വൃക്കകളെ തകരാറിലാക്കാതെ ഹെയർ ഡൈ എങ്ങനെ ഉപയോഗിക്കാം?
text_fieldsഹെയർ ഡൈ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? ഹെയർ ഡൈയിലുപയോഗിക്കുന്ന പല കെമിക്കലുകളും വൃക്കകളെ പരോക്ഷമായി ദോഷം ചെയ്യുന്നവയാണ്. ഡൈയിലുപയോഗിക്കുന്ന പാര ഫെനിലിനെഡിയമൈൻ(പി.പി.ഡി) ആണ് വൃക്കകളെ തകരാറിലാക്കുന്നത്.
തുടർച്ചയായി ഹെയർ ഡൈ ഉപയോഗിക്കുന്നത് വൃക്ക രോഗങ്ങൾക്ക് കാരണമാകുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഹെയർ ഡൈ ഉപയോഗിക്കുന്ന വലിയൊരു സമൂഹം വളർന്നു വരുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമാണിത്.
കളർ ചെയ്യുന്ന സമയത്ത് തലയോട്ടിയിലെ ചർമത്തിലൂടെയാണ് അതിലെ ഘടകങ്ങൾ ഉള്ളിലെത്തുന്നത്. ഈ രാസ ഘടകങ്ങൾ അലർജിക് റിയാക്ഷനുകൾ ഉണ്ടാക്കുമെന്ന് മാത്രമല്ല. രക്തത്തിൽ കലർന്ന് കഴിഞ്ഞാൽ കൂടുതൽ അപകടകാരിയാകും. ശരീരത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഭാഗമാണ് തലയോട്ടിയിലെ ചർമം. മാത്രമല്ല ഇവിടെ രക്തക്കുഴലുകൾ ധാരാളം ഉള്ളതുകൊണ്ട് തന്നെ ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.
എന്നാൽ സുരക്ഷിതമായി ഹെയർ ഡൈ ചെയ്യാനുള്ള മാർഗങ്ങളും ഉണ്ട്.
രക്തത്തിലെത്തുന്ന പി.പി.ഡി പോലുള്ള രാസ വസ്തുക്കൾ അരിച്ചെടുത്ത് ശുദ്ധീകരിക്കുകയാണ് വൃക്കകളുടെ ജോലി. സെൻസിറ്റീവായ തലയോട്ടിയിലെ ചർമത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ചാൽ വൃക്കകൾക്ക് അധിക പണിയാകും. ഇത് ചർമത്തിൽ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കും.
ഇത്തരത്തിലുണ്ടാകുന്ന അലർജിക് പ്രശ്നങ്ങൾ
- ചൊറിച്ചിൽ
- വീക്കം
- ചുവന്ന് തടിക്കൽ
- പൊള്ളൽ
ഹെയർ ഡൈ അലർജിയുള്ളവരിൽ വിട്ടുമാറാത്ത വീക്കം ഉണ്ടാകും. ഡയബറ്റിക്സ്, ഹൈപ്പർ ടെൻഷൻ, വൃക്ക രോഗങ്ങൾ ഒക്കെ ഉള്ളവർ ഹെയർ ഡൈ ഒഴിവാക്കുന്നതാണ് നല്ലത്. എല്ലാ മാസങ്ങളിലും, അല്ലെങ്കിൽ ആഴ്ചയിൽ രണ്ട് തവണയോ ഒക്കെ ഹെയർ ഡൈ ചെയ്യുന്നവരും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
വൃക്കകളെ സുരക്ഷിതമാക്കിക്കൊണ്ട് എങ്ങനെ കളർ ചെയ്യാം?
പാച്ച് ടെസ്റ്റ്: ഹെയർ ഡൈ മുഴുവനായി ചെയ്യുന്നതിനു മുമ്പ് അത് ചർമത്തിന്‍റെ ഒരു വശത്ത് തേച്ച് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ഇത് ഹെയർ ഡൈ നിങ്ങൾക്കനുയോജ്യമാണോ എന്ന് മനസിലാക്കാൻ സഹായിക്കും.
ഹെയർ ഡൈ ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കുക. ഒപ്പം പെട്രോളിയം ജെല്ലി പോലുള്ള ബാരിയർ ക്രീമുകളും ഉപയോഗിക്കുക.
പാക്കേജിൽ നിർദേശിക്കുന്ന സമയത്തിനപ്പുറം ഡൈ തലയോട്ടിയിൽ വെക്കരുത്.
കൃത്രിമ വസ്തുക്കൾ ചേർത്ത ഹെയർ ഡൈക്ക് പകരം ഹെന്ന പോലുള്ള പ്രകൃതി ദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം. നിങ്ങൾ ഉപയോഗിക്കുന്ന ഹെയർഡൈയിൽ അമോണിയയും പി.പി.ഡിയും ഇല്ലെന്ന് ഉറപ്പ് വരുത്തുക.
പെർമനന്‍റ് ഹെയർ ഡൈക്ക് പകരം സെമി പെർമനന്‍റ് ഹെയർ ഡൈ ഉപയോഗിക്കാം. കാരണം ഇവയിൽ ആദ്യത്തേതിനെ അപേക്ഷിച്ച് രാസ ഘടകങ്ങൾ കുറവായിരിക്കും. ആരോഗ്യത്തെ ബാധിക്കാത്ത സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.


