വൻകുടലിൽ വിള്ളൽ വീണാൽ പ്രശ്നം ഗുരുതരം; അറിയാം പരിഹാരവും നൂതന ചികിത്സാ മാർഗങ്ങളും
text_fieldsപ്രതീകാത്മക ചിത്രം
ഒരു സർജിക്കൽ ഗാസ്ട്രോഎൻട്രോളജിസ്റ്റ് എന്ന നിലയിൽ എന്റെ മെഡിക്കൽ കരിയറിൽ കണ്ടിട്ടുള്ള ഏറ്റവും സങ്കീർണമായ കേസുകളിലൊന്നാണ് രമണിയുടേത് (പേര് സാങ്കൽപ്പികം). മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് അവർ ചികിത്സക്കായി ഞങ്ങളുടെ അടുക്കൽ എത്തുന്നത്. നേരത്തെ കഠിനമായ വയറുവേദനയെ തുടർന്ന് ഇവരെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ വയറിനുള്ളിൽ പഴുപ്പുണ്ടെന്ന് കണ്ടെത്തുകയും (Abdominal Abscess) അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. ആ ശസ്ത്രക്രിയയ്ക്കിടെയാണ് വയറിനുള്ളിൽ മലത്തിന്റെ സാന്നിധ്യം അവിടുത്തെ ഡോക്ടർമാർ കണ്ടെത്തുന്നത്. ഇതൊരു അതീവ ഗുരുതരമായ സാഹചര്യമാണ്. 'ഡൈവെർട്ടിക്കുലാർ പെർഫൊറേഷൻ' (Diverticular Perforation) അഥവാ വൻകുടലിൽ വിള്ളൽ വീണ് മലം ഉദരാശയത്തിലേക്ക് വ്യാപിച്ച അവസ്ഥയായിരുന്നു അത്.
എന്താണ് ഈ രോഗാവസ്ഥ?
പലപ്പോഴും നിരുപദ്രവകാരിയായി കാണപ്പെടുന്ന 'ഡൈവെർട്ടിക്കുലോസിസ്' (Diverticulosis) എന്ന അവസ്ഥയിൽ നിന്നാണ് ഇതിന്റെ തുടക്കം. വൻകുടലിന്റെ ഭിത്തിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ചെറിയ സഞ്ചികൾ (Diverticula) രൂപം കൊള്ളുന്നതിനെയാണ് ഇങ്ങനെ വിളിക്കുന്നത്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ഇത് സാധാരണമാണെങ്കിലും ചെറുപ്പക്കാരിലും ഇതിപ്പോൾ കണ്ടുവരുന്നുണ്ട്. ഈ സഞ്ചികളിൽ അണുബാധയുണ്ടാകുമ്പോൾ പനി, വിറയൽ, ഓക്കാനം, ഛർദി, പ്രത്യേകിച്ച് വയറിന്റെ ഇടതുവശത്ത് താഴെയായി കഠിനമായ വേദന, ആ ഭാഗത്ത് കൈകൊണ്ട് തൊടുമ്പോൾ അനുഭവപ്പെടുന്ന കല്ലിപ്പ് എന്നിവ ഉണ്ടാകാം. ഈ അണുബാധയും വീക്കവും കൂടുന്നതോടെ ആ സഞ്ചിയിൽ സമ്മർദം കൂടുകയും അത് പൊട്ടി വൻകുടലിൽ ഒരു ദ്വാരം അഥവാ വിള്ളൽ വീഴുകയും ചെയ്യുന്നു.
പെരിട്ടോണിറ്റിസും ഹാർട്ട്മാൻസ് പ്രൊസീജിയറും
ഇത്തരത്തിൽ വിള്ളൽ സംഭവിക്കുമ്പോൾ വൻകുടലിനുള്ളിലെ മലവും ദഹനരസങ്ങളും ബാക്ടീരിയകളും ഉദരാശയത്തിലേക്ക് കലരും. ഇത് 'പെരിട്ടോണിറ്റിസ്' (Peritonitis) എന്നറിയപ്പെടുന്ന ജീവന് ഭീഷണിയാകുന്ന അണുബാധക്ക് കാരണമാകും. രമണിയുടെ കാര്യത്തിൽ സംഭവിച്ചത് ഇതാണ്. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ രോഗിയുടെ ജീവൻ രക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണന. അതിനാൽ, 'ഹാർട്ട്മാൻസ് പ്രൊസീജിയർ' എന്ന ശസ്ത്രക്രിയക്ക് ഇവരെ നേരത്തെ ചികിത്സിച്ച ഡോക്ടർ വിധേയമാക്കിയിരുന്നു. ഈ ശസ്ത്രക്രിയക്ക് പ്രധാനമായും മൂന്ന് ഘട്ടങ്ങളുണ്ട്. ആദ്യമായി വിള്ളൽ വീണതും അണുബാധ ബാധിച്ചതുമായ വൻകുടലിന്റെ ഭാഗം മുറിച്ചു മാറ്റുന്നു (Resection).
രണ്ടാമത്തെ ഘട്ടത്തിൽ മുറിച്ചുമാറ്റിയ ഭാഗത്തിന് തൊട്ടുമുമ്പുള്ള കുടലിന്റെ അറ്റം വയറിന് പുറത്ത് ചർമത്തിലൂടെ കൊണ്ടുവന്ന് ഒരു സ്റ്റോമ ആക്കി വെക്കുന്നു. ഇതിനെ കോളസ്റ്റമി എന്ന് പറയുന്നു. മലവിസർജ്ജനം താൽക്കാലികമായി ഇതിലൂടെ ഘടിപ്പിക്കുന്ന ബാഗിലേക്ക് നടക്കും. അവസാനമായി വൻകുടലിന്റെ താഴ്ഭാഗം അതായത് മലാശയവുമായി ചേരുന്ന ഭാഗം തുന്നലുകൾ ഉപയോഗിച്ച് അടച്ചുവെക്കുന്നു. ഇതോടൊപ്പം ഉദരാശയം മുഴുവൻ അണുവിമുക്തമായ ദ്രാവകം ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കി അണുബാധ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. രമണിക്കും ഇതേ ശസ്ത്രക്രിയയാണ് ആദ്യ ഘട്ടത്തിൽ നേരത്തെ ചികിത്സിച്ച ഡോക്ടർമാർ ചെയ്തത്.
സങ്കീർണതകൾ
എന്നാൽ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞിട്ടും രമണിക്ക് അണുബാധ കുറഞ്ഞിരുന്നില്ല. പനിയും വയറുവേദനയും അവർക്ക് അനുഭവപ്പെടുന്നതും പതിവായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് നടത്തിയ സി.ടി സ്കാൻ പരിശോധനയിൽ കരളിനും ഉദരാശയ ഭിത്തിക്കും ഇടയിലായി വീണ്ടും പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനുള്ള സ്റ്റാൻഡേർഡ് ചികിത്സ 'പിഗ്‌ടെയിൽ കത്തീറ്റർ' എന്ന ഒരു ചെറിയ കുഴൽ പുറത്തുനിന്ന് ഇട്ട് ഈ പഴുപ്പ് പുറത്തേക്ക് വലിച്ചുകളയുക എന്നതാണ് (Percutaneous Drainage).
എന്നാൽ നിർഭാഗ്യവശാൽ ഈ പിഗ്‌ടെയിൽ കുഴൽ വൻകുടലിലേക്ക് തുളച്ചുകയറിയ അവസ്ഥയുണ്ടായി എന്നുവേണം പറയാൻ. ഇത് 'അയോട്രോജെനിക് ഫിസ്റ്റുല'(ചികിത്സയുടെ ഭാഗമായി അബദ്ധത്തിൽ സംഭവിക്കുന്ന ദ്വാരം) എന്ന അവസ്ഥയിലേക്ക് രോഗിയെ നയിച്ചു. ഇതോടെ പഴുപ്പിനോടൊപ്പം വൻകുടലിൽ നിന്നുള്ള മലവും കലർന്ന ദ്രാവകം ആ കുഴലിലൂടെ പുറത്തേക്ക് വരാൻ തുടങ്ങിയത് രോഗിയെ കൂടുതൽ അപകടാവസ്ഥയിലാക്കി. ഒരു ദിവസം ഒന്നര ലിറ്ററോളം ദ്രാവകം ഇത്തരത്തിൽ നഷ്ടപ്പെടുന്നത് രോഗിയുടെ ആരോഗ്യനില വീണ്ടും വഷളാക്കി. ഇത്രയും സങ്കീർണതയുമായാണ് രമണി എന്റെ അടുക്കൽ ചികിത്സക്ക് എത്തുന്നത്.
അഡ്വാൻസ്ഡ് എൻഡോസ്കോപ്പിക് ക്ലിപ്പിങ്
ഈ ഘട്ടത്തിൽ മറ്റൊരു വലിയ ശസ്ത്രക്രിയ അസാധ്യമായിരുന്നു. അതിനാൽ ഞങ്ങൾ ഒരു കൊളനോസ്‌കോപ്പി ചെയ്യാൻ തീരുമാനിച്ചു. വൻകുടലിലൂടെ കാമറ കടത്തി നടത്തിയ പരിശോധനയിൽ, പിഗ്‌ടെയിൽ കുഴൽ ഉണ്ടാക്കിയ ക്ഷതം അഥവാ ദ്വാരം കൃത്യമായി കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചു. തുടർന്ന് കൊളനോസ്‌കോപ്പിലൂടെ തന്നെ കടത്തിവിടാവുന്ന പ്രത്യേകതരം മെറ്റൽ ക്ലിപ്പുകൾ (Endoscopic Clips) ഉപയോഗിച്ച് ഞങ്ങൾ ആ ദ്വാരം വിജയകരമായി അടച്ചു. മൂന്ന് ദിവസത്തിനകം ആ ദ്വാരം പൂർണമായി ഉണങ്ങുകയും ഫിസ്റ്റുല അടയുകയും ചെയ്തു.
റിവേഴ്‌സൽ ഓഫ് ഹാർട്ട്മാൻസ് പ്രൊസീജിയർ
അണുബാധ പൂർണമായി ഭേദമായ ശേഷം രമണി ആരോഗ്യം വീണ്ടെടുത്തപ്പോൾ ചികിത്സയുടെ അവസാന ഘട്ടത്തിലേക്ക് ഞങ്ങൾ കടന്നു. 'റിവേഴ്‌സൽ ഓഫ് ഹാർട്ട്മാൻസ് പ്രൊസീജിയർ' അഥവാ കോളസ്റ്റമി അടക്കാനുള്ള ശസ്ത്രക്രിയ. ആദ്യ ശസ്ത്രക്രിയയിൽ പുറത്തേക്ക് വെച്ചിരുന്ന വൻകുടലിന്റെ അറ്റത്തെ നേരത്തെ അടച്ചുവെച്ചിരുന്ന മലാശയവുമായി തിരികെ കൂട്ടിയോജിപ്പിക്കുന്ന സങ്കീർണമായ ഒരു ശസ്ത്രക്രിയയാണിത്. മുമ്പത്തെ ശസ്ത്രക്രിയ മൂലമുള്ള ഒട്ടലുകൾ (Adhesions) കാരണം ഇത് പലപ്പോഴും ബുദ്ധിമുട്ടേറിയതാണ്.
എങ്കിലും ഒരു താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഞങ്ങൾ അത് വിജയകരമായി പൂർത്തിയാക്കി. ഈ അവസാന ഘട്ട ശസ്ത്രക്രിയയോടെ രമണി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു. മലം സാധാരണഗതിയിൽ ശരീരത്തിന് പുറത്തുപോകാൻ തുടങ്ങി. ഡൈവെർട്ടിക്കുലാർ പെർഫൊറേഷൻ എന്ന അതീവ ഗുരുതരാവസ്ഥയിൽ നിന്ന് ഒന്നിലധികം സങ്കീർണതകളെ അതിജീവിച്ച രോഗി ആധുനിക സർജറിയുടെയും അഡ്വാൻസ്ഡ് എൻഡോസ്കോപ്പിയുടെയും സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങിവന്നു.
ഒരു രോഗിയെ സംബന്ധിച്ച് കഠിനമായ വയറുവേദന മാത്രമായിരിക്കാം തുടക്കം. എന്നാൽ പനിയോടുകൂടിയോ അല്ലാതെയോ ഉണ്ടാകുന്ന അതികഠിനമായ വയറുവേദന ഒരിക്കലും അവഗണിക്കരുത്. അത് വൻകുടലിലെ വിള്ളൽ പോലുള്ള ഒരു സർജിക്കൽ എമർജൻസിയുടെ ലക്ഷണമാകാം. കൃത്യസമയത്തുള്ള രോഗനിർണയവും ചികിത്സയും ജീവൻ രക്ഷിക്കാൻ അനിവാര്യമാണ്.


