ഒരു സിഗരറ്റ് പോലും നിങ്ങളുടെ ശബ്ദത്തെ ബാധിച്ചേക്കാം; അറിയണം ‘സ്മോക്കേഴ്സ് വോയ്സ്’
text_fieldsപുകവലിക്കുമ്പോൾ ഒരാളുടെ ശബ്ദം അൽപ്പം പരുഷമായി മാറുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് യാദൃശ്ചികമല്ല. അഡെലെ, ലേഡി ഗാഗ, സാം സ്മിത്ത്, മൈലി സൈറസ്, വിശാൽ ദാദ്‌ലാനി തുടങ്ങിയ സംഗീതജ്ഞർ പോലും വർഷങ്ങളായി തുടരുന്ന പുകവലി ശീലം കാരണം തങ്ങളുടെ സിഗ്നേച്ചർ ശബ്ദത്തിൽ വ്യത്യാസം വന്നതായി തുറന്ന് പറഞ്ഞിട്ടുണ്ട്. പുകവലി തീർച്ചയായും ശബ്ദത്തെ ഗുരുതരമായി ബാധിക്കും. പുകവലി ശീലമാക്കിയ പലർക്കും ശബ്ദത്തിൽ മാറ്റങ്ങൾ വരുന്നത് സാധാരണമാണ്. ഇതിനെ പലപ്പോഴും ‘സ്മോക്കേഴ്സ് വോയ്സ്’ എന്ന് വിശേഷിപ്പിക്കാറുണ്ട്. പുകയിലയിലെ ദോഷകരമായ രാസവസ്തുക്കൾ തൊണ്ടയിലെയും ശബ്ദനാളത്തിലെയും അതിലോലമായ കോശങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ഇതിന് കാരണം.
ഒരു സിഗരറ്റ് പോലും തൊണ്ടയിൽ അസ്വസ്ഥത, വരൾച്ച, താൽക്കാലിക വീക്കം എന്നിവക്ക് കാരണമാകും. ഇടക്കിടെ പുകവലിക്കുന്നത് സ്ഥിരമായ കേടുപാടുകൾക്ക് കാരണമാകില്ലെങ്കിലും ആവർത്തിച്ചുള്ള പുകവലി വിട്ടുമാറാത്ത വീക്കം, വോക്കൽ കോഡുകൾ കട്ടിയാകൽ, ചില സന്ദർഭങ്ങളിൽ നോഡ്യൂളുകൾ അല്ലെങ്കിൽ പോളിപ്സ് രൂപപ്പെടൽ എന്നിവക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. പുക ശ്വസിക്കുമ്പോൾ അത് നേരിട്ട് ശബ്ദനാളം വഴി കടന്നുപോകുന്നു. പുകയിലെ രാസവസ്തുക്കൾ ഈ നാളങ്ങളെ പ്രകോപിപ്പിച്ച് വീക്കമുണ്ടാക്കുന്നു. വീങ്ങിയ നാളങ്ങൾ ശരിയായി വിറക്കാത്തതിനാൽ ശബ്ദത്തിന് ഘനവും പരുപരുത്ത സ്വഭാവവും സംഭവിക്കുന്നു.
ചൂട്, രാസവസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ വരൾച്ച, വീക്കം, പരുക്കൻ സ്വഭാവം എന്നിവക്ക് കാരണമാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ശബ്ദനാളങ്ങൾക്ക് വീക്കം വരുമ്പോൾ അവയുടെ ഭാരം കൂടുന്നു. ഇത് അവയുടെ കമ്പനം കുറക്കുന്നു. തൽഫലമായി പുരുഷന്മാരിലും സ്ത്രീകളിലും ശബ്ദം സാധാരണ നിലയേക്കാൾ കൂടുതൽ ആഴമുള്ളതും കനത്തതുമായി മാറുന്നു. പുകവലി ശീലം ശബ്ദനാളത്തിൽ മുഴകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് സ്ഥിരമായ ശബ്ദമാറ്റങ്ങൾക്ക് കാരണമാകാം. ഇത് തൊണ്ടയിലെയും ശബ്ദനാളത്തിലെയും കാൻസറിനുള്ള ഒരു പ്രധാന കാരണമാണ്. ലാരിൻജിയൽ കാൻസർ വന്നാൽ ചിലപ്പോൾ ശബ്ദനാളം നീക്കം ചെയ്യേണ്ടിവരികയും ചെയ്യും.
ഓരോ വ്യക്തിയിലും വ്യത്യസ്തം
പുകവലി ഒരു ഗായകന്റെ ശബ്ദത്തെ എങ്ങനെ ബാധിക്കുന്നു എന്നത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലർക്ക് ഇത് അവരുടെ കരിയറിനെത്തന്നെ ദോഷകരമായി ബാധിച്ചേക്കാം. പുകവലി ഒരിക്കലും ആരോഗ്യകരമായ ശീലമല്ല. ഇത് ശബ്ദനാളങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ദീർഘകാലാടിസ്ഥാനത്തിൽ ശബ്ദശേഷി കുറക്കുകയും ചെയ്യും. പുകവലി ഫ്രാങ്ക് സിനാട്രയുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. തുടക്കത്തിൽ അദ്ദേഹത്തിന്‍റെ മനോഹരമായ ശബ്ദം നിലനിർത്താൻ കഴിഞ്ഞെങ്കിലും പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഉയർന്ന സ്വരങ്ങൾ ദുർബലമാവുകയും ശബ്ദം കനം കൂടിയതാകുകയും ചെയ്തു.
ഒരു സമയത്ത് അമിതമായി പുകവലിച്ചിരുന്ന ഗായികയാണ് അഡേൽ. ഇത് അവരുടെ ശബ്ദത്തിന് കേടുപാടുകൾ വരുത്തി. പിൽക്കാലത്ത് ശബ്ദം മെച്ചപ്പെടുത്താനും ശസ്ത്രക്രിയ അടക്കം ചെയ്യാനും ഇത് കാരണമായി. ലാനാ ഡെൽ റേയുടെ ശബ്ദത്തിനും പുകവലി കാരണം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അവരുടെ ശബ്ദത്തിന്റെ ശ്രേണിയും പാടുന്ന രീതിയും മുമ്പത്തേക്കാൾ വ്യത്യാസമുള്ളതായി പല സംഗീത നിരൂപകരും ചൂണ്ടിക്കാണിക്കുന്നു.
ലേഡി ഗാഗയുടെ കാര്യത്തിലും പുകവലി ശബ്ദത്തെ ബാധിച്ചിട്ടുണ്ട്. അവർ ഒരു ദിവസം 40 സിഗരറ്റുകൾ വരെ വലിക്കുമായിരുന്നു എന്നും അത് നിർത്തുന്നത് വളരെ ദുഷ്കരമായ അനുഭവമായിരുന്നു എന്നും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പുകവലി കാരണം ഒരു ഘട്ടത്തിൽ ശബ്ദനാള പ്രശ്നങ്ങൾ ഉണ്ടാവുകയും ഇത് അവരുടെ ആലാപനരീതിയെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹൗസ് ഓഫ് ഗുചി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഈ ശീലം ഉപേക്ഷിക്കേണ്ടി വന്നുവെന്നും, അത് ജീവിതത്തെ തിരികെ കൊണ്ടുവരാൻ സഹായിച്ചുവെന്നും ലേഡി ഗാഗ പറഞ്ഞിട്ടുണ്ട്.
പുകവലി നിർത്തിയാൽ ഈ അവസ്ഥ മെച്ചപ്പെടുമോ?
പുകവലി നിർത്തിയാൽ ശബ്ദനാളങ്ങളുടെ വീക്കം കുറയുകയും ശബ്ദം പഴയ നിലയിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ട്. പുകവലി നിർത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ തൊണ്ടയിലെ പ്രകോപനം കുറയുന്നത് നിങ്ങൾക്ക് അനുഭവപ്പെടാം. ഏതാനും ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷം ശബ്ദത്തിൽ വ്യക്തമായ മാറ്റങ്ങൾ കാണാൻ തുടങ്ങും. വീക്കം കുറയുന്നതനുസരിച്ച് ശബ്ദം കൂടുതൽ സുഗമമാകും. ദീർഘകാലമായി പുകവലിക്കാത്ത ഒരാളാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ ശബ്ദം പൂർണ്ണമായും പഴയ നിലയിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ട്.
എന്നാൽ ദീർഘകാല പുകവലി കാരണം ശബ്ദനാളത്തിന് സ്ഥിരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ശബ്ദമാറ്റം പൂർണമായും പഴയ പടിയാകണമെന്നില്ല. നിങ്ങൾ എത്ര കാലം പുകവലിച്ചു, എത്രമാത്രം പുകവലിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. വർഷങ്ങളോളം അമിതമായി പുകവലിച്ച ഒരാളുടെ ശബ്ദനാളങ്ങളിൽ സ്ഥിരമായ കോശമാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, ശബ്ദം പൂർണ്ണമായും പഴയതുപോലെയാകണമെന്നില്ല. പുകവലി കാരണം ശബ്ദനാളത്തിൽ സിസ്റ്റുകൾ, അല്ലെങ്കിൽ മറ്റ് മുഴകൾ എന്നിവ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ പുകവലി നിർത്തിയാൽ മാത്രം അവ അപ്രത്യക്ഷമാകില്ല. അത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ സഹായം തേടേണ്ടിവരും. ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ശബ്ദത്തിൽ സ്ഥിരമായ മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിക്കുന്നത് വളരെ പ്രധാനമാണ്.