ഹൃദ്രോഗവും രക്തക്കുറവും: അപകടകരമായ ഇരട്ട ഭീഷണി
text_fieldsഹൃദയാരോഗ്യ പ്രശ്നങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും വലിയ ആരോഗ്യഭീഷണികളിലൊന്നാണ്. അതിന് പതിന്മടങ്ങ് തീവ്രത നൽകുന്ന മറ്റൊരു ‘നിശബ്ദ’ രോഗമാണ് രക്തക്കുറവ് (ഇരുമ്പു കുറവ് മൂലമുള്ളത്). പലപ്പോഴും ഇവ രണ്ടും ഒരുമിച്ചുവന്നാൽ ഹൃദ്രോഗിയുടെ അവസ്ഥ വൻതോതിൽ മോശമാകുന്നു. അതേസമയം കൃത്യസമയത്ത് കണ്ടുപിടിച്ചാൽ രോഗിക്ക് വലിയ ആശ്വാസം ലഭിക്കുകയും കൂടുതൽ പണച്ചെലവുള്ളതും സങ്കീർണവുമായ ചികിത്സകൾ ഒഴിവാക്കാനാവുകയും ചെയ്യുന്നു.
ഇരുമ്പു കുറവ് എങ്ങനെയാണ് ഉണ്ടാകുന്നത്?
- പോഷകാഹാര കുറവ്: ഭക്ഷണത്തിൽ ഇരുമ്പ് അടങ്ങിയ വിഭവങ്ങളുടെ അഭാവം
- സ്ത്രീകളിൽ മാസമുറയിലെ കൂടിയ രക്തസ്രാവം: രക്തനഷ്ടം വർധിക്കുന്നു
- കുടലില്‍നിന്നുള്ള രക്തസ്രാവം: പൈൽസ്, വയറിളക്കം, അല്ലെങ്കിൽ മറ്റു രോഗങ്ങൾ മൂലം
- സ്ഥിരമായി antacid, proton pump inhibitor (PPI) മരുന്നുകൾ കഴിക്കുന്നവരിൽ വയറിലെ ആസിഡ് കുറയുന്നതിനാൽ കുടലിലെ ഇരുമ്പിന്റെ ആഗിരണം കുറയുന്നു.
ഇവയെല്ലാം കൂടി ഇരുമ്പുകുറവ് മൂലമുള്ള രക്തക്കുറവിന് (Iron Deficiency Anemia) വഴിവെയ്ക്കുന്നു.
രക്തക്കുറവ് എങ്ങനെ തിരിച്ചറിയാം
പലപ്പോഴും ഹീമോഗ്ലോബിൻ മാത്രം നോക്കിയാണ് രക്തക്കുറവ് വിലയിരുത്തുന്നത്. പക്ഷേ ഇതു തെറ്റിദ്ധാരണക്കിടയാക്കാം. ഹീമോഗ്ലോബിൻ എന്നത് ശരീരത്തിന്റെ ‘പുറംപൂച്ചു പ്രകടനം’ പോലെയാണ്. നീക്കിയിരിപ്പ് ഇല്ലാത്ത ഒരാൾ പുറമേക്ക് വളരെ സമ്പന്നനായി വേഷമിടുന്ന പോലെ, രക്തക്കുറവുള്ള രോഗികളിൽ ഹീമോഗ്ലോബിൻ പലപ്പോഴും സാധാരണ നിലയിലോ ഒരൽപം മാത്രം കുറഞ്ഞോ കാണപ്പെടുന്നു. എന്നാല്‍ ഫെറിറ്റിൻ, serum iron പോലുള്ള പരിശോധനകൾ ശരിയായ ‘ബാങ്ക് ബാലൻസ്’ ആണ് കാണിക്കുന്നത്. ശരീരത്തിലെ ഇരുമ്പിന്റെ സ്റ്റോറേജ് ഇവ കാണിച്ചു തരുന്നു.
രക്തക്കുറവ് ഹൃദയത്തിന്റെ പ്രവർത്തന ഭാരം ഒന്നുകൂടി വർധിപ്പിക്കുന്നു:
- രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുമ്പോൾ ഓക്സിജൻ കൊണ്ടുപോകാനുള്ള ശേഷി കുറയുന്നു. ശരീരത്തിലെ അവയവങ്ങൾക്ക് വേണ്ട ഓക്സിജൻ എത്തിക്കാൻ ഹൃദയം കൂടുതല്‍ വേഗത്തിലും അധിക ശക്തിയോടെയും പമ്പ് ചെയ്യേണ്ടി വരുന്നു.
- ഹൃദയപേശികൾക്ക് ക്ഷീണം (heart failure) ഉള്ളവരിൽ ഹൃദയം അധിക ജോലി കൈകാര്യം ചെയ്യാൻ കഴിയാതെ രോഗലക്ഷണങ്ങൾ വേഗത്തിൽ വഷളാകുന്നു.
- ഇതിനോടകം ഹൃദയത്തിലെ ധമനികള്‍ക്ക് തടസ്സമുള്ളവരിൽ നെഞ്ചുവേദന (angina) കൂടുതൽ രൂക്ഷമാകുന്നു.
ഹൃദയാരോഗ്യത്തില്‍ വരുന്ന മാറ്റങ്ങൾ
- ശ്വാസം മുട്ടൽ, വേഗത്തിലുള്ള ക്ഷീണം, നെഞ്ചിടിപ്പ് (palpitations) എന്നിവ രക്തക്കുറവുള്ള ഹൃദ്രോഗികളിൽ സാധാരണമാണ്.
- ഹീമോഗ്ലോബിൻ കുറവായതിനാൽ അവയവങ്ങൾക്ക് ഓക്സിജൻ കുറവായി എത്തുകയും, ഹൃദയം ‘അധികം പമ്പ്’ ചെയ്യേണ്ട അവസ്ഥ വരികയും ചെയ്യുന്നു.
- ഇതിനകം തന്നെ ക്ഷീണിച്ച ഹൃദയത്തിന് (damaged heart), ഈ അധികഭാരം= സഹിക്കാനാവാതെ, രോഗാവസ്ഥ വേഗത്തിൽ ഗുരുതരമാകുന്നു.
ചികിത്സയിൽ പുതിയ സാധ്യതകൾ
ഇരുമ്പു കുറവ് നേരത്തേ തിരിച്ചറിയുകയും, ഫെറിറ്റിൻ ടെസ്റ്റ്, MCV, Serum Iron എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം.
സാധാരണയായി ഇരുമ്പ് ഗുളികകൾ നല്‍കാം.
എന്നാൽ ഗുരുതരമായ ഇരുമ്പുകുറവ് ഉണ്ടായാൽ Iron Infusion നല്‍കുന്നത് ഹൃദ്രോഗികളിൽ വളരെ നല്ല ഫലം നൽകുന്നു. രോഗിയുടെ ക്ഷീണം കുറയുകയും ജീവിതഗുണം മെച്ചപ്പെടുകയും ആശുപത്രിവാസം കുറയുകയും ചെയ്യുന്നു. ആൻജിയോപ്ലാസ്റ്റി, ബൈപാസ് തുടങ്ങിയ കാര്യങ്ങൾ വരെ ഒഴിവാക്കാൻ പറ്റിയെന്നു വരാം
ഹൃദ്രോഗികളിൽ രക്തക്കുറവിനെ ചെറുതായി കാണരുത്
- കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നത് നിർബന്ധമാണ്
- ഹീമോഗ്ലോബിൻ മാത്രം നോക്കാതെ, സമഗ്രമായ ഇരുമ്പ് പരിശോധനകൾ നടത്തണം.
- സമയോചിതമായ ചികിത്സ (oral അല്ലെങ്കില്‍ IV) വഴി, ഹൃദ്രോഗികളിലെ രോഗലക്ഷണങ്ങൾ വളരെ മെച്ചപ്പെടുത്താനാകും.
ഹൃദ്രോഗവും രക്തക്കുറവും ഒരുമിച്ചുവന്നാൽ അത് ഇരട്ട ഭീഷണിയാണ്. എന്നാൽ ശരിയായ പരിശോധനയും ചികിത്സയും ചെയ്താൽ രോഗിക്ക് ആരോഗ്യപരമായ വലിയ ആശ്വാസം നേടാം.