ഐസ് പാക്കോ ഹീറ്റ് പാഡോ? പരിക്കേറ്റാൽ ഇതിലേതാണ് ഉപയോഗിക്കേണ്ടത്
text_fieldsകഴുത്തിനോ കൈകാലുകൾക്കോ വേദന ഉണ്ടായാൽ ഹീറ്റ് ബാഗോ ഹോട്ട് പാക്കോ വെക്കുന്നതിനെപ്പറ്റിയാണ് എല്ലാവരും ആലോചിക്കുക. എന്നാൽ ഇതിലേതാണ് യഥാർഥത്തിൽ തെരഞ്ഞെടുക്കേണ്ടത്? പരിക്കിന്‍റെ സ്വഭാവം, സമയം എന്നിവക്കനുസരിച്ച് ഇതിന്‍റെ ഉത്തരം മാറും. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് പരിക്ക് മോശമാക്കും.
പരിക്കേറ്റാൽ ആദ്യം ഐസ് പാക്കും പിന്നീട് ഹോട്ട് പാക്കും ഉപയോഗിക്കണമെന്നാണ് ഫിസിയോ തെറാപ്പിസ്റ്റുകൾ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന പരിക്കുകൾ, നീര്, വേദന എന്നിവക്ക് തണുപ്പ് ഫലം ചെയ്യുമെന്ന് ഇവർ പറയുന്നു. അതിനുശേഷം ഫ്ലെക്സിബിലിറ്റിക്കും രക്ത ചംക്രമണം ശരിയാക്കാനും ഹോട്ട് പാക്ക് ഉപയോഗിക്കാം.
കണങ്കാലിൽ ബുദ്ധിമുട്ട്, പേശീ പിരിമുറുക്കം, ചതവ് എന്നിവക്ക് ഐസ് വാട്ടർ ഉപയോഗിക്കാം. 24 മുതൽ 72 മണിക്കൂർ വരെ ഇത് ഉപയോഗിക്കാം. ഇത്തരത്തിൽ ഐസ് ബാഗ് ഉപയോഗിക്കുന്നത് രക്തക്കുഴലുകളിലെ ചതവ് പരിഹരിച്ച് വേദന കുറക്കുന്നു.
ഐസ് ബാഗ് എങ്ങനെ ഉപയോഗിക്കണം
കട്ടി കുറഞ്ഞ ടവ്വലിൽ ഐസ് പൊതിഞ്ഞ് പരിക്കേറ്റ ഭാഗത്ത് പിടിക്കുക. ശരീരത്തിൽ നേരിട്ട് പിടിക്കരുത്. പരിക്കേറ്റ ഭാഗത്ത് ഇത് 15 മുതൽ 20 മിനിട്ട് വരെ പിടിക്കാം. ദിവസവും മൂന്ന് നേരം മൂന്ന് ദിവസം വരെ ഇങ്ങനെ ചെയ്യുന്നത് വേദന ശമിപ്പിക്കും.
ഹീറ്റ് തെറാപ്പി
വീക്കം കുറഞ്ഞ് കഴിഞ്ഞാൽ 48 മണിക്കൂറിനു ശേഷം ഹോട്ട് ബാഗ് ഉപയോഗിക്കാം. തുടർച്ചയായ വേദനയും പേശീവലിവും കുറക്കാൻ ഇത് സഹായിക്കും. ഇളം ചൂട് വെള്ളമാണ് ഹോട്ട് ബാഗിനായി ഉപയോഗിക്കേണ്ടത്. ഒരു ബോട്ടിലിൽ വെള്ളം നിറച്ച് 15-20 മിനിട്ട് ഉപയോഗിക്കാം.


