വായിലെ കാൻസർ അപകടകാരിയോ?
text_fieldsപ്രതീകാത്മക ചിത്രം
‘വായിൽ ചെറിയൊരു മുറിവുണ്ടായിരുന്നു. ആദ്യം ചെറിയ കാര്യമാണെന്ന് കരുതി. രണ്ടു മൂന്ന് ആഴ്ചയായി മാറാത്തപ്പോൾപോലും ഗൗനിച്ചില്ല. ഭക്ഷണം കഴിക്കുമ്പോൾ വേദന തോന്നി, പിന്നീട് രക്തസ്രാവവും തുടങ്ങി. ഡോക്ടറെ കാണാൻ പോയപ്പോൾ കിട്ടിയ മറുപടി വായിലെ കാൻസറിന്റെ പ്രാരംഭ ഘട്ടം എന്ന്.’ ഒരു 48കാരന്റെ കഥയാണിത്. കേരളത്തിലെ പലരും അനുഭവിക്കുന്ന യാഥാർഥ്യത്തിന്റെ പ്രതിഫലനം.
കേരളത്തിലെ സ്ഥിതി
കേരളത്തിൽ കൂടുതലായി കണ്ടുവരുന്ന കാൻസറുകളിൽ ഒന്നാണ് വായിലെ കാൻസർ. ആൺകുട്ടികളിലും, മധ്യവയസ്കരിലും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗമാണിത്. നാഷനൽ കാൻസർ രജിസ്ട്രിയിലെ വിവരങ്ങൾ പ്രകാരം, കേരളത്തിലെ മുഴുവൻ കാൻസർ കേസുകളിൽ ഏകദേശം 30-40 ശതമാനം വായ് സംബന്ധമായ കാൻസറുകളാണ്. ഇതിനു പിന്നിലെ പ്രധാന കാരണം ആരോഗ്യത്തിന് ദോഷകരമായ ജീവിതൈശലികളാണ്.
ആദ്യ ലക്ഷണങ്ങൾ
വായിലെ കാൻസർ ആദ്യഘട്ടത്തിൽ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ:
- മാറാതെ തുടരുന്ന മുറിവുകൾ/ പുണ്ണുകൾ.
- ചുവന്നോ വെളുത്തോ ആയ പാടുകൾ.
- ഭക്ഷണം കഴിക്കുമ്പോൾ വേദന.
- അധരം, നാവ്, കവിൾ എന്നിവിടങ്ങളിൽ പൊള്ളലുകൾ.
- കാരണമില്ലാത്ത രക്തസ്രാവം.
- വായിൽ എന്തോ കട്ടയായിരിക്കുന്ന തോന്നൽ, സംസാരിക്കാൻ ബുദ്ധിമുട്ട്.
ഇത്തരം ലക്ഷണങ്ങൾ ഒരു ആഴ്ചക്കപ്പുറം മാറാതെ തുടരുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണണം. വായിൽ ചെറിയൊരു മുറിവോ പാടോ വന്നാൽ അത് പലപ്പോഴും സാധാരണ കാര്യമാണെന്ന് കരുതുന്ന തെറ്റാണ് നമ്മൾ ചെയ്യുന്നത്. പക്ഷേ, ചെറിയ കാര്യങ്ങൾപോലും കാൻസറിന്റെ ആദ്യഘട്ട സൂചനയായിരിക്കാം. അതിനാൽ, രോഗലക്ഷണങ്ങളെ അവഗണിക്കാതെ ഉടൻ വിദഗ്ധരെ കാണണം.
മുഖ്യകാരണങ്ങൾ
- പുകയില: സിഗരറ്റ്, ബീഡി, പുകയില ചവക്കൽ ഇവയാണ് വായിലെ കാൻസറിന് പ്രധാന കാരണം.
- മദ്യം: സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവർക്കും അപകടസാധ്യത കൂടുതലാണ്.
- ഇരട്ടിയായ അപകടം: പുകയിലയും മദ്യവും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് അപകടസാധ്യത ഇരട്ടിയിലധികം വർധിക്കുന്നു.
- മറ്റ് കാരണങ്ങൾ: Human Papilloma Virus (HPV) ഇൻഫെക്ഷൻ, തെറ്റായ ഡെഞ്ചറുകൾ, പല്ലുകളുടെ തെറ്റായ അലൈൻമെന്റ് മൂലമുള്ള പരിക്കുകൾ, വായ് ശുചിത്വക്കുറവ്.
ചികിത്സാ മാർഗങ്ങൾ
വായിലെ കാൻസറിന് ലഭ്യമായ ചികിത്സാ മാർഗങ്ങൾ
- ശസ്ത്രക്രിയ (Surgery)- രോഗബാധിത ഭാഗം നീക്കം ചെയ്യുക.
- റേഡിയേഷൻ തെറപ്പി- കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനായി ഉയർന്ന എനർജി റേഡിയേഷൻ.
- കീമോതെറപ്പി- മരുന്നുകളിലൂടെ കാൻസർ കോശങ്ങളെ ആക്രമിക്കുക.
ചികിത്സയുടെ വിജയം രോഗം കണ്ടെത്തുന്ന ഘട്ടത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ രോഗം തിരിച്ചറിഞ്ഞാൽ 80-90 ശതമാനം രോഗികളും പൂർണമായി സുഖപ്പെടും. എന്നാൽ, വൈകിയാൽ, രോഗം വ്യാപിക്കുകയും, ചികിത്സ ദുഷ്കരമാകുകയും, ജീവൻ അപകടത്തിലാകുകയും ചെയ്യും.
ഒരു രോഗിയുടെ അനുഭവം
‘ഡോക്ടർ നേരത്തേ കണ്ടിരുന്നെങ്കിൽ വലിയ ശസ്ത്രക്രിയ വേണ്ടിവരില്ലായിരുന്നു. ഇപ്പോൾ ജീവൻ രക്ഷിക്കാനായെങ്കിലും, സംസാരിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും ബുദ്ധിമുട്ടുണ്ട്’ -52കാരനായ ഒരു രോഗിയുടെ അനുഭവം. ഇത്തരത്തിലുള്ള കഥകൾ നമ്മെ പഠിപ്പിക്കുന്നത് അവഗണനയാണ് ഏറ്റവും വലിയ ശത്രു എന്നതാണ്.
പ്രതിരോധമാണ് ആയുധം
- പുകയിലയും മദ്യവും പൂർണമായും ഉപേക്ഷിക്കുക.
- വായ് ശുചിത്വം പാലിക്കുക. ദിവസേന ബ്രഷ് ചെയ്യുക, മൗത്ത് വാഷ് ഉപയോഗിക്കുക.
- സ്ഥിരമായി ഡെന്റൽ ചെക്കപ്പ് നടത്തുക. വർഷത്തിൽ കുറഞ്ഞത് ഒരിക്കൽ.
- ആഹാരത്തിൽ ശ്രദ്ധ: പഴം, പച്ചക്കറി, ആന്റി ഓക്സിഡന്റുകൾ ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുക.
- വിദ്യാഭ്യാസവും ബോധവത്കരണവും: കുട്ടികളിൽനിന്ന് മുതിർന്നവരിലേക്കും ബോധവത്കരണം വ്യാപിപ്പിക്കണം.
സമൂഹത്തിനുള്ള സന്ദേശം
വായിലെ കാൻസർ ഒരാളുടെ ആരോഗ്യത്തെയും ജീവിതനിലവാരത്തെയും തകർക്കുന്ന രോഗമാണ്. എന്നാൽ നമ്മുടെ ശീലങ്ങളിൽ ചെറിയ മാറ്റം കൊണ്ടുവരുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്താൽ ഇതിനെ ചെറുക്കാനാകും.