജ്യ വിപണികളെ പ്രതിസന്ധിയിലാക്കിയ ഒരു ആഗോള പ്രതിഭാസത്തെക്കുറിച്ച വാർത്തകളായിരുന്നു മലയാളിക്ക് ആദ്യം കൊറോണ. വൈറസ് വ്യാപനത്തെത്തുടർന്ന് പുറത്തിറങ്ങാനാകാതെ ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ വാർത്തകളാണ് പിന്നീടെത്തിയത്. അപ്പോഴും മറ്റേതോ നാട്ടിലെ രോഗാണുഭീതിയെ നിർവികാരതയോടെ കേട്ടുകളയുകയായിരുന്നു കൊച്ചു കേരളത്തിന്റെ സുരക്ഷയിലിരുന്ന് മലയാളി.
2020 ജനുവരി 21ന് പുതിയ കൊറോണ വൈറസിനെതിരെ കേരള സർക്കാറിന്റെ ആദ്യ ജാഗ്രതാ നിർദേശം വന്നു. കൃത്യം ഒമ്പതാം നാൾ, ജനുവരി 30ന് ഇന്ത്യയിലെതന്നെ ആദ്യ കോവിഡ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ചൈനയിലെ വുഹാനിൽ നിന്ന് കേരളത്തിലെത്തിയ തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിക്കായിരുന്നു ആദ്യ കോവിഡ് ബാധ.
ഫെബ്രുവരി രണ്ടായപ്പോഴേക്കും ഇന്ത്യയിലെ രണ്ടാം കോവിഡ് വൈറസ് ബാധ ആലപ്പുഴയിൽ വുഹാനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്ക്. പിറ്റേ ദിവസം കാഞ്ഞങ്ങാട്ട് മൂന്നാമത്തെ കേസ്. മാർച്ച് എട്ടിന് ഇറ്റലിയിൽ നിന്നെത്തിയവരുൾപ്പെടെ അഞ്ച് റാന്നി സ്വദേശികൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലേക്ക് മാറുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനങ്ങൾ അടച്ചിട്ട മുറിയിൽനിന്ന് സെക്രട്ടേറിയറ്റ് മുറ്റത്തെ പൊതു ഇടത്തിലേക്കും പിന്നീട് ഓൺലൈനായും മാറിയത് രോഗപ്പടർച്ചയുടെ തീവ്രതയുടെ സൂചകങ്ങളായി. മാർച്ച് 30ന് സംസ്ഥാനത്ത് ആദ്യ കോവിഡ് മരണവും സ്ഥിരീകരിച്ചു. അടച്ചുപൂട്ടലും പിടിച്ചുകെട്ടലുമെല്ലാമായി ജൂൺ-ജൂലൈ വരെ കോവിഡ് ഏറക്കുറെ നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ, പിന്നീട് കാര്യങ്ങൾ കൈവിട്ടു.
അക്ഷരാർഥത്തിൽ കോവിഡിന്റെ സാമൂഹികപ്പടർച്ച. ‘‘നിങ്ങളുടെ സുഹൃദ് വലയത്തിൽ ഒരാൾക്കെങ്കിലും കോവിഡ് വന്നിട്ടില്ല എങ്കിൽ, മനസ്സിലാക്കുക നിങ്ങൾക്ക് സൗഹൃദങ്ങളേയില്ല’’ എന്ന പരാമർശത്തെ അർഥവത്താക്കും വിധത്തിലായി കാര്യങ്ങൾ. കോവിഡിൽനിന്ന് സാമൂഹിക അകലം പാലിച്ചവർ പിന്നീട് കോവിഡിനൊപ്പം ജീവിക്കാൻ ശീലിച്ചു. കോവിഡ് കാലത്ത് രണ്ട് തെരഞ്ഞെടുപ്പുകളെ മലയാളി അഭിമുഖീകരിച്ചു. മഹാമാരിക്കൊപ്പം ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ആഘോഷിച്ചു. അന്ന് ഭീതിയായിരുന്നുവെങ്കിൽ ഇപ്പോൾ അതേക്കുറിച്ചുള്ള ഓർമകളും നിയന്ത്രണങ്ങളും തമാശയാണ്. മഹാമാരിയിൽനിന്ന് മലയാളി അത്രത്തോളം മോചിതമായിരിക്കുന്നു.
ആരോഗ്യ കാഴ്ചപ്പാടുകൾക്ക് തിരുത്ത്
വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് വളർച്ച പ്രാപിച്ച വൈദ്യവ്യവസായ മേഖലയെ ഒന്നാകെ കോവിഡ് പ്രതിസന്ധിയിലാക്കി എന്നതാണ് മഹാമാരി സൃഷ്ടിച്ച പ്രധാന മാറ്റം. വ്യക്തി എന്നതിനപ്പുറം സമൂഹത്തിന്റെ ആകമാനമായ ആരോഗ്യമാണ് പൊതുജനാരോഗ്യം എന്ന ആശയത്തിലേക്ക് കോവിഡ് ആരോഗ്യമേഖലയെ കൊണ്ടെത്തിച്ചു. സാമൂഹിക വ്യാപനത്തിന്റെ കാലത്ത് വ്യക്തിക്ക് മാത്രം ഒന്നും ചെയ്യാനാവില്ലെന്നത് അനുഭവങ്ങളിലൂടെ ജനം തിരിച്ചറിഞ്ഞു. വ്യക്തിയിലേക്ക് ചുരുങ്ങുക എന്ന പുതിയകാലത്തിന്റെ മനോഭാവത്തിനായിരുന്നു മഹാമാരി തിരുത്തായത്. ഒരാൾക്കും ഒറ്റക്ക് നേരിടാനാവാത്ത സ്ഥിതി.
പണമുണ്ടെങ്കിൽ എന്ത് ആരോഗ്യസേവനവും കിട്ടുമെന്ന ധാരണ അസ്ഥാനത്താണെന്ന് കോവിഡ് തെളിയിച്ചു. രോഗം വ്യക്തിയെ മാത്രം ബാധിക്കുന്നതല്ല, സാമൂഹികമാണ് എന്ന തിരിച്ചറിവുണ്ടാക്കി. മഹാമാരിയുടെ പടർച്ച ചെറുക്കാൻ സമ്പന്നനും ദരിദ്രനുമടക്കം സമൂഹത്തിലെ ഓരോ കണ്ണിയും ഒത്തുചേർന്ന് പോരടിക്കേണ്ട നിലവന്നു. മാസ്ക് ധരിക്കുന്നത് എനിക്കുവേണ്ടി മാത്രമല്ല, എന്നിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാൻ വേണ്ടി കൂടിയായി. സാമൂഹികകാലവും സാനിറ്റൈസറും വാക്സിനുമെല്ലാം ഈ ‘സാമൂഹികത’യുടെ സന്ദേശമാണ് മുന്നോട്ടുവെച്ചത്.
അതിജീവിച്ചു, പക്ഷേ
കോവിഡിനെ അതിജീവിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ഇവ എങ്ങനെ മനുഷ്യനിലേക്ക് എത്തി എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. പ്രതിരോധം പാളുന്നത് ഇവിടെയാണ്. പകര്‍ച്ചവ്യാധികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ജന്തുജന്യ രോഗങ്ങളാണെന്നത് ആരോഗ്യവകുപ്പ് സമ്മതിക്കുമ്പോഴും മനുഷ്യരിലേക്കുള്ള പടർച്ചാവഴി കണ്ടെത്താനോ തടയാനോ കഴിയാത്തത് പൊതുജനാരോഗ്യത്തിൽ ഉയർത്തുന്നത് വലിയ ഭീഷണിയാണ്. 5.5 ലക്ഷം പേരെ കൊന്ന വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എങ്ങനെ പടരുന്നു എന്നും എങ്ങനെ പ്രതിരോധിക്കണമെന്നും വാക്സിൻ എങ്ങനെ ഉണ്ടാക്കണമെന്നും കണ്ടെത്തിയെങ്കിലും മനുഷ്യനിലേക്ക് എത്തിയത് എങ്ങനെയെന്നതിൽ കൃത്യമായ ധാരണയില്ല. ഉള്ളതാകട്ടെ നിഗമനങ്ങളും അനുമാനങ്ങളും. ഈ സാഹചര്യത്തിലാണ് മനുഷ്യരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യ രോഗങ്ങളെ പിടിച്ചുകെട്ടാനാവില്ലെന്ന വിലയിരുത്തലിൽ ‘വൺ ഹെൽത്ത്’ എന്ന ഏകാരോഗ്യ സമീപനത്തെ സംസ്ഥാന സർക്കാർ ഗൗരവത്തിലെടുത്തത്.
പ്രഹരമേറ്റത് പ്രവാസികൾക്ക്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തിലേക്ക് തിരികെയെത്തിയ ഗള്‍ഫ് പ്രവാസികളില്‍ നല്ലൊരു ശതമാനത്തിനും തിരികെ പോകാനായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മടങ്ങിയെത്തിയത് 14.71 ലക്ഷം പ്രവാസികളാണ്. ഇതില്‍ 77 ശതമാനം ആളുകള്‍ക്കും തിരികെ പോയി പഴയ ജോലിയിലോ പുതിയ ജോലിയിലോ പ്രവേശിക്കാനായി. എന്നാല്‍, ഏതാണ്ട് 3.32 ലക്ഷം ആളുകളാണ് തിരികെ പോകാന്‍ സാധിക്കാത്തവരായി ഉള്ളതെന്നാണ് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2021 ജൂലൈ മുതല്‍ നവംബര്‍ വരെയാണ് പഠനം നടന്നത്.
ഡിജിറ്റലായി കൈകോർത്ത്
തൊഴിൽ മേഖലയിലടക്കം വലിയ മാറ്റങ്ങൾ കോവിഡ് സൃഷ്ടിച്ചു. ലക്ഷക്കണക്കിന് ജോലികളാണ് ഒറ്റയടിക്ക് ഓഫിസ് റൂമിൽ നിന്നും ഓൺലൈനിലേക്ക് മാറിയത്. സാമൂഹിക അകലം പാലിക്കുമ്പോഴും സാങ്കേതികമായി മലയാളി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൈകോർത്ത് ചേർന്നിരുന്നു. ശാരീരിക അകലത്തെ ഡിജിറ്റൽ അടുപ്പമാക്കി. ഇ-മെയിലും സൂമും ഗൂഗ്ൾ മീറ്റുമൊക്കെയായി ഓഫിസിൽ എത്തിയില്ലെങ്കിലും ആളുകൾക്ക് ഒരുമിച്ച് ജോലി ചെയ്യാമെന്ന് കോവിഡ് പഠിപ്പിച്ചു. തൊഴിൽ ലോകം ഇനി ഒരിക്കലും പഴയത് പോലാകില്ല. ടെലി മെഡിസിനിലേക്ക് കടന്നതോടെ ആരോഗ്യ മേഖലയും മാറി.
2024ലും കോവിഡ് മരണങ്ങളിൽ കൂടുതൽ കേരളം
കോവിഡ് നാലുവർഷം തികയുന്ന 2024ലെ കണക്കിലും രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ കേരളത്തിലാണ്. ഇക്കാലയളവിൽ 66 പേരാണ് മരിച്ചത്. കര്‍ണാടകത്തില്‍ 39 പേർ മരിച്ചു. മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ മുപ്പതിലധികംപേരും മരിച്ചതായാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്ക്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 5597 പേര്‍ക്ക് കോവിഡ് ബാധിച്ചു. 2023ല്‍ സംസ്ഥാനത്ത് 87,242 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 516 പേര് മരിക്കുകയും ചെയ്തു. 2022ല്‍ 15,83,884 പേര്‍ക്ക് രോഗം ബാധിക്കുകയും 24,114 പേര് മരിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ 2021ല്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച മരണങ്ങളില്‍ 35.52 ശതമാനവും കോവിഡും അതുമായി ബന്ധപ്പെട്ട അസുഖങ്ങളും കാരണമാണ്. 2020ല്‍ 7.62 ശതമാനമായിരുന്നു കോവിഡ് മരണങ്ങള്. രണ്ടാംഘട്ടത്തില്‍ മരണനിരക്ക് കാര്യമായി നിയന്ത്രിക്കാനായില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
മരിച്ചത് 166 കുട്ടികൾ
മഹാമാരിയുടെ മൂന്നാം തരംഗം പിന്നിട്ടപ്പോഴുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് കോവിഡ് മൂലം മരണപ്പെട്ടത് 18 വയസ്സിന് താഴെയുള്ള 166 പേരാണ്. ഇക്കാലയളവിൽ 59 ആരോഗ്യ പ്രവർത്തകരും കോവിഡിന് കീഴടങ്ങിയതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികളുടെ മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്ടാണ്, 20 പേർ. അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം തിരുവനന്തപുരത്താണ്. നെടുങ്കാട് തളിയിൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചതാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരുടെ മരണത്തിൽ മുന്നിൽ തിരുവനന്തപുരമാണ്. 14 പേരാണ് തലസ്ഥാനത്ത് കോവിഡിന് കീഴടങ്ങിയത്. ഇടുക്കി ഒഴികെ മറ്റ് ജില്ലകളിലെല്ലാം മരണം റിപ്പോർട്ട് ചെയ്തിരുന്നു.