മാമ്പഴം കഴിച്ചാൽ മുഖക്കുരു വരുമോ?
text_fieldsമാമ്പഴക്കാലമടുക്കുമ്പോൾ സ്ഥിരം കേൾക്കുന്നൊരു കാര്യമാണ് അധികം കഴിക്കേണ്ട മുഖത്ത് കുരുക്കൾ വരുമെന്ന്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഡെർമറ്റോളജിസ്റ്റ് ഡോ. അഞ്ചൽ പന്ത് മാങ്ങ കഴിക്കുമ്പോൾ ശരീരത്തിൽ എന്ത് സംഭവിക്കുമെന്ന് വിശദമാക്കുന്നു.
മാങ്ങ കഴിച്ചതുകൊണ്ട് കുരുക്കൾ വരില്ല, എന്നാൽ കഴിക്കുന്നതിന്‍റെ അളവ് കൂടിയാൽ ചില ആളുകളിൽ മുഖക്കുരു വരാറുണ്ട്. പ്രത്യേകിച്ച് നേരത്തെ തന്നെ മുഖത്ത് കുരുക്കൾ വന്നിട്ടുള്ളവരിൽ ഇത് കൂടുമെന്നാണ് ഡോക്ടർ പറയുന്നത്. മാങ്ങയിൽ പ്രകൃതി ദത്തമായി ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അമിതമായി മാങ്ങ കഴിക്കുമ്പോൾ ശരീരത്തിലെ ഗ്ലൈസമിക്കിന്‍റെ അളവ് കൂടും. ഇത് ശരീരത്തിൽ ഇൻസുലിനും ഐ.ജി.എഫ്-1 ലെവലും കൂട്ടും. ഇത് കുരുക്കളുടെ പ്രധാന കാരണമായ ഇൻഫ്ലമേഷനും എണ്ണമയവും വർധിപ്പിക്കുന്നു.
കുരുക്കളെ ഭയന്ന് മാങ്ങ കഴിക്കാതിരിക്കേണ്ടതില്ലെന്ന് ഡോക്ടർ പറയുന്നു. വൈറ്റമിനുകളും, ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എത്ര കഴിക്കാം എന്നാണ് ഇനി അറിയേണ്ടത്. ഒരു ദിവസം ഒരാൾക്ക് 150 മുതൽ 200 ഗ്രാം വരെ മാങ്ങ കഴിക്കാം. പഞ്ചസാര ചേർത്ത ഭക്ഷണ പദാർഥങ്ങളായും മറ്റും മാങ്ങ കഴിക്കുന്നതിനു പകരം സമീകൃത ആഹാരമായി കഴിക്കാനാണ് ഡോക്ടർ നിർദേശിക്കുന്നത്. ശരീരം ഉള്ളിലെ വിഷാംശം പുറത്ത് വിടുന്നതാണ് കുരുക്കളായി വരുന്നതെന്നത് മിഥ്യയാണെന്ന് ഡോക്ടർ പറയുന്നു.
ശരീരത്തിലെ എണ്ണമയം, ചർമത്തിലെ അടഞ്ഞ സുഷിരങ്ങൾ, ഹോർമോൺ, ഇൻഫ്ലമേഷൻ എന്നിവയൊക്കെയാണ് കുരുക്കൾ വരാനുള്ള പ്രധാന കാരണം. മുഖത്ത് കുരുക്കൾ വന്നാൽ അത് ചർമത്തിന് വൃത്തിയില്ലാത്തതുകൊണ്ടാണെന്ന് കരുതരുതെന്ന് ഡോക്ടർ പറയുന്നു. കുരുക്കളെ പേടിച്ച് മാങ്ങ കഴിക്കാതിരിക്കുകയല്ല, മറിച്ച് കഴിക്കുന്നതിന്‍റെ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ഒപ്പം ചർമ സംരക്ഷണവും.


